മലയാളം

വിചിന്തനം 15: ദൈവം തന്റെ സ്നേഹത്തിൽ ഒരിക്കലും പിന്മാറുന്നില്ല

“ക്രിസ്തുവും ധനികനായ യുവാധികാരിയും” — ചിത്രകാരൻ: ഹൈന്രിഖ് ഹോഫ്മാൻ

വീഡിയോ

ദൈവത്തോടു പ്രതികരിക്കുന്നത് നിങ്ങൾ നീട്ടിവയ്ക്കുന്നുണ്ടോ? അവിടുത്തെ നിരന്തരമായ വിളി നിങ്ങൾ അവഗണിക്കുന്നുണ്ടോ? ശ്രദ്ധ തിരിക്കുന്ന എണ്ണമറ്റ കാര്യങ്ങളിൽ മുഴുകി അവിടുത്തെ സ്വരം കേൾക്കാതിരിക്കുന്നുണ്ടോ? ദൈവം നിങ്ങളെ വിളിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ലെന്ന് അറിയുക. അവിടുത്തെ ശ്രവിക്കുക. മറ്റേതെങ്കിലും വഴിയിലൂടെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്താമെന്ന് തെറ്റായി കരുതുന്നതിനാലാണ് ചിലപ്പോൾ നാം ദൈവത്തോടു പ്രതികരിക്കുന്നത് നീട്ടിവയ്ക്കുന്നത്. കടന്നുപോകുന്ന ഈ ലോകം നമുക്കു വാഗ്ദാനം ചെയ്യുന്നതായി തോന്നുന്ന എന്തെങ്കിലുമോ എല്ലാംതന്നെയോ ആകാം അത്. ഓരോ ദിവസവും അത്രയേറെ പ്രലോഭനങ്ങൾ നമ്മെ വലയം ചെയ്യുന്നതിനാൽ, നാം എളുപ്പത്തിൽ ദൈവത്തെ മാറ്റിനിർത്തുകയും സമ്പൂർണ സമർപ്പണത്തോടെ അവിടുത്തെ അനുഗമിക്കുന്നതാണ് സന്തോഷത്തിന്റെ താക്കോൽ എന്നു തിരിച്ചറിയാതെ പോകുകയും ചെയ്യാം. എല്ലാ കാര്യങ്ങളിലും സമ്പൂർണ സമർപ്പണത്തോടെ അവിടുത്തെ അനുഗമിക്കുമ്പോൾ നാം അവിടുത്തെ ദൈവകരുണയ്ക്കായി നമ്മെത്തന്നെ തുറന്നുകൊടുക്കുകയും നമ്മുടെ ജീവിതം രൂപാന്തരപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്റെ കരുണയുടെ ഭാഗമല്ലാത്ത യാതൊന്നിന്റെയും ആകർഷണത്തിൽ വഞ്ചിതരാകരുത്.  അവിടുത്തോടു പ്രതികരിക്കുന്നത് നീട്ടിവയ്ക്കരുത് (കാണുക ഡയറി #9).

ഇന്ന്, നിങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ആകർഷിക്കുന്നത് എന്താണെന്ന് സത്യസന്ധമായി പരിശോധിക്കുക. ഓരോ ദിവസവും നിങ്ങൾ അന്വേഷിക്കുന്നത് എന്താണ്, അല്ലെങ്കിൽ എന്തിന്റെ വശീകരണത്തിലാണ് നിങ്ങൾ അകപ്പെടുന്നത്? സമ്പൂർണ സമർപ്പണത്തോടെ നമ്മുടെ കർത്താവിനെ അന്വേഷിക്കാൻ വീണ്ടും പ്രതിജ്ഞയെടുക്കുക; നിങ്ങളുടെ ജീവിതത്തിൽ അവിടുന്നു മാത്രം മതിയാകട്ടെ.

കർത്താവേ, ഞാൻ നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും ആകർഷിക്കപ്പെടുന്നു; അങ്ങയോടും അങ്ങയുടെ ദൈവകരുണയോടും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ഓരോ ദിവസവും അന്വേഷിക്കുന്നതായി ഞാൻ തിരിച്ചറിയുന്നു. വ്യക്തമായി കാണാനും, അങ്ങയിലേക്കും അങ്ങയുടെ അതിരുകളില്ലാത്ത കരുണാദാനത്തിന്റെ സമൃദ്ധിയിലേക്കും മാത്രം തിരിയാൻ എനിക്കാവശ്യമായ ജ്ഞാനവും ധൈര്യവും ഉണ്ടാകാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒന്നാം നോട്ടുപുസ്തകത്തെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളുടെ ആമുഖം വായിക്കുക

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ