മലയാളം

വിചിന്തനം 322: അഹങ്കാരമെന്ന തടസ്സം

ഫരിസേയനും ചുങ്കക്കാരനും, വരച്ചത് ബാരന്റ് ഫാബ്രിഷ്യസ്

വീഡിയോ

കർത്താവ് തന്റെ സമൃദ്ധമായ കരുണയാൽ രാവും പകലും നിങ്ങളുടെ അടുക്കലേക്കു വരുന്നു. നിങ്ങളുടെ ആത്മാവ് അവിടുത്തേക്കായി തുറന്നിരിക്കുമ്പോൾ അവിടുന്ന് സന്തോഷപൂർവം അതിലേക്കു പ്രവേശിക്കുന്നു. ഏറ്റവും വലിയ പോരാട്ടങ്ങൾപോലും നിങ്ങളുടെ അടുക്കലേക്കു വരുന്നതിൽനിന്ന് നമ്മുടെ കർത്താവിനെ പിന്തിരിപ്പിക്കുന്നില്ല. എന്നാൽ പ്രത്യേകിച്ച് ഒരു കാര്യം നമ്മുടെ കർത്താവിനെ അകറ്റിനിർത്തുന്നു. അതാണ് അഹങ്കാരം. അഹങ്കാരം എല്ലാ പാപങ്ങളുടെയും മാതാവാണ്; ലളിതമായി പറഞ്ഞാൽ, അത് സ്വാർഥതയാണ്. നിങ്ങളെത്തന്നെ നിങ്ങളുടെ മുഖ്യപരിഗണനയാക്കി, നിങ്ങളിലേക്കുതന്നെ ഒതുങ്ങിക്കൂടുന്ന ഒരു രീതിയാണത്. എന്നാൽ ഇതിലെ പ്രശ്നം, നിങ്ങളെത്തന്നെ സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൈവം നിങ്ങളെ സൃഷ്ടിച്ചത് എന്നതാണ്. മറ്റുള്ളവർക്ക് ഒരു ദാനമായിത്തീരുക എന്നത് നിങ്ങളുടെ സ്വഭാവത്തിൽത്തന്നെ അന്തർലീനമാണ്. ദൈവത്തിനും മറ്റുള്ളവർക്കും നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ആരാണെന്ന് കണ്ടെത്തുന്നത്; ആ സമർപ്പണത്തിലൂടെയാണ്, നിങ്ങൾ ആരായിത്തീരാനായി സൃഷ്ടിക്കപ്പെട്ടുവോ ആ വ്യക്തിയായിത്തീരുന്നത്. അതിനാൽ, സ്വയംകേന്ദ്രിതമാകാനുള്ള ശ്രമത്തിൽ അഹങ്കാരം യഥാർഥത്തിൽ നിങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അഹങ്കാരം നിങ്ങളെ നിങ്ങളിൽത്തന്നെ ഒതുക്കിനിർത്തുന്നു; മറ്റാർക്കും, ദൈവത്തിനുപോലും, ഇടം അനുവദിക്കുന്നില്ല (കാണുക ഡയറി #1563).

ഇന്ന് അഹങ്കാരമെന്ന പാപത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. ഈ പാപത്തെക്കുറിച്ച് ഒരു ആത്മപരിശോധന ഇതാ: അഹങ്കാരം നമ്മെക്കുറിച്ചുള്ള തെറ്റായ അഭിപ്രായമാണ്; നാം അല്ലാത്ത ഒന്നാണ് നാമെന്ന തെറ്റായ ധാരണയാണ്. ചിന്തയിലോ സംസാരത്തിലോ പ്രവൃത്തിയിലോ മറ്റുള്ളവരെക്കാൾ മേലെയാണ് ഞാനെന്ന മനോഭാവം എനിക്കുണ്ടോ? ഞാൻ മറ്റുള്ളവരെ പുച്ഛത്തോടെ കാണുന്നുണ്ടോ? എന്റെ പ്രവൃത്തിയിലോ പെരുമാറ്റത്തിലോ മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന ധാർഷ്ട്യമുണ്ടോ? ഞാൻ എന്നെത്തന്നെ മറ്റുള്ളവർക്കു മീതെ പ്രതിഷ്ഠിക്കുന്നുണ്ടോ? എനിക്ക് അംഗീകാരം ലഭിക്കണമെന്ന് ഞാൻ നിർബന്ധം പിടിക്കുന്നുണ്ടോ? എപ്പോഴും ഒന്നാമതാകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? ഉപദേശം സ്വീകരിക്കാൻ ഞാൻ തയ്യാറാണോ? ഏതെങ്കിലും വിധത്തിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയോ അവരുടെമേൽ അധികാരം നടത്താൻ ശ്രമിക്കുകയോ ചെയ്യുന്നുണ്ടോ? ഞാൻ മറ്റുള്ളവരെക്കുറിച്ച് ദോഷം പറയുന്നുണ്ടോ? മറ്റുള്ളവരെക്കുറിച്ച് ഞാൻ നുണ പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ തെറ്റുകൾ ഞാൻ പരസ്യമാക്കുന്നുണ്ടോ? ഏറെക്കാലമായി ഞാൻ സംസാരിക്കാതിരിക്കുന്ന ആരെങ്കിലുമുണ്ടോ? തർക്കിക്കാനും തർക്കത്തിൽ മറ്റുള്ളവരെ വ്രണപ്പെടുത്താനും എനിക്ക് പ്രവണതയുണ്ടോ? മറ്റുള്ളവർ എന്നെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ഞാൻ അമിതമായി ഉത്കണ്ഠപ്പെടുന്നുണ്ടോ? ഞാൻ തൊട്ടാവാടിയാണോ? എനിക്ക് എളുപ്പത്തിൽ മനസ്സു വേദനിക്കാറുണ്ടോ? ഇന്ന് ഈ പാപങ്ങളെക്കുറിച്ച് സത്യസന്ധമായി വിചിന്തനം ചെയ്യുകയും അവയിൽനിന്നുള്ള മോചനം തേടുകയും ചെയ്യുക.

കർത്താവേ, അഹങ്കാരത്തിൽനിന്ന് ഉളവാകുന്ന സ്വയംകേന്ദ്രിത മനോഭാവത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ. പൂർണമായ എളിമയോടും ആത്മാർഥതയോടുംകൂടെ മറ്റുള്ളവരുടെ നന്മ തേടാൻ എനിക്കാകട്ടെ. പ്രിയ കർത്താവേ, ഈ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അങ്ങേക്കും മറ്റുള്ളവർക്കുമായി എന്നെത്തന്നെ സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. കാരണം, എന്നെത്തന്നെ സമർപ്പിക്കുന്നതിലൂടെയാണ് ഞാൻ എന്നെത്തന്നെ കണ്ടെത്തുകയെന്ന് എനിക്കറിയാം. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ക്രിസ്തുരാജനോടുള്ള നൊവേന
2026 നവംബർ 13–21 വരെ ദിവസവും ചൊല്ലുന്ന നൊവേന

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ എല്ലാ വിശുദ്ധരും/തിരുനാളുകളും