ഗലീലിക്കടലിലെ കൊടുങ്കാറ്റിൽ ക്രിസ്തു, ലുഡോൾഫ് ബാക്ഹൗസന്റെ രചന
കടലിന്റെ നടുവിൽ ഒരു ചെറിയ വള്ളത്തിലിരിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് നിങ്ങളെന്ന് സങ്കൽപ്പിക്കുക. ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഒരു ദിശയിലും കര കാണാനാവുന്നില്ല. തിരമാലകൾ നിങ്ങളെ ആട്ടിയുലയ്ക്കുന്നു; ഓരോ തവണയും അവ ആഞ്ഞടിച്ച് വള്ളത്തിന്റെ മുൻഭാഗത്തെ മൂടുന്നു. എങ്ങനെ ജീവൻ രക്ഷിക്കുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നു. ഇനി നിങ്ങളുടെ അപ്പനും നിങ്ങളോടൊപ്പം വള്ളത്തിലുണ്ടെന്ന് സങ്കൽപ്പിക്കുക. ഇരുന്ന് മുറുകെ പിടിച്ചുകൊള്ളാനും എല്ലാം ശരിയാകുമെന്നും അദ്ദേഹം നിങ്ങളോടു പറയുന്നു. അദ്ദേഹം ആത്മവിശ്വാസത്തോടെ എല്ലാം നിയന്ത്രിക്കുന്നു; ഒട്ടും ഭയം പ്രകടിപ്പിക്കുന്നില്ല. നിങ്ങളുടെ അപ്പനിൽനിന്നു പ്രസരിക്കുന്ന ആത്മവിശ്വാസം നിങ്ങളെ ശാന്തരാക്കുന്നു; അദ്ദേഹം നിങ്ങളെ സുരക്ഷിതരായി കാത്തുകൊള്ളുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഇത് നമ്മുടെ ജീവിതത്തിന്റെ ഒരു ചിത്രമാണ്. ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ, കൊടുങ്കാറ്റടിക്കുന്ന കടലിനു നടുവിൽ നമ്മുടെ കരുണാമയനായ കർത്താവിനെ ആവശ്യമുള്ള ഒരു കൊച്ചുകുട്ടി മാത്രമാണ് നാമെന്ന് തിരിച്ചറിയണം. വള്ളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരു കുട്ടി ശ്രമിക്കുന്നത് വിഡ്ഢിത്തമായിരിക്കും. അതുപോലെ, നമ്മുടെ ജീവിതത്തെ സ്വയം നയിക്കാൻ ശ്രമിക്കുന്നതും വിഡ്ഢിത്തമായിരിക്കും. നമ്മുടെ ഹൃദയങ്ങളെ ശാന്തമാക്കാൻ ഈശോയുടെ അചഞ്ചലമായ ആത്മവിശ്വാസം നമുക്ക് ആവശ്യമാണ്. തിരമാലകൾ ഉയരാൻ തുടങ്ങുമ്പോഴെല്ലാം കർത്താവായിരിക്കണം നിങ്ങളുടെ അമരക്കാരൻ. ജീവിതത്തിലെ എല്ലാം കൈകാര്യം ചെയ്യാനുള്ള അവിടുത്തെ കഴിവിനെ സംശയിക്കരുത് (കാണുക ഡയറി #1322).
ജീവിതത്തിൽ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യുന്നു? നിങ്ങൾ പരിഭ്രാന്തരാകുന്നുണ്ടോ? നിയന്ത്രണം ഏറ്റെടുത്ത് കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ടോ? അതോ നമ്മുടെ കർത്താവിന്റെ ശക്തിയിലും ആത്മവിശ്വാസത്തിലും ദൃഷ്ടിയുറപ്പിച്ച്, സാഹചര്യം നിയന്ത്രിക്കാൻ അവിടുത്തെ അനുവദിക്കുന്നുണ്ടോ? ഈശോയിലേക്കു തിരിയുക എന്നത് വെറുതെ കൈയും കെട്ടി ഇരിക്കുക എന്നതല്ല. മറിച്ച്, സ്വയം പൂർണമായി സമർപ്പിച്ചുകൊണ്ട് അവിടുത്തെ സമീപിക്കുന്നത് ഏറ്റവും വലിയ വിശ്വാസത്തിന്റെ പ്രവൃത്തിയാണ്. എല്ലാം കുഴഞ്ഞുമറിഞ്ഞതും താങ്ങാനാവാത്തതുമായി തോന്നുമ്പോൾ, ആ വിശ്വാസം അവിടുത്തെ സമാധാനത്തിലേക്കുള്ള വാതിൽ തുറക്കുന്നു; എന്തു സംഭവിച്ചാലും നിങ്ങളെ സുരക്ഷിതരും ശാന്തരുമായി കാത്തുസൂക്ഷിക്കുന്നു. ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നിങ്ങൾ എങ്ങനെ നേരിടുന്നുവെന്ന് വിചിന്തനം ചെയ്യുക. കൊടുങ്കാറ്റിലൂടെ നിങ്ങളുടെ ജീവിതത്തെ നയിക്കാൻ ദൈവിക അമരക്കാരനിലേക്കു തിരിയുമെന്ന് ബോധപൂർവം തീരുമാനിക്കുക.
കർത്താവേ, ഞാൻ ആത്മവിശ്വാസത്തോടെ അങ്ങയിലേക്കു തിരിയുകയും എന്റെ പൂർണവിശ്വാസം അങ്ങയിൽ അർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അങ്ങേക്ക് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയുമെന്നും അങ്ങയുടെ സ്നേഹവും കരുതലും എന്നെ സുരക്ഷിതനായി കാത്തുസൂക്ഷിക്കുമെന്നും ഞാൻ അറിയുന്നു. പ്രിയ കർത്താവേ, അങ്ങയിലുള്ള എന്റെ വിശ്വാസം വർധിപ്പിക്കുകയും എന്റെ ഹൃദയം എപ്പോഴും സമാധാനത്തിൽ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




