മറിയത്തിന്റെ സന്ദർശനം — രചന: യാക്കോപോ ടിന്റൊറെറ്റോ
ചിലപ്പോൾ ജീവിതം ദുഷ്കരമായി നമുക്ക് അനുഭവപ്പെടുന്നു. നമ്മുടെ ആത്മീയജീവിതം വരണ്ടതോ താങ്ങാനാവാത്തതോ ആയി തോന്നാം. നമ്മുടെ പാപങ്ങൾ അതിജീവിക്കാനാവാത്തത്ര വലുതായി തോന്നാം. ദൈവവുമായുള്ള ബന്ധം വളർത്തിയെടുക്കുക ഏറെ പ്രയാസകരമായും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെല്ലാം ദൈവത്തെയും അവിടുത്തെ കരുണയെയും കൂടുതൽ തീക്ഷ്ണമായി അന്വേഷിക്കാൻ നമ്മെ ക്ഷണിക്കുന്ന കൃപകളാണ്. നമുക്ക് ആവശ്യമുള്ളപ്പോൾ ലഭിക്കുന്ന ഒരു കൃപയാണ് മറ്റുള്ളവരിലൂടെ ദൈവം നമുക്കു നൽകുന്ന സൗഹൃദവും മാർഗദർശനവും. മറ്റുള്ളവരിൽ ഈശോയെ അന്വേഷിക്കുക. അവിടുന്ന് നിങ്ങളുടെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന ആളുകളിലൂടെ അവിടുത്തെ ഹൃദയം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കട്ടെ. വിശുദ്ധനിൽ മാത്രമല്ല, പാപിയിലും ദൈവം സന്നിഹിതനാണ്. ഓരോ ആത്മാവിലും ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ശ്രമിക്കുക (കാണുക: ഡയറി #53).
ദൈവം നിങ്ങളുടെ ജീവിതത്തിലേക്കു കൊണ്ടുവന്ന ആളുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കുടുംബത്തിൽനിന്നു തുടങ്ങുക; എന്നാൽ നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെക്കുറിച്ചും ചിന്തിക്കുക. ചിലരെ ഒരിക്കൽ മാത്രമായിരിക്കാം കണ്ടുമുട്ടുന്നത്; മറ്റുചിലരെ എല്ലാ ദിവസവും. അവരിൽ ഓരോരുത്തരിലും ദൈവം വസിക്കുന്നുവെന്ന് അറിയുക. ഓരോ വ്യക്തിയിലും ദൈവത്തെ കണ്ടുമുട്ടാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? ബാഹ്യരൂപത്തിനപ്പുറം നോക്കി, അവരിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുക. അവിടുത്തെ കാണുമ്പോൾ, നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും കൂടുതൽ ആനന്ദം കണ്ടെത്താനാകും.
കർത്താവേ, ഞങ്ങളിൽ ഓരോരുത്തരുടെയും അടുത്തേക്കു വരാനും ഞങ്ങളുടെ ഉള്ളിൽ വസിക്കാനും അങ്ങ് വാഗ്ദാനം ചെയ്യുന്നു. ഞാൻ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും അങ്ങയുടെ ദിവ്യസാന്നിധ്യം നിരന്തരം അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. എന്റെ കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ജോലിസ്ഥലത്തുള്ളവരിലും സമൂഹത്തിലുള്ളവരിലും അങ്ങയെ കണ്ടെത്താൻ എന്നെ സഹായിക്കണമേ. പോകുന്ന വഴിയിൽ കണ്ടുമുട്ടുന്ന അപരിചിതനിലും എനിക്കു ചുറ്റുമുള്ള ഓരോ ആത്മാവിലും അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ. അങ്ങയെ കണ്ടെത്തുമ്പോൾ, അവരിൽ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
ഫെബ്രുവരി 5: വിശുദ്ധ അഗത്ത, കന്യകയും രക്തസാക്ഷിയും—അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




