മലയാളം

ധ്യാനം 241: നിങ്ങളുടെ പ്രത്യേക പാപങ്ങൾക്കുള്ള പരിഹാരം

പത്തു കല്പനകളുമായി സീനായ് മലയിൽനിന്ന് ഇറങ്ങിവരുന്ന മോശ, ഫെർഡിനാൻഡ് ബോൾ വരച്ചത്

വീഡിയോ

നിങ്ങളുടെ പാപങ്ങളെ നിങ്ങൾ എങ്ങനെയാണ് അതിജീവിക്കുന്നത്?  ഓരോ പാപവും വ്യത്യസ്തമാണ്; അവയിൽനിന്നു വിട്ടുമാറാൻ അതിനനുസരിച്ചുള്ള പ്രാർഥനയും ത്യാഗവും ആവശ്യമാണ്.  സാധാരണയായി കാണപ്പെടുന്ന മൂന്നു തരത്തിലുള്ള പാപങ്ങളാണ് ജഡസംബന്ധമായ പാപങ്ങൾ, കോപത്തിന്റെ പാപങ്ങൾ, അഹങ്കാരത്തിന്റെ പാപങ്ങൾ എന്നിവ.  ഇവയിൽ ഓരോന്നിനെയും അതിജീവിക്കാൻ കഴിയും; എന്നാൽ പ്രത്യേക ശ്രദ്ധ ആവശ്യമായേക്കാം.  ജഡസംബന്ധമായ പാപങ്ങളോടാണ് നിങ്ങൾ പോരാടുന്നതെങ്കിൽ, ഉപവസിക്കാൻ ശ്രമിക്കുക.  വിവിധതരം ഭക്ഷണപാനീയങ്ങൾ വർജിച്ചുകൊണ്ട് ശാരീരികമായി നിങ്ങൾക്ക് ആനന്ദം നൽകുന്നവ ഉപേക്ഷിക്കുക.  കോപത്തിന്റെ പാപങ്ങൾക്കു പരിഹാരമായി, നിങ്ങൾക്കു കോപമുള്ള വ്യക്തിക്കുവേണ്ടി എന്തെങ്കിലും നന്മ ചെയ്യാനോ ആ വ്യക്തിയോട് ദയയോടെ ഒരു വാക്കു പറയാനോ ശ്രമിക്കുക.  അവർക്കുവേണ്ടി പ്രാർഥിക്കുക; കുരിശിൽവച്ച് യേശു പറഞ്ഞ വാക്കുകൾ ഉരുവിടുക: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.”  അഹങ്കാരത്തിന്റെ പാപങ്ങൾക്കു പരിഹാരമായി, പ്രാർഥനാപൂർവമായ വിനയത്തോടെ നമ്മുടെ കർത്താവിന്റെ മുമ്പിൽ സാഷ്ടാംഗം വീണ്, അവിടുത്തെ മുമ്പിൽ നിങ്ങളെത്തന്നെ ശൂന്യരാക്കാൻ ശ്രമിക്കുക.  നിങ്ങൾ പോരാടുന്ന പാപങ്ങൾക്കായി ഈ പ്രത്യേക പരിഹാരങ്ങൾ സമർപ്പിക്കാൻ പരിശ്രമിക്കുക; ദൈവകരുണ സമൃദ്ധമായി ചൊരിയപ്പെടും (കാണുക ഡയറി #1248).

ഏതൊക്കെ പ്രത്യേക പാപങ്ങളോടാണ് നിങ്ങൾ പോരാടുന്നത്?  പത്തു കല്പനകളിൽ ഓരോന്നും വിശദമായി പരിഗണിച്ചുകൊണ്ടോ ഏഴു പ്രധാന പാപങ്ങളെ ആസ്പദമാക്കിയോ പതിവായി സമഗ്രമായ ആത്മശോധന നടത്താൻ ശ്രദ്ധിക്കുക.  നിങ്ങൾ പോരാടുന്ന പ്രധാന പാപങ്ങൾ, പ്രത്യേകിച്ച് ശീലമായിത്തീർന്നവ, തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അവയ്ക്കു വിശുദ്ധമായ പരിഹാരം തേടുക.  പാപങ്ങൾക്കുള്ള പ്രായശ്ചിത്തം ഔഷധംപോലെയാണ്.  ഓരോ രോഗത്തിനും അനുയോജ്യമായ ഔഷധം ആവശ്യമാണ്.  നിങ്ങളുടെ ആത്മാവിനുള്ള ഈ “ഔഷധങ്ങൾ” ദൈവം വെളിപ്പെടുത്തിത്തരുന്ന വഴികളോടു തുറവുള്ളവരായിരിക്കുക; മടിക്കാതെ അവ സ്വീകരിക്കുക.  നിങ്ങൾ ചെയ്യുന്ന ഓരോ പ്രായശ്ചിത്തവും നിങ്ങളുടെ ജീവിതത്തിൽ പുതിയതും ആഴമേറിയതുമായ രീതിയിൽ കരുണയുടെ വാതിൽ തുറക്കും.

കർത്താവേ, എന്റെ അനേകം പാപങ്ങൾമൂലം ഞാൻ രോഗിയാണെന്ന് എനിക്കറിയാം.  ഞാൻ ബലഹീനനാണ്; എനിക്കു സൗഖ്യം ആവശ്യമാണ്.  എന്റെ പാപങ്ങൾ കാണാനും അങ്ങയുടെ കരുണയോടെ അവയെ നേരിടാനും എന്നെ സഹായിക്കണമേ.  അങ്ങയോട് കൂടുതൽ അടുക്കാൻ കഴിയേണ്ടതിന് അവയെ അതിജീവിക്കാനുള്ള മാർഗങ്ങൾ എനിക്കു നൽകണമേ.  കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയിൽനിന്ന് എന്നെ അകറ്റിനിർത്തുന്ന എല്ലാറ്റിൽനിന്നും എന്നെ മോചിപ്പിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഓഗസ്റ്റ് 29 – രക്തസാക്ഷിയായ വിശുദ്ധ സ്നാപക യോഹന്നാന്റെ പീഡാനുഭവം—ഓർമ്മ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ