ക്രിസ്തുവിന്റെ പാർശ്വം കുത്തിത്തുറക്കൽ — രചന: ഫ്രാ ആഞ്ചെലിക്കോ
പ്രധാന ചിത്രം: കുന്തപ്രഹരം — രചന: ജെയിംസ് ടിസ്സോ, സ്രോതസ്സ്: ബ്രൂക്ലിൻ മ്യൂസിയം
യേശുവിന്റെ മരണശേഷം പടയാളികളിൽ ഒരുവൻ അവിടുത്തെ അടുത്തുവന്നു. അവിടുന്ന് മരിച്ചുവെന്ന് ഉറപ്പുവരുത്താൻ അവന് ആജ്ഞ ലഭിച്ചു. അതിനാൽ ആ പടയാളി അവിടുത്തെ അമൂല്യമായ ശരീരം കുന്തംകൊണ്ട് കുത്തിത്തുറന്നു; ഉടനെ അവിടുത്തെ മുറിവേറ്റ ഹൃദയത്തിൽനിന്ന് രക്തവും ജലവും ഒഴുകിപ്പുറപ്പെട്ടു. യുഗങ്ങളായി ഇതിനെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിച്ചുപോന്നിട്ടുണ്ട്. മാമ്മോദീസ, വിശുദ്ധ കുർബാനസ്വീകരണം എന്നീ കൂദാശകളുടെയും, വിശുദ്ധ കുർബാനയിലെ രക്തവും മാമ്മോദീസയിലെ ജലവും യേശുവിന്റെ പരിപൂർണമായ കുരിശുബലിയാകുന്ന പരമമായ ബലിദാനത്തിൽനിന്ന് നേരിട്ട് ഒഴുകിപ്പുറപ്പെടുന്നു എന്ന സത്യത്തിന്റെയും അടയാളമായി ഇതിനെ കണ്ടുപോന്നിട്ടുണ്ട് (കാണുക ഡയറി #187).
ദൈവത്തിന്റെ സമൃദ്ധമായ കരുണയുടെ ഈ കൂദാശകളെപ്രതിയുള്ള നിങ്ങളുടെ കൃതജ്ഞത ഇന്ന് പുതുക്കുക. നമ്മോടുള്ള സ്നേഹത്താൽ തന്റെ ജീവൻ ബലിയർപ്പിക്കാൻ യേശു സന്നദ്ധനായതുകൊണ്ടു മാത്രമാണ് ഇവ സാധ്യമായതെന്ന സത്യം ധ്യാനിക്കുക. നമ്മെ വീണ്ടെടുക്കാൻ അവിടുന്ന് മനസ്സോടെയും സ്വതന്ത്രമായും നൽകിയ വിലയെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവിടുത്തെ ബലി ഇന്ന് നിങ്ങളുടെ ഹൃദയത്തെ കൃതജ്ഞതയും വിസ്മയാദരവുംകൊണ്ട് നിറയ്ക്കട്ടെ.
കർത്താവേ, അങ്ങയുടെ കുരിശുബലിയിൽ അങ്ങയുടെ സ്നേഹം വ്യക്തമായി കാണപ്പെടുന്നു. കുരിശിൽ അവസാന തുള്ളിവരെ അങ്ങയുടെ കരുണ ചൊരിഞ്ഞപ്പോൾ, ഞങ്ങൾക്കായി നൽകാതെ അങ്ങ് ഒന്നും മാറ്റിവച്ചില്ല. ബലിദാനപരമായ സ്നേഹത്തിന്റെ ഈ മഹാരഹസ്യം കാണാനും മനസ്സിലാക്കാനും എന്നെ സഹായിക്കണമേ. അങ്ങ് ചെയ്ത സകലതിനെയുംപ്രതി എന്നെ കൃതജ്ഞതകൊണ്ട് നിറയ്ക്കണമേ. മറ്റുള്ളവർക്കായി എന്നെത്തന്നെ പൂർണമായി നൽകിക്കൊണ്ട് അങ്ങയെ അനുകരിക്കാൻ എന്നെ സഹായിക്കണമേ. യേശുവിന്റെ ഹൃദയത്തിൽനിന്ന് ഞങ്ങൾക്കായി കരുണയുടെ ഉറവയായി ഒഴുകിപ്പുറപ്പെട്ട രക്തമേ, ജലമേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.
പത്താം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസം & കുരിശിൻ ചുവട്ടിൽ 40 ദിവസം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




