മലയാളം

വിചിന്തനം 118: ദുശ്ശാഠ്യമുള്ള ഹൃദയം

ഫരിസേയനും ചുങ്കക്കാരനും — ജെയിംസ് ടിസോയുടെ രചന, ബ്രൂക്‌ലിൻ മ്യൂസിയം മുഖേന

വീഡിയോ

ദൈവകരുണ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനെ നാം തടയുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് ദുശ്ശാഠ്യം.  പ്രത്യേകിച്ച്, അഹങ്കാരം മൂലം സ്വന്തം അഭിപ്രായത്തിൽ ദുശ്ശാഠ്യത്തോടെ ഉറച്ചുനിൽക്കുകയും അതുവഴി സത്യത്തോട് തുറവുള്ളവരാകാതിരിക്കുകയും ചെയ്യുമ്പോൾ, നാം കൃപയ്ക്കു മുന്നിൽ വാതിൽ അടയ്ക്കുകയാണ്.  ഇത് പ്രത്യേകിച്ച് അപകടകരമായ ഒരു പാപമാണ്; കാരണം, ദുശ്ശാഠ്യം എന്നതിന്റെ അർത്ഥത്തിൽത്തന്നെ പശ്ചാത്തപിക്കാനും മാറ്റം വരുത്താനുമുള്ള മനസ്സില്ലായ്മ അടങ്ങിയിരിക്കുന്നു.  ദുശ്ശാഠ്യമുള്ള വ്യക്തി ദിവസങ്ങൾ പിന്നിടുമ്പോഴും വർഷങ്ങൾ പിന്നിടുമ്പോഴും ദൈവകൃപയ്ക്കു മുന്നിൽ അടഞ്ഞ മനസ്സോടെ തുടരുന്നു.  ദുശ്ശാഠ്യമുള്ള ഹൃദയത്തിനുള്ള ഏക പ്രതിവിധി ദൈവത്തിന്റെ സത്യത്തിനു മുന്നിലുള്ള എളിമയാണ്.  ആത്മാർഥമായി തുറന്ന ഹൃദയത്തോടെ, അവിടുന്ന് സംസാരിക്കുന്ന നിമിഷംതന്നെ നമ്മുടെ ഉറച്ച ധാരണകൾ മാറ്റാൻ തയ്യാറായും സന്നദ്ധരായും ദൈവസന്നിധിയിലേക്ക് വരുന്നതാണ് ഈ പാപത്തിൽനിന്ന് മോചിതരാകാനുള്ള ആദ്യപടി.  സ്വന്തം ഉറച്ച അഭിപ്രായം മാറ്റിവച്ച്, തുറവോടെയും മാറ്റത്തിനു സന്നദ്ധതയോടെയും ശ്രവിച്ചുകൊണ്ട് സ്വയം എളിമപ്പെടുത്തുക.  ആദ്യം ഇത് പ്രയാസകരമായിരിക്കാം; എന്നാൽ അങ്ങനെ ചെയ്തതിൽ നിങ്ങൾക്ക് യഥാർഥമായും നന്ദിയുണ്ടാകും (കാണുക ഡയറി #560).

ഏതു കാര്യത്തിലാണ് നിങ്ങൾ ദുശ്ശാഠ്യം പിടിക്കുന്നത്?  മറ്റൊരാൾക്കെതിരെ ഏറെക്കാലമായി നിങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരു ചിന്തയുണ്ടോ?  ഏതെങ്കിലും കാര്യത്തിൽ നിങ്ങൾ ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?  ദൈവവും അതേവിധംതന്നെയാണോ കരുതുന്നതെന്ന് ഉറപ്പുവരുത്തുക.  മാറ്റത്തോട് തുറവുള്ളവരാകാൻ ഇന്ന് പരിശ്രമിക്കുക.  കാണാൻ കഴിയേണ്ടതിന് നിങ്ങളുടെ കണ്ണുകൾ തുറക്കണമേ എന്ന് കർത്താവിനോട് അപേക്ഷിക്കുകയാണ് ആദ്യപടി. രണ്ടാമത്തെ പടി, നിങ്ങളുടെ ഹൃദയത്തിലുള്ള ഈ പ്രവണത കാണാൻ സ്വയം അനുവദിക്കുക എന്നതാണ്.

കർത്താവേ, എനിക്ക് ദുശ്ശാഠ്യമുണ്ടെന്ന് ഞാൻ അറിയുന്നു.  എന്റെ ആത്മാവിനുള്ളിൽ ഞാനത് കാണുന്നു.  ഞാൻ എന്റെ ഇഷ്ടത്തിൽ ഉറച്ചുനിൽക്കുകയും അഹങ്കാരം മൂലം മറ്റുള്ളവരെ ശ്രവിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.  എന്റെ ദുശ്ശാഠ്യം ഉപേക്ഷിക്കാൻ കഴിയേണ്ടതിന് തുറന്ന മനസ്സിനുള്ള കൃപ എനിക്കു നൽകണമേ.  അങ്ങയുടെയും മറ്റുള്ളവരുടെയും മുമ്പിൽ എന്നെത്തന്നെ എളിമപ്പെടുത്താൻ എന്നെ സഹായിക്കണമേ; അങ്ങയുടെ സത്യം ശ്രവിക്കാൻ തയ്യാറും സന്നദ്ധനുമായിരിക്കാനും എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഏപ്രിൽ 28 –

വിശുദ്ധ പീറ്റർ ഷനേൽ, വൈദികനും രക്തസാക്ഷിയും

വിശുദ്ധ ലൂയിസ് ഗ്രിന്യോൻ ദ മോൺഫോർട്ട്, വൈദികൻ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ