മലയാളം

ധ്യാനചിന്ത 66: കരുണയിലൂടെ നീതി

ഇതാ മനുഷ്യൻ — രചന: ക്വിന്റൻ മെറ്റ്സിസ്

വീഡിയോ

ചിലർ അനുദിനം മറ്റൊരാളുടെ പരുഷതയും ക്രൂരതയും അനുഭവിക്കുന്നു. ഇത് ഏറെ വേദനാജനകമാണ്. അതിന്റെ ഫലമായി, വേദനിപ്പിക്കുന്ന വ്യക്തിയെ ഉത്തരവാദിത്വമുള്ളവനായി നിർത്താൻ നീതി നടപ്പാകണമെന്ന ശക്തമായ ആഗ്രഹം ഉണ്ടാകാം. എന്നാൽ യഥാർഥ ചോദ്യം ഇതാണ്: എന്തു ചെയ്യാനാണ് കർത്താവ് എന്നെ വിളിക്കുന്നത്? ഞാൻ എങ്ങനെ പ്രതികരിക്കണം? ഞാൻ ദൈവത്തിന്റെ ക്രോധത്തിന്റെയും നീതിയുടെയും ഉപകരണമാകണമോ? അതോ കരുണയുടെ ഉപകരണമാകണമോ? രണ്ടും ആകണം എന്നതാണ് ഉത്തരം. ഈ ജീവിതത്തിൽ ദൈവത്തിന്റെ നീതി നടപ്പാകുന്നത് അവിടുത്തെ കരുണയിലൂടെയും നമ്മെ ദ്രോഹിക്കുന്നവരോട് നാം കാണിക്കുന്ന കരുണയിലൂടെയുമാണെന്ന് മനസ്സിലാക്കുകയാണ് പ്രധാനം. ഇപ്പോൾ, മറ്റൊരാളുടെ കൂരമ്പുകൾ സുകൃതമനോഭാവത്തോടെ ഏറ്റുവാങ്ങുന്നതാണ് ദൈവത്തിന്റെ നീതിയിലേക്കുള്ള വഴി. ഇങ്ങനെ സുകൃതപൂർണമായി ജീവിക്കുമ്പോൾ നാം ക്ഷമയിലും സ്വഭാവദാർഢ്യത്തിലും വളരുന്നു. ഒടുവിൽ, കാലത്തിന്റെ അന്ത്യത്തിൽ, ദൈവം എല്ലാ അനീതിയും പരിഹരിക്കും; എല്ലാം വെളിച്ചത്തുവരുകയും ചെയ്യും. എന്നാൽ ഇപ്പോൾ, അവിടുത്തെ അതിരുകളില്ലാത്തതും നിരന്തരം തുടരുന്നതുമായ കരുണ പകർന്നുനൽകിക്കൊണ്ട് ദൈവത്തിന്റെ നീതി നടപ്പാക്കുകയാണ് നമ്മുടെ ദൗത്യം (കാണുക ഡയറി #236).

മറ്റൊരാളിൽനിന്ന് നിങ്ങൾക്കുണ്ടായിട്ടുള്ള ഏതെങ്കിലും മുറിവിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ഹൃദയത്തെ വേദനിപ്പിച്ച വാക്കുകളെയോ പ്രവൃത്തികളെയോ കുറിച്ച് ചിന്തിക്കുക. മൗനത്തോടും സമർപ്പണത്തോടുംകൂടെ അവ സ്വീകരിക്കാൻ ശ്രമിക്കുക. അവയെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്തുവയ്ക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ എളിമയും ക്ഷമയും നിറഞ്ഞ പ്രവൃത്തി, ദൈവത്തിന്റെ സമയത്തും അവിടുത്തെ രീതിയിലും അവിടുത്തെ നീതി നടപ്പാകാൻ ഇടയാക്കുമെന്ന് അറിയുക.

കർത്താവേ, ക്ഷമിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ നേരിടുന്ന ഓരോ അനീതിയിലും കരുണ കാണിക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് എന്റെ ഹൃദയത്തിൽ നിറയ്ക്കുന്ന കരുണ അങ്ങയുടെതന്നെ ദൈവികനീതിയുടെ ഉറവിടമാകട്ടെ. ഈ ജീവിതത്തിൽ എനിക്ക് ഗ്രഹിക്കാനാകാത്തതെല്ലാം ഞാൻ അങ്ങയെ ഭരമേൽപ്പിക്കുന്നു. ഒടുവിൽ, അങ്ങയുടെ പ്രകാശത്തിൽ അങ്ങ് എല്ലാം നവീകരിക്കുമെന്ന് ഞാൻ അറിയുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിനാറാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസം & കുരിശിൻചുവട്ടിൽ 40 ദിവസം

മാർച്ച് 7 – രക്തസാക്ഷികളായ വിശുദ്ധ പെർപ്പെത്വായും വിശുദ്ധ ഫെലിസിറ്റിയും

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ