മലയാളം

ധ്യാനചിന്ത 42: പ്രായശ്ചിത്തമായി അർപ്പിക്കപ്പെടുന്ന അനീതിയനുഭവം

ജനസമക്ഷം അവതരിപ്പിക്കപ്പെട്ട ക്രിസ്തു — രചിച്ചത് ക്വിന്റൻ മെറ്റ്സിസ്

വീഡിയോ

ജീവിതത്തിൽ പലപ്പോഴും നാം അനീതിക്ക് ഇരയാകാറുണ്ട്. അപ്പോൾ തിരിച്ചടിക്കാനും സ്വയം പ്രതിരോധിക്കാനും നീതി നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് നമുക്ക് ആദ്യം തോന്നുക. എന്നാൽ ഈശോ ചെയ്തത് അതാണോ? അല്ല, അവിടുന്ന് മൗനം പാലിക്കുകയും നമ്മുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തബലിയായി എല്ലാ അനീതികളും സ്വീകരിക്കുകയും ചെയ്തു. എല്ലാ അനീതികളും സ്വന്തംമേൽ ഏറ്റെടുത്ത നീതിമാൻ അവിടുന്നായിരുന്നു. അങ്ങനെ ചെയ്തുകൊണ്ട് അവിടുന്ന് രണ്ടു കാര്യങ്ങൾ നിർവഹിച്ചു. ഒന്നാമതായി, ഈ അനീതിയെ പാപത്തിനുള്ള പ്രായശ്ചിത്തമായി അർപ്പിച്ചുകൊണ്ട് അവിടുന്ന് പിതാവിന്റെ നീതിയെ തൃപ്തിപ്പെടുത്തി. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രവും ഏറ്റവും അഗാധവുമായ രഹസ്യമാണിത്. രണ്ടാമതായി, തന്റെ മാതൃക പിന്തുടരാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, അനീതിപൂർവമായ പെരുമാറ്റം സ്വീകരിക്കാനും കരുണയോടും ക്ഷമയോടുംകൂടെ അതിനെ നേരിടാനും നാം ക്ഷണിക്കപ്പെടുന്നു. ഇതിന് വലിയ ആന്തരികശക്തിയും സ്നേഹവും ആവശ്യമാണ്. എന്നാൽ അനീതിമൂലം നാം അനുഭവിക്കുന്ന സഹനത്തെ ക്രിസ്തുവിന്റെ സഹനത്തോടു ചേർത്തുവയ്ക്കാൻ നമുക്കു കഴിയുമെങ്കിൽ, തിരിച്ചടിച്ച് ഭൗമികനീതിയുടെ താൽക്കാലിക സംതൃപ്തി നേടുന്നതിനെക്കാൾ കൂടുതൽ ആത്മാക്കളെ ദൈവത്തിനായി നാം നേടും (കാണുക ഡയറി #81).

എങ്ങനെയെല്ലാമാണ് നിങ്ങൾ ക്രൂരതയ്ക്കും അനീതിക്കും ഇരയായിട്ടുള്ളത്? നിങ്ങൾക്ക് ഏറ്റവും വേദനാജനകമായത് എന്താണെന്ന് ചിന്തിക്കുക; ഈ സഹനം ലോകത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാനുള്ള ഒരവസരമാണെന്ന് അറിയുക. നിങ്ങളുടെ മനസ്സിലെ മുറിവുകളെ ക്രിസ്തുവിന്റെ സഹനത്തോടു ചേർത്തുവയ്ക്കുന്നതിലൂടെ അനേകം ആത്മാക്കളെ ദൈവത്തിനായി നേടാൻ നിങ്ങൾക്കു സാധിക്കും. ഇതാണ് നമ്മുടെ വീണ്ടെടുപ്പിന്റെ രഹസ്യം. ഈ രഹസ്യത്തിലേക്കു പ്രവേശിക്കാനും അതു ജീവിക്കാനും സ്നേഹബലിയായി ദൈവത്തിന് അർപ്പിക്കാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഈ ദിശയിൽ ഒരു ചുവടുവയ്ക്കുക; നിങ്ങളുടെ മനസ്സിലെ മുറിവുകൾ കരുണയിൽ അലിഞ്ഞുചേരുന്നതു കാണുക.

കർത്താവേ, ഇന്ന് എന്റെ മനസ്സിലെ മുറിവുകളും വേദനയും എല്ലാ സഹനങ്ങളും ഞാൻ അങ്ങേക്ക് അർപ്പിക്കുന്നു. ജീവിതത്തിൽ ഞാൻ നേരിട്ട അനീതികൾ പ്രത്യേകമായി അങ്ങേക്ക് അർപ്പിക്കുന്നു. എന്റെ ഹൃദയത്തിൽനിന്ന് എല്ലാ കയ്പും നീക്കി, പകരം അങ്ങയുടെ ദൈവകരുണയാൽ അതു നിറയ്ക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഫെബ്രുവരി 11: ലൂർദ് മാതാവ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ