മലയാളം

വിചിന്തനം 267: നീതിയോ കരുണയോ?

ജറുസലെമിനെ ഓർത്തു വിലപിക്കുന്ന ക്രിസ്തു, ആരി ഷെഫറിന്റെ രചന

വീഡിയോ

ദൈവത്തിന്റെ നീതിയെക്കുറിച്ചും അവിടുത്തെ കരുണയെക്കുറിച്ചും സംസാരിക്കുന്നത് ഉചിതമാണ്.  അവ പരസ്പരവിരുദ്ധമല്ല.  ദൈവത്തെ സേവിക്കാൻ വിസമ്മതിച്ച മാലാഖമാരുടെമേൽ അവിടുത്തെ നീതി നടപ്പാക്കപ്പെട്ടതുപോലെ, അനുതപിക്കാൻ വിസമ്മതിക്കുന്നവരുടെമേലും അതു നടപ്പാക്കപ്പെടും.  എന്നാൽ ഇപ്പോഴാകട്ടെ, ദൈവം കരുണാമയനാണെന്നു പറയുന്നതാണ് കൂടുതൽ ഉചിതം.  വാസ്തവത്തിൽ, ദൈവം നീതിമാൻ മാത്രമാണെന്നും അവിടുന്ന് നിരന്തരം നമ്മുടെമേൽ വിധി നടപ്പാക്കുന്നുവെന്നുമുള്ള ചിന്തയിൽ നാം മുഴുകിപ്പോകുന്നത് ദുഷ്ടൻ ഏറെ ഇഷ്ടപ്പെടും.  ഈ ചിന്ത അംഗീകരിച്ചുകഴിഞ്ഞാൽ, നാം അവിടുത്തെ കരുണ സ്വീകരിക്കാൻ സന്നദ്ധരായിരിക്കുന്നിടത്തോളം ദൈവം യഥാർത്ഥത്തിൽ തന്റെ നീതി നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നുവെന്നു മനസ്സിലാക്കാൻ പ്രയാസമാണ്.  അവിടുത്തെ കരുണ തേടുക, അതിൽ വിശ്വസിക്കുക, അതിലേക്ക് ഓടിയണയുക.  ഒരു നിമിഷംപോലും അതിനെ സംശയിക്കരുത്.  രാവും പകലും ദൈവം അതു നൽകുന്നുവെന്നും നിങ്ങളുടെമേൽ അതു സമൃദ്ധമായി ചൊരിയുന്നതിൽ അവിടുന്ന് ഒരിക്കലും മടുക്കുന്നില്ലെന്നും അറിയുക.  അവിടുത്തെ നീതിയെ അഭിമുഖീകരിക്കുമ്പോഴുള്ള ഭയം നിങ്ങളെ പിടികൂടുമ്പോൾ, അവിടുത്തെ കരുണയിലേക്കു കണ്ണുകൾ തിരിക്കുക. അവിടുത്തെ ഹൃദയത്തിൽനിന്നു പ്രസരിക്കുന്ന കിരണങ്ങളിൽ ആനന്ദിക്കുമ്പോൾ, എല്ലാ പാപങ്ങളിൽനിന്നും അനായാസം പിന്തിരിയാൻ നിങ്ങൾക്കു കഴിയും (കാണുക ഡയറി #1338).

ദൈവത്തെക്കുറിച്ചുള്ള ഈ രണ്ടു ചിത്രങ്ങളിൽ ഏതിനെയാണ് നിങ്ങൾ കൂടുതൽ തവണ ധ്യാനിക്കുന്നത്?  ദൈവത്തിന്റെ നീതി നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ?  അതോ അവിടുത്തെ കരുണ നിങ്ങളെ ആശ്വസിപ്പിക്കുന്നുണ്ടോ?  രണ്ടും ഉപകാരപ്രദമാകാം; എന്നാൽ ഒന്നിനുവേണ്ടി മറ്റൊന്നിനെ ഒരിക്കലും അവഗണിക്കരുത്.  ദൈവത്തിന്റെ കരുണ ലഭിക്കുമെന്നു ധാർഷ്ട്യത്തോടെ നാം ഒരിക്കലും കരുതരുത്; അവിടുത്തെ കരുണ ഉടനെ ഓർക്കാതെ അവിടുത്തെ നീതിയിൽ മാത്രം നാം മനസ്സുറപ്പിക്കുകയും അരുത്.  ഇന്ന് മറ്റെന്തിനെക്കാളും അവിടുത്തെ കരുണയെക്കുറിച്ചു ധ്യാനിക്കുക; അപ്പോൾ അവിടുത്തെ നീതിയെ നിങ്ങൾ ഭയപ്പെടേണ്ടിവരില്ല.  നിങ്ങളുടെ ഹൃദയം അവിടുത്തെ സ്നേഹം അനുഭവിക്കട്ടെ; പൂർണ്ണമായ ഉറപ്പോടും വിശ്വാസത്തോടുംകൂടെ അവിടുത്തെ പക്കലേക്കു തിരിയുക.

കർത്താവേ, അങ്ങ് നീതിമാനാണെന്നും അങ്ങയുടെ കരുണയിലേക്കു തിരിയാൻ ഞാൻ വിസമ്മതിച്ചാൽ അങ്ങയുടെ നീതി എന്റെമേൽ നടപ്പാക്കുമെന്നും ഞാൻ അറിയുന്നു.  അതിനാൽ ഞാൻ അങ്ങയുടെ കരുണയിലേക്കു തിരിയുന്നു.  പൂർണ്ണഹൃദയത്തോടെ ഞാൻ അതു തേടുന്നു.  കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  അങ്ങയുടെ തേജോമയമായ ഹൃദയത്തിലേക്കു കണ്ണുകൾ തുറക്കാനും അങ്ങു നൽകാനാഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ സന്നദ്ധനാകാനും എനിക്കു കൃപ നൽകണമേ.  ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന – ചെറുപുഷ്പം
മൂന്നാം ദിവസം- സെപ്റ്റംബർ 24

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ