ദിയേഗോ വെലാസ്കെസ് വരച്ച കന്യകാമറിയത്തിന്റെ കിരീടധാരണം
തന്നെത്തന്നെ പൂർണ്ണമായി നിലനിർത്തുന്നതിനാൽ ദൈവം തികച്ചും സ്വതന്ത്രനാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും വർത്തിക്കുന്ന പരിപൂർണ്ണമായ ഐക്യമാണ്. ഈ പരസ്പരാശ്രയത്വം മാത്രമേ അവർക്കു ആവശ്യമുള്ളൂ. എങ്കിലും, നമ്മിൽ ഓരോരുത്തരെയും സവിശേഷമായ രീതിയിൽ ആശ്രയിക്കാൻ പരിശുദ്ധ ത്രിത്വം സ്വതന്ത്രമായി തിരഞ്ഞെടുത്തു. നമ്മുടെ ജീവിതത്തിലേക്കു കടന്നുവരാനും നമ്മോടു ഐക്യപ്പെടാനും നമ്മോടു സ്നേഹബന്ധം സ്ഥാപിക്കാനും തിരഞ്ഞെടുക്കുന്നതിലൂടെ, ദൈവം ഒരർത്ഥത്തിൽ നമ്മുടെ വിശ്വാസത്തെ ആശ്രയിക്കുന്നവനായി സ്വയം മാറുന്നു. നമ്മുടെ വിശ്വാസത്തെ ദൈവം ആശ്രയിക്കുന്നത്, അവിടുന്നു നമ്മോടു പുലർത്തുന്ന സ്നേഹത്തിന്റെയും സ്ഥാപിക്കുന്ന ബന്ധത്തിന്റെയും ആഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വിശ്വാസമില്ലാതെ എത്ര ആഴത്തിൽ നമ്മോട് ഐക്യപ്പെടാൻ കഴിയുമെന്ന കാര്യത്തിൽ ദൈവം സ്വയം പരിധി നിശ്ചയിച്ചിരിക്കുന്നു. അതിനാൽ, ദൈവം സ്വതന്ത്രമായും ഒന്നും മാറ്റിവയ്ക്കാതെയും തന്നെത്തന്നെ നമുക്കു സമർപ്പിക്കുന്നു. എന്നാൽ സ്നേഹത്തിന്റെ ഈ പരിപൂർണ്ണ ദാനം പൂർണ്ണതയിലെത്താൻ നമ്മുടെ സമ്പൂർണ്ണ പങ്കാളിത്തം അവിടുന്ന് ആവശ്യപ്പെടുന്നു (കാണുക ഡയറി #548).
പരിശുദ്ധ ത്രിത്വത്തിന്റെ ജീവിതത്തിൽ നിങ്ങൾക്കുള്ള പങ്ക് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങൾക്കു പരിപൂർണ്ണമായ സ്നേഹം നൽകുന്നു; എന്നാൽ ആ സ്നേഹം നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയില്ല. ഈ സ്നേഹത്തിനു സ്വതന്ത്രമായി പ്രതിസ്നേഹം നൽകാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു. വിശ്വാസത്തോടെ അവരെ സ്വീകരിക്കാനുള്ള ഈ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ മാത്രമേ, നിങ്ങളോട് ഒന്നായിരിക്കാനുള്ള തന്റെ തീരുമാനം ദൈവത്തിനു സാക്ഷാത്കരിക്കാൻ കഴിയൂ. നിങ്ങളോട് ഐക്യപ്പെടാനുള്ള തന്റെ അഭിലാഷം നിറവേറ്റാൻ ദൈവത്തെ അനുവദിക്കുക. ഈ സ്നേഹം നിരസിക്കരുത്; അതിനു പ്രതിസ്നേഹം നൽകാൻ മടിക്കുകയും അരുത്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ എന്റെ ദൈവമേ, അങ്ങയുടെ ജീവനും സ്നേഹവും എനിക്കു ദാനമായി നൽകിയതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയെത്തന്നെ നൽകുന്ന ഈ പരിപൂർണ്ണ ദാനം ഞാൻ സ്വതന്ത്രമായി സ്വീകരിക്കുന്നു. അങ്ങ് എന്നോടു കാണിച്ച അതേ ഔദാര്യത്തോടെ അങ്ങയെ സ്വീകരിക്കാനും എന്നെത്തന്നെ അങ്ങേക്കു തിരികെ സമർപ്പിക്കാനും കഴിയേണ്ടതിന്, അങ്ങയിലുള്ള വിശ്വാസത്തിൽ അനുദിനം വളരാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




