ഭൂമിയിലെ ത്രിത്വം, രചന: ഹെറോണിമോ അന്റോണിയോ ദെ എസ്കെറ
പരിശുദ്ധ ത്രിത്വത്തിന് ഒരേയൊരു ദൈവസ്വഭാവമാണുള്ളതെങ്കിലും, വ്യതിരിക്തരായ മൂന്ന് വ്യക്തികളായി നിലകൊള്ളുന്നു എന്നാണ് വിവരിക്കപ്പെടുന്നത്. അതിനാൽ, വ്യതിരിക്തരായ ആ മൂന്ന് വ്യക്തികളും പരിപൂർണമായ ഐക്യത്തിൽ പങ്കുചേരുന്നു. വാസ്തവത്തിൽ, അവർ പരസ്പരം വ്യതിരിക്തരല്ലെങ്കിൽ, അവർക്ക് “ഐക്യപ്പെട്ടിരിക്കാൻ” കഴിയുമായിരുന്നില്ല. അതിനാൽ ദൈവത്തെ മൂവരിൽ ഏകനായവനായി വിശേഷിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതേ ഐക്യത്തിൽ പങ്കുചേരാൻ നമ്മിൽ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ, അവിടുത്തെ ദൈവസ്വഭാവം സ്വീകരിച്ചുകൊണ്ടല്ല നാം ദൈവത്തിന്റെ സ്വഭാവത്തിൽത്തന്നെ പങ്കുചേരുന്നത്. എന്നാൽ, നമ്മുടെ മനുഷ്യസ്വഭാവം ക്രിസ്തുവിൽ ദൈവവുമായി ഐക്യപ്പെട്ടിരിക്കുന്നതിനാൽ, വ്യക്തികളെന്ന നിലയിൽ നാമും അവിടുത്തോടുള്ള കൂട്ടായ്മയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. വ്യക്തികളെന്ന നിലയിൽ ദൈവവുമായുള്ള ദാമ്പത്യബന്ധത്തിലേക്ക് പ്രവേശിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ അഗാധമായ ഐക്യത്തിൽ പങ്കുചേരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു നമ്മിലും നമ്മോടൊപ്പവും നമ്മിലൂടെയും ജീവിക്കണം. നമ്മുടെ മനുഷ്യസ്വഭാവവുമായുള്ള അവിടുത്തെ ഐക്യത്തിന്റെ ഫലമായി നാം ക്രിസ്തുവുമായി ഒന്നാകുമ്പോൾ, പിതാവുമായും പരിശുദ്ധാത്മാവുമായും നാം ഒന്നാകുന്നു. ദൈവവുമായുള്ള ഈ ഐക്യമാണ് നാം എന്നെങ്കിലും അറിയാനിരിക്കുന്നതിൽവച്ച് ഏറ്റവും വലിയ കരുണാപ്രവൃത്തി (കാണുക ഡയറി #911-912).
ഇന്ന് ഐക്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുക. മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു ആശയവും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അതിലും പ്രയാസമുള്ള ഒരു യാഥാർഥ്യവുമായിരിക്കാം അത്. എന്നാൽ ഇതാണ് നിങ്ങളുടെ വിളി. മനുഷ്യാവതാരത്തിലൂടെ പുത്രനായ ദൈവം ദൈവസ്വഭാവത്തെ മനുഷ്യസ്വഭാവവുമായി ഐക്യപ്പെടുത്തി. തന്റെ മരണവും ഉത്ഥാനവും വഴി അവിടുന്ന് മനുഷ്യവംശത്തെ പാപത്തിന്റെ ഫലങ്ങളിൽനിന്ന് മോചിപ്പിച്ചു; അങ്ങനെ അവിടുത്തെ ദൈവത്വത്തിൽ പങ്കുചേരാൻ നമുക്ക് ഉയർത്തപ്പെടാനാകും. ഇതിനെക്കുറിച്ച് ധ്യാനിക്കുക. ഇത് പ്രാർഥനാവിഷയമാക്കുക. ഇത് മനസ്സിലാക്കാൻ പരിശ്രമിക്കുകയും അതിനുള്ള അറിവ് കർത്താവിനോട് അപേക്ഷിക്കുകയും ചെയ്യുക. മഹിമാപൂർണമായ ഈ യാഥാർഥ്യം നിങ്ങൾ എത്രയധികം ഗ്രഹിക്കുന്നുവോ, അത്രയധികം അതിൽ പങ്കുചേരാൻ നിങ്ങൾ ആഗ്രഹിക്കും.
പരമപരിശുദ്ധ ത്രിത്വമേ, പിതാവേ, പുത്രനേ, പരിശുദ്ധാത്മാവേ, അങ്ങയുമായി ഒന്നാകാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ ആന്തരികജീവിതത്തിൽ അങ്ങ് പങ്കിടുന്ന കൂട്ടായ്മയിൽ പങ്കുചേർന്നുകൊണ്ട്, അങ്ങയുടെ ജീവിതത്തിലേക്കുതന്നെ ആകർഷിക്കപ്പെടാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഓ, പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയിൽ ശരണപ്പെടുകയും ചെയ്യുന്നു.
ജൂൺ 22 –
നോളായിലെ വിശുദ്ധ പൗളിനൂസ്, മെത്രാൻ
മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ജോൺ ഫിഷറും രക്തസാക്ഷിയായ വിശുദ്ധ തോമസ് മൂറും
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




