മലയാളം

വിചിന്തനം 117: നിങ്ങളുടെ ഹൃദയത്തിന്റെ സംവൃതസങ്കേതം

മരുഭൂമിയിൽ പ്രാർഥിക്കുന്ന വിശുദ്ധ ബ്രൂണോ. നിക്കോളാസ് മിന്യാർ വരച്ച ചിത്രം

വീഡിയോ

ചില സന്യാസിനികളും സന്യാസികളും ഒരു സംവൃതസങ്കേതത്തിന്റെ അതിരുകൾക്കുള്ളിൽ ഏകാന്തവാസജീവിതം നയിക്കുന്നു.  ആ വിശ്വാസസമൂഹത്തിലെ അംഗമല്ലാത്ത ആർക്കും തക്ക കാരണമില്ലാതെ ആ സങ്കേതത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. മറ്റുള്ളവർക്ക് അധികാരിയുടെ അനുമതിയോടെ മാത്രമേ പ്രവേശിക്കാനാകൂ.  ഒരുപക്ഷേ ഒരു സന്യാസിനി ഗുരുതരമായ രോഗാവസ്ഥയിലായതിനാൽ രോഗീലേപന കൂദാശ ആവശ്യമായിരിക്കാം; അല്ലെങ്കിൽ ആവശ്യമായ അറ്റകുറ്റപ്പണികൾക്കായി ഒരു തൊഴിലാളിക്ക് അകത്തു പ്രവേശിക്കേണ്ടിവന്നേക്കാം.  ഈ സംവൃതസങ്കേതത്തിന്റെ ചിത്രം നമ്മുടെ ആത്മാവിനോട് ഉപമിക്കാവുന്നതാണ്.  നാം അതിന്റെ താക്കോൽ യേശുവിനെ ഏൽപ്പിക്കുകയും അതിനെ കാത്തുസൂക്ഷിക്കാൻ അവിടുത്തെ അനുവദിക്കുകയും വേണം.  അവിടെ സ്ഥാനമുള്ളവരെ മാത്രമേ അവിടുന്ന് അകത്തു കടക്കാൻ അനുവദിക്കുകയുള്ളൂ (കാണുക ഡയറി #554).

നിങ്ങളുടെ ആത്മാവിലേക്ക് നിങ്ങൾ എന്തിനെയാണ് കടക്കാൻ അനുവദിക്കുന്നത്?  നിങ്ങളെ കാത്തുസൂക്ഷിക്കാനും നിങ്ങളുടെ ഉള്ളിലെ ചിന്തകളെയും ഹൃദയത്തെയും നയിക്കാനും നിങ്ങൾ കർത്താവിനെ അനുവദിക്കുന്നുണ്ടോ?  പലപ്പോഴും നാം ലൗകികമായ പലതിനെയും ഉള്ളിലേക്ക് കടക്കാൻ അനുവദിക്കുന്നു.  പാപത്തിന്റെയും മാലിന്യത്തിന്റെയും പ്രലോഭനങ്ങൾക്കായി നാം വാതിൽ മലർക്കെ തുറന്നിടുന്നു.  നിങ്ങളുടെ ആത്മാവിന്റെ താക്കോൽ നമ്മുടെ കർത്താവിനെ ഏൽപ്പിക്കുക.  അവിടുന്ന് നിങ്ങളെ കാത്തുസൂക്ഷിക്കുകയും സുരക്ഷിതരായി നിലനിർത്തുകയും ചെയ്യും.  നിങ്ങൾ ആരോടൊപ്പം വസിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവോ അവരെയെല്ലാം അവിടുന്ന് സ്വാഗതം ചെയ്യും; സൗഖ്യവും നവീകരണവും നൽകാൻ വരുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുകയും ചെയ്യും.  എന്നാൽ, നിങ്ങൾ അവിടുത്തെ അനുവദിച്ചാൽ, നിങ്ങളുടെ ആത്മാവിന്റെ ഈ വിശുദ്ധ ഇടത്തിൽ സ്ഥാനമില്ലാത്തതെല്ലാം കടന്നുവരാതിരിക്കാൻ അവിടുന്ന് ജാഗ്രതയോടെ അതിനെ സംരക്ഷിക്കും.

കർത്താവേ, എന്റെ ആത്മാവിന്റെ ഏക താക്കോൽ ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു.  ഇന്ന് എന്റെ കാവൽക്കാരനായി ഞാൻ അങ്ങയെ തിരഞ്ഞെടുക്കുന്നു.  അങ്ങ് എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും എന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്തവരുമായി സ്വതന്ത്രമായി ആത്മബന്ധം പുലർത്താൻ എന്നെ അനുവദിക്കണമേ.  അവരെ സ്നേഹിക്കാനും പൂർണഹൃദയത്തോടെ സേവിക്കാനും എന്നെ സഹായിക്കണമേ.  ഈ താക്കോൽ അങ്ങയെ ഏൽപ്പിക്കുമ്പോൾ, അങ്ങ് എന്നെ സംരക്ഷിക്കുമെന്നതിനായി ഞാൻ അങ്ങയോടു നന്ദി പറയുന്നു.  ഞാൻ അങ്ങയിൽ ആശ്രയിക്കട്ടെ; അങ്ങയെ അപ്രീതിപ്പെടുത്തുന്നതും അങ്ങ് സ്വാഗതം ചെയ്യാത്തതുമായ ഒന്നിനെയും സ്വാഗതം ചെയ്യാൻ ഞാൻ ഒരിക്കലും ശ്രമിക്കാതിരിക്കട്ടെ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഈസ്റ്ററിനുള്ള പ്രാർഥനകൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ