മലയാളം

വിചിന്തനം 129: ഭയപ്പെടരുത്

ചിത്രം: flickr വഴി

വീഡിയോ

“ഭയപ്പെടരുത്; വിശ്വസിക്കുക മാത്രം ചെയ്യുക” (മർക്കോസ് 5:36). “ഭയപ്പെടരുത്” എന്ന ഈ നാലു വാക്കുകൾ വിശുദ്ധ ഗ്രന്ഥത്തിലുടനീളം എണ്ണമറ്റ തവണ പറയപ്പെടുന്നു. നാം അവ ശ്രദ്ധിക്കണം. ഭയത്തിനു നമ്മെ തളർത്താനും പലവിധത്തിലുള്ള വിവേകശൂന്യമായ ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കാനും കഴിയും. ഭയത്താൽ പ്രേരിതനായി പ്രവർത്തിക്കുന്ന വ്യക്തി യഥാർഥത്തിൽ ഒരു വിഡ്ഢിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ആദ്യം അതു കടുത്ത ഒരു പ്രസ്താവനയായി തോന്നിയേക്കാം. എന്നാൽ, അതിന്റെ അർഥം മനസ്സിലാക്കിയാൽ അങ്ങനെയല്ല. ഭയത്താൽ പ്രേരിതനായി പ്രവർത്തിക്കുന്ന ഒരാൾക്കു വിവേകപൂർവം പ്രവർത്തിക്കാനാവില്ല എന്നു മാത്രമാണ് അതിനർഥം. ശാന്തത പാലിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തമായി ചിന്തിക്കാനുമുള്ള ഒരാളുടെ കഴിവിനു ഭയം വലിയ ഹാനി വരുത്തുന്നു. അതുകൊണ്ടാണ് പ്രധാനപ്പെട്ട ഈ ആത്മീയ കാര്യത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഇത്ര വ്യക്തമായി സംസാരിക്കുന്നത്. ഭയം ദൈവത്തിലുള്ള വിശ്വാസത്തിനും ആശ്രയത്തിനും വഴിമാറണം (കാണുക ഡയറി #626-627).

നിങ്ങളിൽ ഏറ്റവും അധികം ഉത്കണ്ഠയും ആശങ്കയും ഭയവും ഉളവാക്കുന്നത് എന്താണ്? നാമെല്ലാവരും നേരിടുന്ന ഒരു പോരാട്ടമാണിത്. അതു സമ്മതിക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല. അപ്പോൾ, എന്താണത്? നിങ്ങളെ ഏറ്റവുമധികം തളർത്തുന്നത് എന്താണെന്നു തിരിച്ചറിയുക. അപ്പോൾ, നിങ്ങൾ ഏറ്റവും വിശ്വാസത്തോടെ തന്റെ പക്കൽ സമർപ്പിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നത് എന്താണെന്നും നിങ്ങൾ തിരിച്ചറിയും. ആ പോരാട്ടത്തിന്റെ ആഴത്തിലേക്കു കടന്നുചെല്ലുക. ആ ആശങ്കയും ഭയവും ആത്മാർഥമായി ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ച് അവിടുന്നിൽ വിശ്വസിക്കുക. ദൈവം സർവശക്തനാണെന്നും ഏതു സാഹചര്യവും കൈകാര്യം ചെയ്യാൻ കഴിവുള്ളവനാണെന്നും വിശ്വസിക്കുക. കാര്യങ്ങൾ മാറണമെന്ന് നിങ്ങൾ കരുതുന്ന രീതിയിൽ അവിടുന്ന് അവയെ മാറ്റിയെന്നുവരില്ല. എന്നാൽ, അവിടുന്ന് നിങ്ങളുടെ ഭാരം നീക്കുകയും നിങ്ങളെ എളുപ്പത്തിൽ തളർത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഭയം കൂടാതെ മുന്നോട്ടുപോകാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും. ഭയം നിങ്ങളുടെ ജീവിതത്തിൽ ആധിപത്യം പുലർത്താൻ അനുവദിക്കരുത്. ദൈവത്തിൽ വിശ്വസിക്കുക; ആ വിശ്വാസം നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ.

ഈശോയേ, അങ്ങയിൽ വിശ്വസിക്കാനും എന്റെ അനേകം ഭാരങ്ങളെല്ലാം അങ്ങയെ ഏൽപ്പിക്കാനും ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, (അല്പനേരം നിർത്തി, ഏറ്റവുമധികം ഭയവും ഉത്കണ്ഠയും ഉളവാക്കുന്നത് എന്താണെന്നു പറയുക) എന്നതുമായി ഞാൻ അങ്ങയിലേക്കു തിരിയുന്നു. ഈ ഭാരത്തിലേക്ക് അങ്ങ് കടന്നുവന്ന് അങ്ങയുടെ സൗമ്യമായ കരത്താൽ അത് എടുത്തുമാറ്റി, പകരം സമാധാനവും ആഴമായ ആന്തരിക ശാന്തതയും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.\

ഉയിർപ്പുതിരുനാൾ പ്രാർഥനകൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ