ചിത്രം: flickr വഴി
മഹത്തായ പ്രവൃത്തികൾ ചെയ്യുന്നതാണോ, ചെറിയ ത്യാഗങ്ങൾ അനുഷ്ഠിക്കുന്നതാണോ കൂടുതൽ നല്ലത്? ദൈവത്തിനുവേണ്ടി ചെയ്യുന്ന ഏതെങ്കിലും മഹത്തായ പ്രവൃത്തി ഏതൊരു ചെറിയ ത്യാഗത്തെക്കാളും ഏറെ മികച്ചതാണെന്ന് എളുപ്പത്തിൽ നാം നിഗമനത്തിലെത്തിയേക്കാം. എന്നാൽ അത് അങ്ങനെയാണോ? അതെല്ലാം ദൈവത്തിന്റെ തിരുവിഷ്ടത്തെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോൾ ദൈവത്തിനുവേണ്ടി നാം ഏതെങ്കിലും “മഹത്തായ പ്രവൃത്തി” ഏറ്റെടുക്കും; എന്നാൽ ഒടുവിൽ അത് അവിടുത്തെ പദ്ധതിയുടെ ഭാഗമായിരിക്കില്ല. ദൈവത്തിന്റെ പ്രചോദനത്താൽ ചെയ്യപ്പെടുകയും അവിടുന്നുതന്നെ അതിനെ നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരു പ്രവൃത്തി മഹത്തായിത്തീരുന്നത്. മറിച്ച്, വളരെ ചെറിയൊരു ത്യാഗം അനുഷ്ഠിക്കാൻ ദൈവം നിങ്ങളെ പ്രചോദിപ്പിക്കുകയും നിങ്ങൾ അത് സ്വീകരിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് സ്വയം സങ്കൽപ്പിക്കാനാകുന്ന മറ്റേതൊരു ത്യാഗത്തെക്കാളും ഈ ചെറിയ ത്യാഗം ആത്മാക്കളുടെ രക്ഷയ്ക്കായി കൂടുതൽ നന്മ ചെയ്യുമെന്ന് ഉറപ്പിക്കാം. വാസ്തവത്തിൽ, ദൈവത്തിന്റെ തിരുവിഷ്ടത്തെ നിങ്ങളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നിർബന്ധപൂർവം മാറ്റാൻ ശ്രമിക്കുന്നത്, നിങ്ങളുടെ ആശയം വിശുദ്ധമായി തോന്നിയാലും, അനിവാര്യമായും ദൈവരാജ്യത്തിന് നന്മയെക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത് (കാണുക: ഡയറി #639).
എന്തു ചെയ്യാനാണ് ദൈവം നിങ്ങളെ പ്രചോദിപ്പിക്കുന്നത്? അവിടുത്തെ വിശുദ്ധ തിരുവിഷ്ടം നിറവേറ്റാൻ നിങ്ങൾ എങ്ങനെയാണ് വിളിക്കപ്പെട്ടിരിക്കുന്നത്? ഏറ്റവും ചെറിയ കാര്യങ്ങളിൽ അവിടുത്തെ പ്രചോദനം അന്വേഷിക്കുക. അത് മറ്റൊരാളോടു പറയുന്ന ദയയുള്ള ഒരു വാക്കായിരിക്കാം; അല്ലെങ്കിൽ നിങ്ങൾക്കുമാത്രം അറിയാവുന്ന, മറഞ്ഞിരിക്കുന്ന ഒരു ചെറിയ ത്യാഗമായിരിക്കാം. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്ന “മഹത്തായ” എന്തെങ്കിലും ചെയ്യാനാണ് അവിടുന്ന് നിങ്ങളെ വിളിക്കുന്നതെങ്കിൽ, അതിനെ ഭയപ്പെടരുത്; അതേസമയം അതിൽ അമിതമായി അഭിമാനിക്കുകയും അരുത്. വലുതോ ചെറുതോ ആകട്ടെ, എല്ലാ കാര്യങ്ങളും ദൈവത്തിന്റെ തിരുവിഷ്ടമനുസരിച്ച് ചെയ്യുക. അപ്പോൾ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും യഥാർഥത്തിൽ മഹത്തരമാണെന്ന് നിങ്ങൾ കണ്ടെത്തും!
കർത്താവേ, അങ്ങയുടെ വിശുദ്ധ തിരുവിഷ്ടത്തിൽ മാത്രമാണ് മഹത്ത്വം കണ്ടെത്താനാകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ പരിപൂർണമായ ഹൃദയത്തിലുള്ളതു മാത്രം അന്വേഷിക്കാൻ, എന്റെ സ്വന്തം ആശയങ്ങളും പദ്ധതികളും മാറ്റിവയ്ക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് എന്നോട് ആവശ്യപ്പെടുന്ന ഓരോ ചെറിയ ത്യാഗവും എളിമയോടെ സ്വീകരിക്കാനും, എന്റെ കഴിവിന് അതീതമെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ധൈര്യമുണ്ടാകാനും എന്നെ സഹായിക്കണമേ. അങ്ങയെ ശ്രവിക്കാനും അങ്ങ് പറയുന്ന എന്തിനോടും ഉദാരമായി പ്രതികരിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




