ഗ്വീദോ റെനി, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി
ചിലപ്പോൾ, ദൈവം നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ വേഗത്തിൽ അവിടുത്തെ തിരുവിഷ്ടം നിറവേറാൻ നാം തിടുക്കം കൂട്ടാറുണ്ട്. അതിന്റെ ഫലമായി, ദൈവത്തിന്റെ ഇഷ്ടമല്ല, നമ്മുടെ സ്വന്തം ഇഷ്ടമാണ് നാം ഒടുവിൽ ചെയ്യുന്നത്. ക്ഷമയാണ് ഇതിന്റെ താക്കോൽ. കർത്താവ് നമ്മിൽ പ്രവർത്തിക്കാനായി നാം ക്ഷമയോടെ അവിടുത്തെ കാത്തിരിക്കണം; അങ്ങനെ എല്ലാം നമ്മിലൂടെ ചെയ്യുന്നത് അവിടുന്നുതന്നെയാകും. വാസ്തവത്തിൽ, നമ്മുടെ ജീവിതത്തിൽ ക്ഷമ അഭ്യസിക്കണമെന്ന് ദൈവം അതിയായി ആഗ്രഹിക്കുന്നു. ക്ഷമയിലൂടെ നമ്മുടെ സ്വന്തം ഇഷ്ടവും ആശയങ്ങളും വിട്ടുകൊടുക്കാനും, നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നതിനെക്കാൾ എത്രയോ അധികം കർത്താവ് നിറവേറ്റുന്നത് കാണാനും നമുക്ക് സാധിക്കുന്നു. നാം ജാഗ്രതയുള്ളവരായിരിക്കണം; കർത്താവ് ഒരു വാതിൽ തുറക്കുമ്പോഴോ വഴി കാണിച്ചുതരുമ്പോഴോ അവിടുത്തോട് പ്രത്യുത്തരിക്കണം. എന്നാൽ വാതിൽ തുറക്കുന്നതും വഴി കാണിച്ചുതരുന്നതും അവിടുന്ന് ചെയ്യുന്നതിനായി നാം കാത്തിരിക്കണം (കാണുക ഡയറി #693).
ജീവിതത്തിൽ ഏതു കാര്യത്തിലാണ് നിങ്ങൾ അക്ഷമരാകുന്നത്? ഏതു കാര്യത്തിലാണ് ദൈവം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്? ഈ ആന്തരിക സംഘർഷത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. ദൈവം നൽകാൻ ആഗ്രഹിക്കുന്ന മാർഗദർശനത്തിനും കൃപയ്ക്കും ക്ഷമ എന്ന പുണ്യം വാതിൽ തുറക്കുന്നുവെന്ന് അറിയുക. അവിടുത്തെ സമയത്തും അവിടുത്തെ രീതിയിലും കാര്യങ്ങൾ ചെയ്യാൻ അവിടുത്തെ അനുവദിക്കുക. അപ്പോൾ അവിടുത്തെ വഴികൾ നിങ്ങളുടേതിനെക്കാൾ എത്രയോ ഉന്നതമാണെന്ന് നിങ്ങൾ കണ്ടെത്തും.
കർത്താവേ, അങ്ങയുടെ വഴികൾ എന്റേതിനെക്കാൾ അനന്തമായി ഉന്നതമാണെന്നും എന്റെ ചിന്തകൾക്കുപകരം അങ്ങയുടെ ചിന്തകളാണ് ഞാൻ തിരഞ്ഞെടുക്കേണ്ടതെന്നും എനിക്കറിയാം (കാണുക ഏശ. 55:8). എല്ലാ കാര്യങ്ങളിലും ക്ഷമയോടെയിരിക്കാനുള്ള കൃപ എനിക്കു നൽകണമേ. അങ്ങയെ കാത്തിരിക്കാനും, അങ്ങയുടെ പരിപൂർണ ജ്ഞാനത്തിനനുസൃതമായി അങ്ങയുടെ കരുണ സമൃദ്ധമായി ചൊരിയപ്പെടുമെന്ന് വിശ്വസിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മേയ് 15, വെള്ളിയാഴ്ച – മേയ് 23, ശനിയാഴ്ച
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ




