മലയാളം

ധ്യാനചിന്ത 281: അചഞ്ചലമായ ദൈവതിരുവിഷ്ടം

ആത്മീയ പരവശതയിൽ വിശുദ്ധ ഫിലിപ്പ് നേരി, ഗ്വീദോ റെനിയുടെ ചിത്രം

വീഡിയോ

ചിലപ്പോഴൊക്കെ, നാം ദൈവത്തെ അഗാധമായി സ്നേഹിക്കുമ്പോൾ, ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യാനുള്ള ശക്തമായ പ്രേരണകൾ നമ്മിലുണ്ടാകാം.  എന്നിട്ടും, നമ്മുടെ ആഗ്രഹവും ഉറച്ച തീരുമാനവും ഉണ്ടായിരുന്നിട്ടും, നമ്മുടെ പ്രവൃത്തി മുന്നോട്ടുപോകാൻ ദൈവം അനുവദിക്കുന്നില്ലെന്നു തോന്നിയേക്കാം.  ഇതിനു കാരണം ഒരുപക്ഷേ കർത്താവ് പ്രവർത്തിക്കാൻ ഇനിയും സന്നദ്ധനായിട്ടില്ല എന്നതാകാം.  ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ ശക്തമായ ആഗ്രഹമുണ്ടാകുന്നത് നല്ലതാണെങ്കിലും, നമ്മുടെ ആഗ്രഹങ്ങൾ ദൈവതിരുവിഷ്ടത്തിന്റെ തികവുറ്റ സമയക്രമത്തിനും ജ്ഞാനത്തിനും അനുസൃതമായിരിക്കണമെന്ന് നാം എപ്പോഴും ഓർക്കണം.  ഏറ്റവും ഉചിതമായത് എന്തെന്ന് അവിടുന്ന് അറിയുന്നു. താൻ പ്രചോദിപ്പിക്കുന്ന പ്രവൃത്തി താൻ ഇച്ഛിക്കുന്ന സമയത്ത് ഫലമണിയാൻ അവിടുന്ന് അനുവദിക്കും; അതിനു മുമ്പല്ല.  നിങ്ങളുടെ ഉള്ളിലെ പ്രേരണകളെ ദൈവത്തിനു സമർപ്പിക്കുന്നത്, അവിടുന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രവൃത്തിയെ ശുദ്ധീകരിക്കാൻ അവിടുത്തെ അനുവദിക്കുന്ന ഒരു മാർഗമാണ്. അങ്ങനെ അത് ആത്യന്തികമായി നമ്മിലുള്ള അവിടുത്തെ പ്രവൃത്തിയായിത്തീരും; നല്ലതെന്തെന്ന നമ്മുടെ സ്വന്തം ധാരണയ്ക്കനുസരിച്ച് നാം ചെയ്യുന്ന പ്രവൃത്തി മാത്രമായിരിക്കില്ല.  ദൈവതിരുവിഷ്ടം അചഞ്ചലമാണ്. തികച്ചും ഉചിതമായ സമയത്ത് നടപ്പാക്കപ്പെടുന്ന തന്റെ പരിപൂർണമായ പദ്ധതിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ലോകത്തിലെ സകല അഭിലാഷങ്ങൾക്കും ആഗ്രഹങ്ങൾക്കും അവിടുത്തെ പ്രേരിപ്പിക്കാനാവില്ല.  ദൈവത്തിന്റെ മുമ്പിൽ സ്വയം എളിമപ്പെടുത്തുക. അപ്പോൾ അവിടുന്ന് ആഗ്രഹിക്കുന്ന വിധത്തിൽ നിങ്ങളിലൂടെ തന്റെ കരുണയാൽ ലോകത്തെ അനുഗ്രഹിക്കും (കാണുക: ഡയറി #1389).

നമ്മുടെ കർത്താവിനെ സേവിക്കാനുള്ള ആഗ്രഹം നിറഞ്ഞ ഹൃദയം നിങ്ങൾക്കുണ്ടോ?  ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.  ഈ ആഗ്രഹങ്ങളെക്കുറിച്ച് ധ്യാനിക്കുകയും അവ നമ്മുടെ കർത്താവിനെ പ്രസാദിപ്പിക്കുന്നുവെന്ന് അറിയുകയും ചെയ്യുക.  എന്നാൽ, അവ പൂർണതയിലെത്തണമെങ്കിൽ ഏറ്റവും പരിശുദ്ധമായ ആഗ്രഹംപോലും ദൈവതിരുവിഷ്ടത്തിനു സമർപ്പിക്കപ്പെടണം എന്ന വസ്തുതയെക്കുറിച്ചും ധ്യാനിക്കുക.  ഇന്ന് പ്രാർഥനാപൂർവം ആ തീരുമാനം എടുക്കുക. അപ്പോൾ ദൈവം നിങ്ങളുടെ ഹൃദയംഗമമായ ആഗ്രഹത്തിലൂടെ തന്റെ കരുണാർദ്രഹൃദയം ലോകത്തിനു വെളിപ്പെടുത്തും.

കർത്താവേ, പൂർണഹൃദയത്തോടെ അങ്ങയെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  എന്റെ ഇഷ്ടം അങ്ങയുടെ തിരുവിഷ്ടത്തിൽ അലിഞ്ഞുചേരേണ്ടതിന് ആ ആഗ്രഹം വർധിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യണമേ.  അങ്ങയുടെ ജ്ഞാനത്തിനും സ്നേഹത്തിനും ഞാൻ കീഴടങ്ങുമ്പോൾ, എന്റെ “നല്ല” ആശയങ്ങൾപോലും വിട്ടുകൊടുക്കാൻ എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയുടെ പരിപൂർണമായ തിരുവിഷ്ടത്തിന് അനുസൃതമായി അങ്ങ് എന്നെ ഉപയോഗിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ നേടൂ.

ഒക്ടോബർ മാസം സമർപ്പിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധ ജപമാലയ്ക്കാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ