മലയാളം

ധ്യാനചിന്ത 174: ദൈവം നിശ്ചയിക്കുന്ന സമയം തികച്ചും ഉചിതമാണ്

ചിത്രം: Pickpik വഴി

വീഡിയോ

ഈ ലോകത്തിൽ ദൈവതിരുഹിതം നിറവേറ്റാനും അവിടുത്തേക്കുവേണ്ടി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുമ്പോൾ, ചിലപ്പോൾ നമ്മുടെ രീതിയിലും നാം നിശ്ചയിക്കുന്ന സമയത്തും കാര്യങ്ങൾ ചെയ്യാൻ നാം ശ്രമിച്ചേക്കാം.  എന്നാൽ ദൈവതിരുഹിതം യഥാർഥത്തിൽ നിറവേറ്റാൻ നിങ്ങൾ തീക്ഷ്ണമായി പ്രാർഥിക്കുകയും അവിടുത്തെ വിശുദ്ധ തിരുഹിതത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുകയും വേണം; അതിനുശേഷം അവിടുത്തെ തിരുഹിതത്തിന്റെ പൂർത്തീകരണംപോലും അവിടുത്തേക്കു സമർപ്പിക്കണം.  നിങ്ങൾക്ക് ഏറ്റവും നല്ലതെന്നു തോന്നുന്നത്, ഏറ്റവും ഉചിതമെന്നു നിങ്ങൾ കരുതുന്ന സമയത്ത് ചെയ്യുക എന്നതു മാത്രമല്ല ഇതിന്റെ അർഥം; മറിച്ച്, അവിടുന്ന് നിർദേശിക്കുന്ന വിധത്തിൽ, അവിടുന്ന് നിർദേശിക്കുന്ന സമയത്ത് അവിടുത്തെ വിശുദ്ധ തിരുഹിതം നിറവേറ്റുക എന്നതാണ്.  അതിൽ കൂടുതലുമില്ല, കുറവുമില്ല.  ഇത് വിശ്വാസപൂർവമായ ആശ്രയത്തിന്റെ ഒരു പ്രവൃത്തിയാണ്. ദൈവം നിശ്ചയിച്ചിരിക്കുന്ന പരിപൂർണ്ണമായ പദ്ധതിക്കും അവിടുന്ന് നിശ്ചയിക്കുന്ന സമയത്തിനും അനുസൃതമായി അവിടുന്ന് വലിയ കാര്യങ്ങൾ നിറവേറ്റുന്നതിലൂടെ ഇതിനുള്ള പ്രതിഫലം ലഭിക്കും (കാണുക ഡയറി #916).

ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ, ആ ആഗ്രഹം അവിടുത്തോടു പറയുകയും അവിടുത്തെ തിരുഹിതത്തിനു നിങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുക.  അതിനുശേഷം കാത്തിരിക്കുക, വീണ്ടും വീണ്ടും കാത്തിരിക്കുക.  തുടർന്നും വിശ്വസിക്കുകയും സമർപ്പിക്കുകയും ചെയ്യുക; ഉചിതമായ സമയത്ത് പ്രവർത്തിക്കാൻ അവിടുന്ന് നിങ്ങളെ പ്രചോദിപ്പിക്കുമെന്ന് വിശ്വസിക്കുക.  ദൈവതിരുഹിതത്തെ നിങ്ങൾ എത്രമാത്രം ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് ഇന്ന് ചിന്തിക്കുക.  പ്രവർത്തിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നതിന് ഏറ്റവും ഉചിതമായ നിമിഷത്തിനായി ദൈവം എപ്പോഴും കാത്തിരിക്കും.  അവിടുത്തെ ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, സ്വർഗത്തിൽനിന്ന് സമൃദ്ധമായ കാരുണ്യം ഒഴുകുന്നതു നിങ്ങൾ കാണും.

കർത്താവേ, അങ്ങേക്കു എന്നെത്തന്നെ സമർപ്പിക്കുകയും അങ്ങയുടെ മഹത്ത്വത്തിനുള്ള ഒരു ഉപകരണമായി എന്നെ അങ്ങയെ ഏൽപ്പിക്കുകയും ചെയ്യുമ്പോൾ, അങ്ങ് നിർദേശിക്കുന്ന സമയത്തും വിധത്തിലും മാത്രം പ്രവർത്തിക്കാൻ എനിക്കു കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു.  അങ്ങയുടെ ജ്ഞാനം പരിപൂർണ്ണമാണെന്നും സുന്ദരമായ ഐക്യത്തോടെ അങ്ങ് സകലതും ക്രമീകരിക്കുന്നുവെന്നും എപ്പോഴും തിരിച്ചറിയാൻ എന്നെ സഹായിക്കണമേ.  അങ്ങയുടെ തിരുഹിതത്തിൽ ഞാൻ വിശ്വസിക്കുന്നു; ഇന്നും എപ്പോഴും എന്റെ സ്വന്തം ഇഷ്ടത്തെക്കാൾ അങ്ങയുടെ തിരുഹിതം ഞാൻ തിരഞ്ഞെടുക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ