മലയാളം

ധ്യാനചിന്ത 148: ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുള്ള കരുണ

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോടൊപ്പം മാതാവും ഉണ്ണീശോയും — രചന: ലൂക്ക ജിയോർദാനോ

വീഡിയോ

പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ, ആ വ്യക്തി സ്വർഗത്തിലാണെന്നും ഇനി നമ്മുടെ പ്രാർഥനകൾ ആവശ്യമില്ലെന്നും ഉടൻതന്നെ കരുതാൻ എളുപ്പമാണ്. എന്നാൽ നമുക്കു മുമ്പേ മരണമടഞ്ഞവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് നമ്മുടെ പ്രാർഥനകൾ. കൃപാവസ്ഥയിൽ മരിക്കുന്ന ഓരോ വ്യക്തിയും (അതായത്, അനുതപിക്കാത്ത മാരകപാപം അവരിൽ ഇല്ലെങ്കിൽ) ഒടുവിൽ സ്വർഗത്തിന്റെ മഹിമകളിലേക്കു പ്രവേശിക്കുമെന്നത് സത്യമാണ്. എന്നാൽ പരമപരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യത്തിന്റെ പൂർണ മഹിമയിലേക്കു പ്രവേശിക്കുന്നതിന്, എത്ര ചെറുതായാലും എല്ലാ പാപങ്ങളും പൂർണമായി നീക്കപ്പെടണമെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു. ഇതാണ് ശുദ്ധീകരണസ്ഥലം; ശുദ്ധീകരണസ്ഥലം നമ്മുടെ വിശ്വാസത്തിലെ വ്യക്തവും സുനിശ്ചിതവുമായ ഒരു പ്രബോധനമാണ്. എന്നാൽ ശുദ്ധീകരണസ്ഥലം തന്നെ വളരെ എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നു. ദൈവത്തിന്റെ കോപത്തിന്റെ ഫലമായി ശിക്ഷിക്കപ്പെടാൻ നാം പോകുന്ന ഒരു സ്ഥലമല്ല അത്. മറിച്ച്, ദൈവത്തിന്റെ സ്നേഹത്താൽ നാം അന്തിമ ശുദ്ധീകരണത്തിലേക്കു പ്രവേശിക്കുന്ന ഒരവസ്ഥയാണത്. അവിടുത്തെ ജ്വലിക്കുന്ന സ്നേഹമാണ് പാപത്തോടുള്ള നമ്മുടെ അവസാനത്തെ ആസക്തിപോലും നീക്കി നമ്മെ ശുദ്ധീകരിക്കുന്നത്. ഓരോ ദുശ്ശീലവും, സ്നേഹപ്രവൃത്തികളിലെ ഓരോ വീഴ്ചയും, ഓരോ അശുദ്ധചിന്തയും, നമ്മോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാത്ത എല്ലാംതന്നെ അതിലൂടെ നീക്കപ്പെടുന്നു. ശുദ്ധീകരണസ്ഥലം ദൈവകരുണയുടെ ഒരു പ്രവൃത്തിയാണ്. ഈ ഭൂമിയിൽനിന്ന് വേർപിരിഞ്ഞവർക്കുവേണ്ടി അർപ്പിക്കുന്ന നമ്മുടെ പ്രാർഥനകളിലൂടെയും ത്യാഗങ്ങളിലൂടെയും ദണ്ഡവിമോചനങ്ങളിലൂടെയും ആ കരുണ അവരുടെമേൽ ചൊരിയാൻ സഹായിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു (കാണുക ഡയറി #748).

നിങ്ങൾക്കു മുമ്പേ മരണമടഞ്ഞ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുക. അവരോടുള്ള നിങ്ങളുടെ സ്നേഹം, പ്രത്യേകിച്ച് ഇന്ന്, അവർക്കുവേണ്ടി പ്രാർഥിക്കാൻ നിങ്ങളെ പ്രേരിപ്പിക്കട്ടെ. അവർക്കുവേണ്ടി നിങ്ങൾ അർപ്പിക്കുന്ന പ്രാർഥനകളും ത്യാഗങ്ങളും ദണ്ഡവിമോചനങ്ങളുമാണ് നിങ്ങൾക്ക് അവർക്കു നൽകാവുന്ന കരുണയുടെ ഏറ്റവും വലിയ സമ്മാനമെന്ന് വിശ്വസിക്കുക.

കർത്താവേ, (മരണമടഞ്ഞ പ്രിയപ്പെട്ട ഒരാളുടെ പേര് പറയുക) എന്ന വ്യക്തിക്കുവേണ്ടി ഞാൻ പ്രാർഥിക്കുന്നു; അവന്റെ/അവളുടെ ആത്മാവിൽ അങ്ങയുടെ ദൈവകരുണ നിറഞ്ഞൊഴുകണമേ എന്ന് അപേക്ഷിക്കുന്നു. എല്ലാ പാപങ്ങളും നീക്കി ശുദ്ധീകരിച്ച് അങ്ങയുടെ സ്വർഗരാജ്യത്തിന്റെ മഹിമകളിലേക്കു പ്രവേശനം നൽകണമേ. അങ്ങയുടെ കരുണ ഏറ്റവും ആവശ്യമുള്ള എല്ലാ വിശുദ്ധാത്മാക്കൾക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ