മലയാളം

വിചിന്തനം 147: പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയും കരുണ

ഇളയ ഡേവിഡ് – ശാരീരികമായ ഏഴ് കാരുണ്യപ്രവൃത്തികൾ

വീഡിയോ

ദൈവത്തിന്റെ അഗാധമായ കരുണയുടെ ഉപകരണമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ, നിങ്ങളുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയുമാണ് നിങ്ങൾ അത് സാധിക്കുന്നത്.  ഒന്നാമതായി, പ്രവൃത്തികളിലൂടെ കരുണ കാണിക്കാനുള്ള അവസരങ്ങൾക്കായി നിങ്ങൾ നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം.  പലപ്പോഴും, അവസരം ലഭിക്കുമ്പോൾ (മറ്റൊരാളോട് ക്ഷമിക്കാനുള്ള അവസരംപോലെ), നാം പിന്തിരിയുന്നു.  എന്നാൽ ഈ അവസരങ്ങൾ തേടിക്കണ്ടെത്താനും അവ ലഭിക്കുമ്പോൾ സന്തോഷിക്കാനും നാം ജാഗ്രതയും പ്രതിബദ്ധതയും പുലർത്തണം.  രണ്ടാമതായി, നിങ്ങളുടെ വാക്കുകൾക്ക് കൃപയും കരുണയും പകരാൻ കഴിയും; അല്ലെങ്കിൽ അവയ്ക്ക് മുറിവേൽപ്പിക്കാനും ദോഷം ചെയ്യാനും കഴിയും.  പരുഷമായി സംസാരിക്കുമ്പോഴും, സംസാരിക്കേണ്ട സമയത്ത് സംസാരിക്കാതിരിക്കുമ്പോഴും നാം ദോഷം ചെയ്യുന്നു.  ദൈവത്തിന്റെ സത്യം സന്നിഹിതമാക്കുന്നതിനായി സ്നേഹത്തോടെ സത്യത്തിന്റെ വാക്കുകൾ പറയുമ്പോൾ—അവ വെല്ലുവിളിക്കുന്ന വാക്കുകളാണെങ്കിൽപ്പോലും—നാം കരുണ പകരുന്നു.  മൂന്നാമതായി, മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതിന്റെയും ത്യാഗങ്ങൾ അർപ്പിക്കുന്നതിന്റെയും ശക്തി നാം പലപ്പോഴും മറന്നുപോകുന്നു.  ലോകത്തിനാകെ വേണ്ടിയും ഓരോ വ്യക്തിക്കും പ്രത്യേകമായും മാധ്യസ്ഥ്യം വഹിക്കുന്നത്, താക്കോൽ തിരിച്ച് ദൈവകൃപയുടെ വാതിലുകൾ തുറക്കുന്നതിനുള്ള ഒരു മാർഗമാണ്.  കരുണയുടെ അനിവാര്യമായ ഈ പ്രവൃത്തി അവഗണിക്കരുത് (കാണുക ഡയറി #742).

നിങ്ങളുടെ പ്രവൃത്തികളെയും വാക്കുകളെയും പ്രാർഥനകളെയും കുറിച്ച് വിചിന്തനം ചെയ്യുക.  തന്റെ കരുണ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമ്മുടെ കർത്താവ് നിങ്ങളെ ഉപയോഗിച്ച വ്യക്തമായ വഴികൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കു കഴിയുമോ?  അവയിൽ ചിലത് തിരിച്ചറിയാൻ ശ്രമിക്കുക. ഈ ആത്മപരിശോധന നിങ്ങൾക്കു പ്രയാസകരമാണെങ്കിൽ, നിങ്ങളിലൂടെ അനുദിനം ചൊരിയുന്ന തന്റെ കരുണ വർധിപ്പിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു എന്നതിന്റെ നല്ലൊരു സൂചനയാണത്.

കർത്താവേ, എന്റെ വാക്കുകളും പ്രവൃത്തികളും പ്രാർഥനാജീവിതവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നെ ഉപയോഗിക്കുകയും അങ്ങ് അനുദിനം നൽകുന്ന പ്രചോദനങ്ങൾ ശ്രദ്ധിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ.  ഈ ലോകത്തിൽ അങ്ങയുടെ പൂർണമായ സ്നേഹം പകരാനുള്ള അവസരങ്ങൾ ഓരോ ദിവസവും, ദിവസം മുഴുവനും, ആത്മാർഥമായി തേടിക്കണ്ടെത്താൻ എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, എന്നെത്തന്നെ ഞാൻ അങ്ങേക്കു നൽകുന്നു.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മേയ് 27 – കാന്റർബറിയിലെ വിശുദ്ധ അഗസ്തീനോസ്, മെത്രാൻ—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ