മലയാളം

ധ്യാനചിന്ത 158: നിങ്ങളുടെ സംസാരത്തിന്റെ ഉള്ളടക്കം

ധൂർത്തപുത്രൻ — ചിത്രകാരൻ: ഗെറാർഡ് വാൻ ഹോന്തോർസ്റ്റ്

വീഡിയോ

നിങ്ങളുടെ ദൈനംദിന സംസാരത്തിന്റെ ഉള്ളടക്കം നിങ്ങളുടെ ആത്മാവിൽ നിറഞ്ഞിരിക്കുന്നതിന്റെ വ്യക്തമായ പ്രതിഫലനമാണ്.  അപ്പോൾ നിങ്ങളുടെ സംസാരം എന്താണ് പ്രതിഫലിപ്പിക്കുന്നത്?  ദിവസം മുഴുവനുമുള്ള നിങ്ങളുടെ സംഭാഷണങ്ങൾ ഉപരിപ്ലവവും ലൗകികവുമായ കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്ന് പലപ്പോഴും നിങ്ങൾ കണ്ടെത്തിയേക്കാം.  ഇത്തരത്തിലുള്ള ചില സാധാരണ സംഭാഷണങ്ങൾ സ്വാഭാവികവും ആരോഗ്യകരവുമാണെങ്കിലും, ദൈവമഹത്വത്തെയും നിങ്ങളുടെ വിശ്വാസജീവിതത്തെയും കുറിച്ച് പതിവായി നടത്തുന്ന സംഭാഷണങ്ങളും നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയണം.  ഓരോ ദിവസവും നിങ്ങളുടെ വാക്കുകളിൽ സ്നേഹവും വിശുദ്ധിയും കാണാൻ നിങ്ങൾക്ക് കഴിയണം.  മറ്റുള്ളവരെ വളർത്തുന്ന വാക്കുകളും നിങ്ങൾക്ക് കാണാൻ കഴിയണം (കാണുക: ഡയറി #804).

കഴിഞ്ഞ ആഴ്ചയിലെ നിങ്ങളുടെ സംഭാഷണങ്ങളെക്കുറിച്ച് ചിന്തിക്കുക.  അവ എന്തിനെക്കുറിച്ചായിരുന്നു?  കപടമായോ പരുഷമായോ സംസാരിക്കുന്ന കെണിയിൽ നിങ്ങൾ വീണുപോയിട്ടുണ്ടോ?  മറ്റുള്ളവരെ വിമർശിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്തിട്ടുണ്ടോ?  അങ്ങനെയെങ്കിൽ, ഈ സംഭാഷണങ്ങൾ നിങ്ങളുടെ ആത്മാവിന്റെ അവസ്ഥ വെളിപ്പെടുത്തുന്നു.  ചിലപ്പോൾ നിങ്ങളുടെ സംഭാഷണങ്ങൾ പാപത്തിന്റെ ഗണത്തിൽപ്പെടുന്നവ ആയിരിക്കില്ല; എങ്കിലും സമ്പത്തിനോടുള്ള ഭ്രമം, വിനോദം, തമാശകൾ തുടങ്ങിയ ലൗകികവും അപ്രധാനവുമായ കാര്യങ്ങൾ അവയിൽ ആധിപത്യം പുലർത്തിയേക്കാം.  ഇവയൊന്നും സ്വതവേ തിന്മയല്ലായിരിക്കാം. എങ്കിലും നിങ്ങളുടെ സംസാരത്തിൽ ഇവയ്ക്കാണ് മുഖ്യസ്ഥാനമെങ്കിൽ, കർത്താവിന് അവിടെ ഇടം വളരെ കുറവായിരിക്കും.  നിങ്ങളുടെ വാക്കുകളും ദൈനംദിന സംഭാഷണങ്ങളും ക്രിസ്തുവിനോടുള്ള നിങ്ങളുടെ അഗാധമായ സ്നേഹത്തിന്റെ പ്രതിഫലനമാക്കാൻ പരിശ്രമിക്കുക.  നിങ്ങളുടെ ജീവിതത്തിൽ സജീവമായിരിക്കുന്ന ദൈവകരുണയുടെ ഒഴുക്കായി നിങ്ങളുടെ സംസാരം മാറട്ടെ.  നിങ്ങളുടെ ആത്മാവിന്റെ വിശുദ്ധി ദൈവം വെളിപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് വിശുദ്ധി പകരാൻ നിങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്ന പ്രധാന വഴികളിലൊന്നാണിത്.

കർത്താവേ, എന്റെ സംസാരം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  എന്റെ ഓരോ ചിന്തയും എന്റെ വായിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കും ഞാൻ അങ്ങേക്കു നൽകുന്നു.  അങ്ങയുടെ മഹത്വവും അങ്ങയുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന കരുണയും വെളിപ്പെടുത്താൻ എന്റെ വാക്കുകളെ ഉപയോഗിക്കണമേ.  ഈ കരുണ എന്റെ ഹൃദയത്തിലും നിറഞ്ഞുനിൽക്കുകയും എല്ലാവരെയും വിശുദ്ധിയിലേക്കു ക്ഷണിച്ചുകൊണ്ട് എന്റെ അധരങ്ങളിൽനിന്ന് ഒഴുകുകയും ചെയ്യട്ടെ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

2026 ജൂൺ 7, ഞായറാഴ്ച – ക്രിസ്തുവിന്റെ അതിപരിശുദ്ധ ശരീരരക്തങ്ങളുടെ മഹോത്സവം

തിരുഹൃദയ നൊവേന
നൊവേനയ്ക്കായി ശുപാർശ ചെയ്യുന്ന തീയതികൾ: ജൂൺ 3 – 11, 2026
അതി പരിശുദ്ധ തിരുഹൃദയത്തിന്റെ മഹോത്സവം ജൂൺ 12, 2026-നാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ