മലയാളം

വിചിന്തനം 217: അലസവും നിഷ്ക്രിയവുമായ ആത്മാവ്

ചിത്രം: നേഥൻ ഡംലാവോ, Unsplash വഴി

വീഡിയോ

ദൈവിക കാര്യങ്ങളിൽ നമ്മുടെ ആത്മാക്കളെ അലസവും നിഷ്ക്രിയവുമാകാൻ അനുവദിക്കുമ്പോൾ നാം ദുഷ്ടനെ പ്രസാദിപ്പിക്കുന്നു. ദൈവത്തിന്റെ ജീവനിൽ പങ്കുചേരാൻ പരിശ്രമിക്കാത്ത ആത്മാവാണ് നിഷ്ക്രിയമായ ആത്മാവ്. നിഷ്ക്രിയമായ ആത്മാവ് ആത്മീയ കാര്യങ്ങളിൽ നിഷ്ക്രിയമായി നിലകൊള്ളുന്നതാണ്; സജീവമായി നിലകൊള്ളുന്നതല്ല. “നിഷ്ക്രിയനായിരിക്കുക” എന്നതിന്റെ അർത്ഥം ആ വ്യക്തി വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും കാര്യങ്ങളിൽ ഒരളവുവരെ ഉദാസീനനാണ് എന്നതാണ്. ഈ മേഖലകളിൽ താത്പര്യം കുറവാണ്; തത്ഫലമായി അവയ്ക്കുവേണ്ടി നടത്തുന്ന പരിശ്രമവും വളരെ കുറവായിരിക്കും. നിങ്ങളുടെ ആത്മീയജീവിതത്തിൽ നിഷ്ക്രിയരായിരുന്നുകൊണ്ട് ദുഷ്ടനെ സന്തോഷിപ്പിക്കരുത്. വിശുദ്ധിയുടെ പാതയിൽ തീക്ഷ്ണതയും ഉത്സാഹവും കഠിനാധ്വാനവും ജാഗ്രതയും പ്രതിബദ്ധതയുമുള്ളവരാകുക. നമ്മുടെ കർത്താവിന് ഉദാരമായി സ്വയം സമർപ്പിച്ചുകൊണ്ടുള്ള ജീവിതത്തിലൂടെ അവിടുത്തെ വ്യക്തിപരമായി കണ്ടുമുട്ടാൻ പരിശ്രമിക്കുക. നിങ്ങളുടെ ആത്മാവിന്റെ സർവശക്തികളോടുംകൂടെ അങ്ങനെ ചെയ്യുന്നതിൽ ഒരിക്കലും മടുത്തുപോകരുത് (കാണുക ഡയറി #1127).

നിങ്ങൾ എന്തിലാണ് അതീവ താത്പര്യം പുലർത്തുന്നത്? ഉദാഹരണത്തിന്, നിങ്ങൾക്ക് എന്തെങ്കിലും വിനോദമോ നേരമ്പോക്കോ ഉണ്ടോ? ഏറെ ഇഷ്ടത്തോടെ ചെയ്യുകയും ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്ന എന്തെങ്കിലും പ്രവൃത്തി നിങ്ങൾക്കുണ്ടോ? ഒരു വിനോദം ഗുണകരമായിരിക്കാമെങ്കിലും, നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട “നേരമ്പോക്ക്” ദൈവത്തെ അന്വേഷിക്കുന്നതും അവിടുത്തെ വിശുദ്ധ തിരുവിഷ്ടം നിറവേറ്റുന്നതുമായിരിക്കണം. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തേക്കാൾ കൂടുതൽ സമയവും ശ്രദ്ധയും ജീവിതത്തിൽ മറ്റൊന്നും അപഹരിക്കരുത്. നിങ്ങളുടെ വിശ്വാസജീവിതത്തിൽ നിങ്ങൾ എത്രമാത്രം ദൃഢനിശ്ചയമുള്ളവരാണെന്ന് വിചിന്തനം ചെയ്യുക. കരുണാമയനായ നിങ്ങളുടെ കർത്താവുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ നിങ്ങൾ എത്രമാത്രം പ്രതിജ്ഞാബദ്ധരാണ്? ഈ കാര്യത്തിൽ നിങ്ങൾ നിഷ്ക്രിയരോ അലസരോ ആണോ? ദൈവത്തോടുള്ള നിങ്ങളുടെ തീക്ഷ്ണത പുതുക്കുക; കർത്താവുമായുള്ള കൂടുതൽ കൂടുതൽ ആഴമേറുന്ന ബന്ധത്തിലേക്ക് നിങ്ങളെ നയിക്കാൻ ആ തീക്ഷ്ണതയെ അനുവദിക്കുക. ആഴ്ചയിൽ ഒരു മണിക്കൂർ മാത്രമായി ഒതുക്കാതെ കൂടുതൽ സമയം അവിടുത്തേക്കു നൽകുക; നിങ്ങളുടെ പ്രതിബദ്ധതയുടെ അനുഗ്രഹങ്ങൾ നിങ്ങൾ കൊയ്തെടുക്കും.

കർത്താവേ, വിശുദ്ധിയിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എങ്കിലും, ചിലപ്പോഴൊക്കെ നിഷ്ക്രിയതയും അലസതയും തിരഞ്ഞെടുക്കുന്നതിനാൽ, വിശുദ്ധിക്കുവേണ്ടി വേണ്ടത്ര ആഗ്രഹം എനിക്കില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. അങ്ങയെ കൂടുതൽ അറിയാനുള്ള എന്റെ തീക്ഷ്ണതയും ആഗ്രഹവും വർധിപ്പിക്കണമേ. അങ്ങയോടുള്ള സ്നേഹത്തിൽ ഞാൻ കൂടുതൽ ആഴപ്പെടുമ്പോൾ, ആ സ്നേഹത്തെ വർധിപ്പിക്കുകയും അത് അനേകമടങ്ങായി വളർന്നുകൊണ്ടിരിക്കാൻ സഹായിക്കുകയും ചെയ്യണമേ. പ്രിയ കർത്താവേ, അങ്ങയെ അന്വേഷിക്കുന്നതിലും സ്നേഹിക്കുന്നതിലും ഞാൻ ഒരിക്കലും മടുത്തുപോകാതിരിക്കട്ടെ. എന്റെ ജീവിതം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഓഗസ്റ്റ് 5 – പരിശുദ്ധ മറിയത്തിന്റെ മേജർ ബസിലിക്കയുടെ പ്രതിഷ്ഠ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ