വിശുദ്ധ ബെനഡിക്ടിനൊപ്പം വിശുദ്ധ സ്കോളാസ്റ്റിക്ക, രചന: ലോറൻസ് OP, CC BY-NC-ND 2.0.
വീഡിയോ
ദൈവവുമായുള്ള ഐക്യത്തിന്റെ ആന്തരികജീവിതത്തിന് യഥാർഥ ഭീഷണിയാണ് സംസാരിക്കാനുള്ള അമിതമായ ആവശ്യം. അല്ല, സംസാരിക്കുന്നത് പാപമല്ല; പലപ്പോഴും അത് മറ്റൊരാളോടു കാണിക്കുന്ന കാരുണ്യപ്രവൃത്തിയാണ്. എന്നാൽ, അമിതമായി സംസാരിക്കുന്നത് ദൈവകരുണയ്ക്കു തടസ്സമാകുന്ന സമയങ്ങളുണ്ട്. സംസാരം, അതിൽത്തന്നെ, നല്ലതോ തിന്മയോ അല്ല. ദൈവത്തിന്റെ മനസ്സിനും തിരുവിഷ്ടത്തിനും അനുസൃതമായി നമ്മുടെ വാക്കുകൾ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അത്രമാത്രം. സത്യം വെളിപ്പെടുത്താനും ദൈവസ്നേഹം പ്രകടമാക്കാനുമുള്ള ഒരു വിശുദ്ധ ഉപകരണമായി നാം സംസാരിക്കുന്ന വാക്കുകളെ കാണണം. അമിതമായ വാക്കുകൾക്കോ, ദൈവത്തോടോ മറ്റുള്ളവരോടോ ഉള്ള നമ്മുടെ സ്നേഹത്തിൽനിന്ന് ഉരുത്തിരിയാത്ത വാക്കുകൾക്കോ, നാം തിരിച്ചറിയുന്നതിലും അധികം ദോഷം വരുത്താൻ കഴിയും. അതിനാൽ, നിങ്ങളുടെ സംസാരം കർത്താവിനു സമർപ്പിക്കുക; അവിടുന്ന് ആഗ്രഹിക്കുന്ന രീതിയിലും സമയത്തും അളവിലും നിങ്ങളിലൂടെ സംസാരിക്കാൻ അവിടുത്തെ അനുവദിക്കുവാൻ പരിശ്രമിക്കുക (കാണുക ഡയറി #1008).
നിങ്ങൾ ധാരാളം സംസാരിക്കാറുണ്ടോ? നിങ്ങൾ വളരെ കുറച്ചുമാത്രമേ സംസാരിക്കാറുള്ളോ? നാം എത്ര വാക്കുകൾ പറയുന്നു എന്നതല്ല കാര്യം; ശരിയായ സമയത്ത്, ശരിയായ രീതിയിൽ, ശരിയായ വാക്കുകൾ പറയുക എന്നതാണ്. നമ്മുടെ വാക്കുകൾക്ക് ഏറെ വേദനയുളവാക്കാൻ കഴിയും; അതുപോലെ, ദൈവകരുണയുടെ സൗഖ്യദായകമായ ലേപനം പകരാനും അവയ്ക്കു കഴിയും. കഴിഞ്ഞ ആഴ്ച നിങ്ങൾ നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് ചിന്തിക്കുക. അവ ദൈവത്തിനു പ്രീതികരമായിരുന്നോ? അവ ദൈവത്തിനു മഹത്ത്വം നൽകുകയും നിങ്ങളുടെയും മറ്റുള്ളവരുടെയും ആത്മീയ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്തോ? നിങ്ങൾ പറയണമെന്ന് കർത്താവ് ആഗ്രഹിച്ച കാര്യങ്ങൾ പറയാൻ വീഴ്ചവരുത്തിയ സന്ദർഭങ്ങളെക്കുറിച്ചും ചിന്തിക്കുക. മൗനം പാലിച്ചുകൊണ്ടുള്ള ഈ ഉപേക്ഷകളും വേദനയ്ക്കു കാരണമാകാം; നമ്മുടെ ലോകത്തിൽ കരുണ നഷ്ടപ്പെടുന്നതിനും അവ കാരണമാകാം. നിങ്ങളുടെ സംസാരം കർത്താവിനു സമർപ്പിക്കുക; നിങ്ങളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്താൻ അവിടുത്തെ അനുവദിക്കുക.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഇന്ന് എന്റെ വാക്കുകൾ അങ്ങയ്ക്കു സമർപ്പിച്ചുകൊണ്ട് എന്റെ സ്നേഹം അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. പിതാവിൽനിന്ന് ഉച്ചരിക്കപ്പെട്ട നിത്യവചനമാണ് അങ്ങ്. എല്ലാ മനുഷ്യരെയും സ്വതന്ത്രരാക്കുന്ന സത്യമാണ് അങ്ങ്. അങ്ങ് എന്നോടു പറയാൻ ആവശ്യപ്പെടുന്നതുമാത്രം സംസാരിക്കാനും, അങ്ങ് അരുളിച്ചെയ്യുന്നതുമാത്രം ശ്രവിക്കാനും എനിക്കു ജ്ഞാനവും മിതത്വവും ധൈര്യവും നൽകണമേ. എന്റെ നാവ് ഈ ലോകത്തിന്റെ അന്ധകാരത്തെ തുളച്ചുകയറുന്ന വാളും, എന്റെ കാത് അങ്ങയുടെ കരുണ ഒപ്പിയെടുക്കുന്ന സ്പോഞ്ചും ആയിത്തീരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




