മലയാളം

ധ്യാനം 162: പ്രകാശം അന്ധകാരത്തെ അകറ്റുന്നു

ചിത്രം ലഭിച്ചത് Pixabay.

വീഡിയോ

പ്രകാശം അന്ധകാരത്തെ അകറ്റുന്നു.  ശാസ്ത്രീയമായി പറഞ്ഞാൽ, പ്രകാശവും അന്ധകാരവും പരസ്പരം എതിർക്കുന്ന ശക്തികളല്ലെന്ന് നമുക്കറിയാം; മറിച്ച്, അന്ധകാരം പ്രകാശത്തിന്റെ അഭാവമാണ്.  പ്രകാശം കടന്നുവരുമ്പോൾ അന്ധകാരം ഇല്ലാതാകുന്നു.  ദൈവത്തിന്റെ കരുണയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്.  കരുണയില്ലാതെ നമ്മുടെ ആത്മാക്കൾ അന്ധകാരത്തിലാണ്.  കരുണയുടെ അഭാവത്തിൽ നാം സംശയത്തിലും ആശയക്കുഴപ്പത്തിലും ഭയത്തിലും നിരാശയിലും വീഴുന്നു.  ഈ അവസ്ഥയിൽ, പാപത്തിന്റെ മാലിന്യത്തിന് ആധിപത്യം പുലർത്താൻ കഴിയുന്ന ഘോരാന്ധകാരത്തിൽ നാം അകപ്പെടുന്നു.  എന്നാൽ ദൈവം തന്റെ കരുണയുടെ പ്രകാശം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.  ഇങ്ങനെ സംഭവിക്കുകയും ഈ ദാനത്തിനായി നാം നമ്മുടെ ആത്മാക്കളെ തുറന്നുകൊടുക്കുകയും ചെയ്യുമ്പോൾ, സംശയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ഭയത്തിന്റെയും നിരാശയുടെയും അന്ധകാരം അപ്രത്യക്ഷമാകുന്നു.  കരുണയുടെ പ്രകാശം വസിക്കുന്നിടത്ത് അവയ്ക്കു നിലനിൽക്കാനാവില്ല (കാണുക ഡയറി #831).

നിങ്ങളുടെ ആത്മാവിലേക്കു നോക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്?  അവിടെ അന്ധകാരമുണ്ടോ?  അതിന്റെ ദുഷ്ഫലങ്ങൾ നിങ്ങൾ കാണുന്നുണ്ടോ?  സംശയമോ ആശയക്കുഴപ്പമോ ഭയമോ നിരാശയോ നിങ്ങൾ കാണുന്നുണ്ടോ?  പാപം നിങ്ങൾ കാണുന്നുണ്ടോ?  അങ്ങനെയെങ്കിൽ, ഈ ഭാരങ്ങൾക്കു കാരണമാകുന്ന അന്ധകാരത്തെ അകറ്റി തന്റെ കരുണയുടെ പ്രകാശം ചൊരിയാൻ കർത്താവ് ആഗ്രഹിക്കുന്നു.  അവിടുത്തെ കരുണ ഏറ്റവും അധികം ആവശ്യമുള്ളതായി തോന്നുന്ന നിങ്ങളുടെ ആത്മാവിന്റെ ഭാഗത്തെക്കുറിച്ച് ധ്യാനിക്കുക.  നിങ്ങളുടെ ജീവിതത്തിലെ ആ മേഖലയിലേക്കു കടന്നുവരാൻ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും അതിനുള്ള നിങ്ങളുടെ അനുവാദത്തിനായി കാത്തിരിക്കുന്നുവെന്നും അറിയുക.  നിങ്ങൾ അവിടുത്തെ ഉള്ളിലേക്കു പ്രവേശിക്കാൻ അനുവദിക്കുന്നതുവരെ അവിടുന്ന് കാത്തിരിക്കും.

കർത്താവേ, എന്റെ ആത്മാവിന്റെ അന്ധകാരത്തിലേക്കു കടന്നുവരണമേ.  അങ്ങയുടെ പ്രകാശത്തിന്റെ ഉജ്ജ്വലമായ കിരണങ്ങൾ ചൊരിഞ്ഞ് അങ്ങയിൽനിന്നല്ലാത്തതെല്ലാം അകറ്റണമേ.  കർത്താവേ, വന്ന് എനിക്കു പുത്തനുണർവേകുകയും എന്നെ നവീകരിക്കുകയും ചെയ്യണമേ.  അങ്ങയുടെ മഹത്തായ സ്നേഹം കാണാനും അറിയാനും എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, അങ്ങയുടെ കരുണയുടെ പ്രകാശത്തിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

തിരുഹൃദയ നൊവേന
നൊവേനയ്ക്കായി ശുപാർശ ചെയ്യുന്ന തീയതികൾ: ജൂൺ 3 – 11, 2026
അതി പരിശുദ്ധ തിരുഹൃദയത്തിന്റെ മഹോത്സവം ജൂൺ 12, 2026-നാണ്

ജൂൺ 11 – വിശുദ്ധ ബർണബാസ് അപ്പസ്തോലൻ

 

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ