മലയാളം

പരിചിന്തനം 189: ഭയത്തെ അതിജീവിക്കൽ

ചിത്രം: Unsplash വഴി

വീഡിയോ

പല കാരണങ്ങളാൽ ഭയം ഉണ്ടാകുന്നു. തൊട്ടുമുന്നിലുള്ള ഏതെങ്കിലും അപകടം തിരിച്ചറിയുമ്പോൾ, ഒരുതരം സ്വയംരക്ഷാസംവിധാനമെന്ന നിലയിൽ പെട്ടെന്ന് ഭയം ഉളവാകുന്നു. ഉദാഹരണത്തിന്, ഒരു കാർ പെട്ടെന്ന് നിങ്ങളുടെ പാതയിലേക്ക് തിരിഞ്ഞുവരുന്നതാണ് ആ അപകടമെങ്കിൽ, ഈ ഭയം നിങ്ങളുടെ ജീവൻതന്നെ രക്ഷിച്ചേക്കാം. പെട്ടെന്നുണ്ടാകുന്ന ഭയം നടപടി സ്വീകരിക്കാനും കൂട്ടിയിടി ഒഴിവാക്കാനും നിങ്ങളെ നിർബന്ധിക്കുന്നു. എന്നാൽ, നമ്മുടെ ക്ഷേമത്തിന് ഭീഷണിയായി നാം അനുഭവിക്കുന്ന, അത്ര ആസന്നമല്ലാത്ത മറ്റു ഘടകങ്ങളിൽനിന്നും ഭയം ഉണ്ടാകാം. ഉദാഹരണത്തിന്, സാമ്പത്തിക മാന്ദ്യത്തെയോ വ്യാപാരത്തിലെ ലാഭനഷ്ടത്തെയോ കുറിച്ചുള്ള ഭയവുമായി ഒരാൾ മല്ലിടുന്നുണ്ടാകാം. “ഞാൻ എങ്ങനെ എന്റെ കുടുംബത്തെ പോറ്റും?” എന്നതായിരിക്കാം ആ ഭയം. അല്ലെങ്കിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരിക്കാം; ഇത് ഭാവിയെക്കുറിച്ചുള്ള ഭയം വർധിപ്പിക്കുന്നു. ഇങ്ങനെ എത്രയോ കാര്യങ്ങൾ പറയാനുണ്ട്. ചില തരത്തിലുള്ള ഭയം ആരോഗ്യകരമാണെങ്കിലും (വാഹനാപകടം ഒഴിവാക്കാൻ വാഹനം വെട്ടിച്ചുമാറ്റുന്നത് പോലെ), മറ്റുള്ളവയിൽ മിക്കതും അങ്ങനെയല്ല. പ്രത്യേകിച്ച്, ഭയം ഉത്കണ്ഠയ്ക്കും ആകുലതയ്ക്കും കാരണമാവുകയും ദൈവത്തിലും അവിടുത്തെ പരിപാലനയിലുമുള്ള ആശ്രയം നഷ്ടപ്പെടുന്നതിലേക്ക് ഒരാളെ നയിക്കുകയും ചെയ്യുമ്പോൾ, അത് ഒരു പ്രശ്നമാണ്. എന്നാൽ ദൈവം നിങ്ങളുടെ ഹൃദയത്തിൽ സജീവനായി വസിക്കുകയും വാഴുകയും ചെയ്യുന്നുവെങ്കിൽ, നാം നേരിടുന്ന ഏതു പോരാട്ടത്തിന്റെയും മധ്യേ അവിടുത്തെ സാന്നിധ്യം അതിസ്വാഭാവികമായ ആത്മവിശ്വാസവും ആശ്രയബോധവും ഉളവാക്കുന്നു (കാണുക ഡയറി #1001).

ഇപ്പോൾ നിങ്ങൾ നേരിടുന്ന പ്രത്യേകമായ ഭയത്തെക്കുറിച്ച് ചിന്തിക്കുക. അമിതമായ ആകുലതയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകുന്നത് എന്താണ്? അത് എന്തുതന്നെയായാലും, നിങ്ങൾ തന്നിൽ ആശ്രയിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. അതെ, ഒരുതരം “വിശുദ്ധമായ” ഭയം എല്ലാ സാഹചര്യങ്ങളെയും ശരിയായി വിലയിരുത്താനും ജാഗ്രതയോടും ഉത്തരവാദിത്വത്തോടുംകൂടെ പ്രവർത്തിക്കാനും നമ്മെ സഹായിക്കും. എന്നാൽ മിക്കപ്പോഴും നാം യഥാർഥത്തിൽ നേരിടുന്ന പ്രശ്നം ദൈവത്തിലുള്ള ആശ്രയത്തിന്റെ കുറവാണ്. നിങ്ങളുടെ ഭയത്തെയും ദൈവത്തിലുള്ള ആശ്രയത്തെയും കുറിച്ച് ചിന്തിക്കുക. ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് കൂടുതൽ ആഴത്തിൽ ക്ഷണിക്കുക. അപ്പോൾ അവിടുത്തെ സാന്നിധ്യം അനാവശ്യമായ എല്ലാ ഭയങ്ങളെയും അകറ്റുകയും അവിടുത്തെ കരുതലിലും പരിപാലനയിലും കരുണയിലും പൂർണമായി ആശ്രയിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

കർത്താവേ, അങ്ങയിൽ ഞാൻ തീർച്ചയായും ശരണപ്പെടുന്നു. അങ്ങയിൽ കൂടുതൽ കൂടുതൽ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. ഭയപ്പെടാൻ എന്നെ പ്രേരിപ്പിക്കുന്നതെല്ലാം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ പരിപൂർണമായ സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നു; എന്റെ ജീവിതത്തിൽ അങ്ങയുടെ കരുണയെ പൂർണമായി ആശ്രയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്. അങ്ങയുടെ തിരുഹിതംപോലെ എന്നിൽ പ്രവർത്തിക്കുകയും എപ്പോഴും എന്നെ നയിക്കുകയും ചെയ്യണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ