മുകളിൽ നൽകിയ പ്രധാന ചിത്രം: Magda Ehlers — Pexels-ൽ നിന്ന്
ദുഷ്ടനായ സാത്താന്റെ അസ്തിത്വം തിരിച്ചറിയേണ്ടത് പ്രധാനമാണ്. അവന്റെ കോപവും വിദ്വേഷവും മനസ്സിലാക്കേണ്ടതും പ്രധാനമാണ്. നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും തീവ്രമാണ് അവന്റെ വിദ്വേഷം. നമ്മെ വെറുക്കുന്നതും തന്റെ സർവശക്തിയുമുപയോഗിച്ച് നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്നതും നിർത്താൻ അവനു കഴിയില്ല. ഇത് അറിയേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ദുഷ്ടനിൽനിന്ന് നേരിട്ടോ, അവന്റെ “പ്രേരണയാൽ” മറ്റൊരാളിൽ ഉളവാകുന്ന കോപത്തിലൂടെയോ നമുക്ക് എന്തെങ്കിലും ആക്രമണം നേരിടുമ്പോൾ, ഭയം, ഇടർച്ച, അല്ലെങ്കിൽ കോപം എന്നിവയോടെ പ്രതികരിക്കാൻ നാം പ്രവണത കാണിക്കുന്നു. തിരിച്ചടിക്കാൻ നമുക്കു തോന്നുന്നു. എന്നാൽ പിശാചിന്റെ തീവ്രമായ വിദ്വേഷം നാം മനസ്സിലാക്കിയാൽ, അവന്റെ വിദ്വേഷത്തിലേക്കും കോപത്തിലേക്കും നമ്മെ വലിച്ചിഴയ്ക്കാനാണ് അവൻ ആഗ്രഹിക്കുന്നതെന്ന് നമുക്കു ബോധ്യമാകും. അതിനാൽ, അവന്റെ വിദ്വേഷം ഏതുവിധത്തിൽ അനുഭവിക്കേണ്ടിവന്നാലും, അതിനുള്ള ഏറ്റവും നല്ല പ്രതികരണം അവനിൽനിന്നും അവന്റെ ആക്രമണങ്ങളിൽനിന്നും പിന്തിരിഞ്ഞ് ദൈവത്തോടൊത്ത് സമാധാനത്തിൽ നിലകൊള്ളുക എന്നതാണ്. നമ്മുടെ ആത്മാവിന്റെ സമാധാനം അവനെയും അവൻ നമുക്കെതിരെ ചെയ്യാൻ ശ്രമിക്കുന്ന സകലതിനെയും അകറ്റിക്കളയും. അവന്റെ കോപത്തിന് ഒരു നിമിഷംപോലും ശ്രദ്ധ നൽകുകയോ അതിൽ ഇടപെടുകയോ ചെയ്യേണ്ടതില്ല (കാണുക ഡയറി #713).
ദുഷ്ടനോടും അവന്റെ ആക്രമണങ്ങളോടും നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഒളിഞ്ഞിരിക്കുന്നതും നീചവുമായ അവന്റെ വഴികൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ സമാധാനം കവർന്നെടുക്കാനും വിശ്വാസത്തിനു പകരം ഭയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള അവന്റെ ശ്രമങ്ങൾ നിങ്ങൾക്ക് വിവേചിച്ചറിയാനാകുന്നുണ്ടോ? ഇന്ന് ക്രൂശിതരൂപത്തെക്കുറിച്ച് ധ്യാനിക്കുക; നമ്മുടെ രക്ഷകൻ നമുക്കായി നൽകിയ, പരിപൂർണ്ണ സ്നേഹത്തിന്റെ ഈ രക്ഷാകരമായ പ്രവൃത്തിയിലേക്ക് നിങ്ങളുടെ ദൃഷ്ടികൾ തിരിക്കുക. എല്ലാ കാര്യങ്ങളിലും കർത്താവിലേക്കു തിരിയുമ്പോൾ, അവിടുത്തെ സമാധാനം നിലനിൽക്കുന്നു; നമ്മെ വെറുക്കുന്നവന്റെ അന്ധകാരപൂർണ്ണമായ ആക്രമണങ്ങളെ അവിടുന്ന് അകറ്റിക്കളയുകയും ചെയ്യും.
കർത്താവേ, ഞാൻ എന്റെ ദൃഷ്ടികൾ അങ്ങയിലേക്കു തിരിക്കുന്നു; എന്റെ മനസ്സും ഹൃദയവും വികാരങ്ങളും അഭിനിവേശങ്ങളും അങ്ങേയ്ക്കു മാത്രം സമർപ്പിക്കുന്നു. വിവേകശൂന്യമായ ഭയത്തിൽനിന്നും ദുഷ്ടന്റെ എല്ലാ ആക്രമണങ്ങളിൽനിന്നും എന്നെ സ്വതന്ത്രനാക്കണമേ. അങ്ങയിൽ മാത്രം ആശ്രയിച്ചുകൊണ്ട് അവന്റെ ദുഷിച്ച വഴികൾ വിവേചിച്ചറിയാനും അവയുടെ സ്വാധീനങ്ങളെ നിരസിക്കാനും എനിക്കു കഴിയുമാറാകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മേയ് 15, വെള്ളിയാഴ്ച – മേയ് 23, ശനിയാഴ്ച
ഇന്നത്തെ വിശുദ്ധ – കാഷ്യായിലെ വിശുദ്ധ റീത്ത
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




