മലയാളം

വിചിന്തനം 181: വിശുദ്ധമായ അനാസക്തി

മരുഭൂമിയിൽ ഈജിപ്തിലെ വിശുദ്ധ മറിയം, ഡേവിഡ് ടെനിയേഴ്സ് ദ യംഗർ വരച്ച ചിത്രം

വീഡിയോ

നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം എന്താണെന്നത് പ്രധാനമാണോ?  ആദ്യം കേൾക്കുമ്പോൾ ഇതൊരു വിചിത്രമായ ചോദ്യമായി തോന്നിയേക്കാം.  എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ.  ദൈവം നിങ്ങളിൽനിന്ന് എന്ത് ആഗ്രഹിക്കുന്നു എന്നത് പ്രധാനമാണോ?  അവിടുന്ന് നിങ്ങളെ നിരന്തരമായ അധ്വാനത്തിലേക്കു വിളിച്ചാലോ?  അല്ലെങ്കിൽ ശാന്തമായ വിശ്രമത്തിലേക്കു വിളിച്ചാലോ?  അല്ലെങ്കിൽ നിങ്ങളെ ആനന്ദംകൊണ്ടു നിറച്ചാലോ?  അല്ലെങ്കിൽ നിങ്ങളുടെ ആത്മാവിൽനിന്ന് എല്ലാ ആനന്ദവും നീക്കിക്കളഞ്ഞാലോ?  അല്ലെങ്കിൽ അനേകരുടെ മുമ്പിൽ പ്രശംസയും ബഹുമാനവും ലഭിക്കുന്നതിനായി നിങ്ങളെ വിളിച്ചാലോ?  അല്ലെങ്കിൽ ഏകാന്തതയുടെയും മറഞ്ഞുള്ള ജീവിതത്തിന്റെയും മരുഭൂമിയിലേക്ക് നിങ്ങളെ ആകർഷിച്ചാലോ?

സത്യമിതാണ്: നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ വിളി എന്താണ് എന്നതല്ല പ്രധാനം; അവിടുന്ന് നമ്മെ വിളിക്കുന്നു എന്നതാണ് പ്രധാനം.  നമ്മുടെ ജീവിതത്തിൽ വിശുദ്ധമായ അനാസക്തി കൈവരിക്കാൻ നാം പരിശ്രമിക്കണം.  “വിശുദ്ധമായ” അനാസക്തി ദൈവത്തോടും അവിടുത്തെ ഹിതത്തോടുമുള്ള ഉദാസീനതയല്ല; മറിച്ച്, വിശുദ്ധമായ അനാസക്തി എന്നത് കർത്താവ് നമ്മോട് ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള നമ്മുടെ എല്ലാ ഇഷ്ടാനിഷ്ടങ്ങളിൽനിന്നുമുള്ള വിട്ടുനിൽപ്പാണ്.  എല്ലാറ്റിനും നാം സന്നദ്ധരായിരിക്കണം; എന്നാൽ ഒന്നും ലഭിക്കാതിരിക്കുന്നതിനും നാം മനസ്സുള്ളവരായിരിക്കണം.  ദൈവത്തിനും അവിടുത്തെ ഹിതത്തിനുമായി സന്നദ്ധരായിരിക്കുക എന്നതാണ് ലക്ഷ്യം, ആ ഹിതം എന്തുതന്നെയായാലും (കാണുക ഡയറി #952).

ദൈവം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്നതെന്തും സ്വീകരിക്കാൻ നിങ്ങൾ സന്നദ്ധരും മനസ്സുള്ളവരുമാണോ എന്നു ചിന്തിക്കുക.  എന്താണ് അവിടുന്ന് ആഗ്രഹിക്കുന്നത് എന്നതിനേക്കാൾ പ്രധാനമായത് അവിടുന്ന് അത് ആഗ്രഹിക്കുന്നു എന്നതാണ്.  ഈ സൂക്ഷ്മമായ വ്യത്യാസം ആദ്യം ഗ്രഹിക്കാൻ പ്രയാസമായേക്കാം.  എന്നാൽ അതു മനസ്സിലാക്കേണ്ടത് പ്രധാനമാണ്.  നമ്മുടെ സ്വന്തം ഇഷ്ടങ്ങളിൽ മുറുകെപ്പിടിക്കാതെ, ദൈവം നമ്മോട് ആവശ്യപ്പെടുന്ന എന്തിനും നാം സന്നദ്ധരായിരിക്കണം എന്നതാണ് ലളിതമായ സത്യം.  ഈ നിലയിലുള്ള അനാസക്തി കൈവരിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, ദൈവത്തിന്റെ കരുണ നിങ്ങളുടെ ജീവിതത്തിലേക്കും നിങ്ങളിലൂടെ മറ്റു പലരുടെയും ജീവിതങ്ങളിലേക്കും സമൃദ്ധമായി ഒഴുകിത്തുടങ്ങും.

കർത്താവേ, ജീവിതത്തിലെ എന്റെ സ്വാർഥമായ എല്ലാ ഇഷ്ടങ്ങളും അങ്ങേക്കു ഞാൻ സമർപ്പിക്കുന്നു.  എന്റെ ജീവിതത്തിൽ അങ്ങ് ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അങ്ങേക്കു ഞാൻ പൂർണസ്വാതന്ത്ര്യം നൽകുന്നു.  അങ്ങ് എന്നോട് എന്ത് ആവശ്യപ്പെട്ടാലും ഞാൻ സ്വീകരിക്കുന്നു; അങ്ങ് എന്നിൽനിന്ന് എന്ത് എടുത്താലും അത് അങ്ങേക്കു ഞാൻ നൽകുന്നു.  പ്രിയ കർത്താവേ, അങ്ങയെയും അങ്ങയുടെ വിശുദ്ധ ഹിതത്തെയും ജീവനേക്കാൾ അധികമായി സ്നേഹിക്കാൻ എനിക്കു സ്വാതന്ത്ര്യമുണ്ടാകേണ്ടതിന്, വിശുദ്ധമായ അനാസക്തിയുടെ കൃപ എനിക്കു നൽകണമേ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ജൂൺ 30 – റോമിലെ സഭയുടെ ആദ്യ രക്തസാക്ഷികൾ—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ