അത്യാഗ്രഹിയായ മനുഷ്യൻ ഡേവിഡ് ടെനിയേഴ്സ് ദി യംഗർ വരച്ചത്, ദി നാഷണൽ ഗാലറി വഴി
ലോകത്തിലെ സകല സമ്പത്തിനും ഈശോയുമായുള്ള ഉറ്റതും സ്നേഹനിർഭരവുമായ ബന്ധത്തിനും ഇടയിൽ തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ, നിങ്ങൾ ഏതു തിരഞ്ഞെടുക്കും? തിടുക്കത്തിൽ ഉത്തരം പറയരുത്. ഈശോയെ തിരഞ്ഞെടുക്കുന്നതാണ് ശരിയായ ഉത്തരമെന്ന് നമുക്കറിയാമായിരിക്കാം. എന്നാൽ നിങ്ങൾ അവിടുത്തെ തിരഞ്ഞെടുക്കുമോ? അതിരില്ലാത്ത ഭൗതികസമ്പത്ത് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അനുഭവിക്കുമായിരുന്ന അധികാരവും ലൗകികമായ “സ്വാതന്ത്ര്യവും” സങ്കൽപ്പിച്ചുനോക്കൂ. എന്നിരുന്നാലും, ലോകത്തിലെ സകല സമ്പത്തിനും അൽപംപോലും സന്തോഷം ഉളവാക്കാൻ കഴിയില്ല എന്നതാണ് സത്യം. അതു ചില കാര്യങ്ങളിൽ ജീവിതം എളുപ്പമാക്കിയേക്കാം; എന്നാൽ മറ്റു കാര്യങ്ങളിൽ ജീവിതത്തെ ഏറെ സങ്കീർണവും ഭാരമേറിയതുമാക്കിയേക്കാം. വിശുദ്ധരായ അനേകം സ്ത്രീപുരുഷന്മാർ സമ്പൂർണ ദാരിദ്ര്യത്തിന്റെ ജീവിതം തിരഞ്ഞെടുത്തിട്ടുണ്ട്. കാരണം, ഈശോയുമായുള്ള യഥാർഥവും രൂപാന്തരപ്പെടുത്തുന്നതുമായ ബന്ധത്തിൽനിന്നു ലഭിക്കുന്ന സമ്പത്ത് അവർ കണ്ടെത്തിയിരുന്നു; ആ ബന്ധത്തിനു തടസ്സമായി ഒന്നും വരരുതെന്ന് അവർ ആഗ്രഹിച്ചു. അവിടുന്ന് ഈ സമ്പത്ത് നമുക്കെല്ലാവർക്കും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം പേരും അതു സ്വീകരിക്കുന്നില്ല. നിങ്ങൾ സ്വീകരിക്കുമോ? (കാണുക ഡയറി #587)
ഈശോയുടെ സമൃദ്ധമായ സ്നേഹം നിങ്ങളുടെ ആത്മാവിൽ നിറഞ്ഞൊഴുകാൻ അനുവദിക്കുമ്പോൾ നിങ്ങൾക്കു ലഭിക്കുന്ന സമ്പത്തിന്റെ മഹത്ത്വം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഈ ബന്ധം നേടുന്നതിനായി മറ്റെല്ലാം ഉപേക്ഷിക്കുന്നത് തക്ക മൂല്യമുള്ളതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഈശോയുടെ ജ്വലിക്കുന്ന സ്നേഹമാണോ ജീവിതത്തിലെ നിങ്ങളുടെ ഏക അഭിലാഷം? അങ്ങനെയെങ്കിൽ, ഈ സ്നേഹം നിങ്ങളെ പൂർണമായി രൂപാന്തരപ്പെടുത്തും. ആ ബന്ധത്തിൽനിന്നുള്ള സ്നേഹം നിങ്ങളിൽനിന്ന് ഒഴുകി, നിങ്ങളുടെ ഓരോ പ്രവൃത്തിയെയും മറ്റെല്ലാ ബന്ധങ്ങളെയും സ്വാധീനിക്കും. നമ്മുടെ കർത്താവിനെ നിങ്ങളുടെ ഏറ്റവും ഉറ്റ പ്രണയനാഥനായി തിരഞ്ഞെടുത്ത്, അവിടുത്തെ നിങ്ങളുടെ ജീവിതത്തിന്റെ യഥാർഥ കേന്ദ്രമാക്കുക.
കർത്താവേ, എന്നോടുള്ള അങ്ങയുടെ പരിപൂർണ സ്നേഹത്തിന്റെ ആഴം എനിക്ക് ഒരിക്കലും പൂർണമായി ഗ്രഹിക്കാനാവില്ലെന്ന് എനിക്കറിയാം. എന്നിരുന്നാലും, ഇന്ന് ഞാൻ അങ്ങയുടെ സ്നേഹം തിരഞ്ഞെടുക്കുന്നു; അങ്ങയെ എന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ എനിക്ക് ആവശ്യമുള്ളതെല്ലാം അങ്ങു മാത്രമാണെന്നു തിരിച്ചറിയാൻ തക്കവിധം ജ്വലിക്കുന്ന സ്നേഹത്താൽ വന്ന് എന്റെ ഹൃദയം നിറയ്ക്കണമേ. എന്തെന്നാൽ, എന്റെ കർത്താവേ, അങ്ങയെ അറിയുന്നതിലൂടെ ഞാൻ അങ്ങയെയും അങ്ങയുടെ എല്ലാ സൃഷ്ടികളെയും സ്നേഹിക്കാൻ ഇടയാകുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മേയ് 2 – വിശുദ്ധ അത്തനാസിയോസ്, മെത്രാനും വേദപാരംഗതനും—ഓർമ്മ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




