പീഡിതനായ വീണ്ടെടുപ്പുകാരനായി ക്രിസ്തു, രചന: ആന്ദ്രേയ മന്തേഞ്ഞ
സുവിശേഷങ്ങൾ സുപരിചിതമായ നമുക്ക് ചിലപ്പോഴെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളോട് ഒരുതരം നിസ്സംഗത തോന്നിയേക്കാം. ഓരോ വർഷവും ആ വിവരണം വായിച്ചുകേൾക്കുന്ന നാം, പീഡാനുഭവത്തിന്റെ അനേകം ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഈ പരിചയംമൂലം, നമ്മുടെ ജീവിതത്തിൽ അത് ഉളവാക്കേണ്ട ഫലം ഉളവാക്കാൻ നാം അനുവദിക്കാതെ പോയേക്കാം. എന്നാൽ പീഡാനുഭവം യാഥാർഥ്യമാണ്; അത് സംഭവിച്ചതാണ്. നാം അതിന് നമ്മുടെ പൂർണശ്രദ്ധ നൽകണം. ഒരു തലത്തിൽ അത് സുഖകരമായിരിക്കില്ലെങ്കിലും, അത്രമേൽ രഹസ്യാത്മകമായ ഒരു സ്നേഹപ്രവൃത്തിയാണത്. നമ്മുടെ ജീവിതത്തിൽ അതിനുള്ള അർഥവും പ്രാധാന്യവും ആഴത്തിൽ ഗ്രഹിക്കാൻ നമുക്ക് സമൃദ്ധമായ കൃപ ആവശ്യമാണ്. ഓരോ ചമ്മട്ടിയടിയും പരിഹാസവും ആണിയും മുള്ളും നമ്മുടെ കർത്താവിന്റെ ശരീരത്തെ മുറിവേൽപ്പിക്കുക മാത്രമല്ല, അവിടുത്തെ ആത്മാവിന് അതികഠിനമായ വേദന ഉളവാക്കുകയും ചെയ്തു. എന്നാൽ താൻ സഹിച്ച ഓരോ വേദനയും അവിടുന്ന് തന്റെ ഹൃദയത്തിൽ ഏറ്റെടുത്ത്, എല്ലാവരുടെയും രക്ഷയ്ക്കായി പിതാവിന് സമർപ്പിച്ചുകൊണ്ട് അതിനെ വീണ്ടെടുത്തു. നമ്മുടെ വിശ്വാസത്തിലെ ഈ മഹാരഹസ്യം നാം കാണുകയും ഭയാദരവോടും വിശുദ്ധമായ വിസ്മയത്തോടുംകൂടെ അതിനെ ഉറ്റുനോക്കുകയും വേണം (കാണുക ഡയറി #948).
സഹനമനുഭവിക്കുന്ന യേശുവിനെ നിങ്ങൾ ഉറ്റുനോക്കിയിട്ടുണ്ടോ? അവിടുത്തെ വേദനയും സഹനവും കാണാൻ നിങ്ങൾ മനസ്സുതുറന്നിട്ടുണ്ടോ? നിശ്ശബ്ദതയോടും സ്വീകാരമനോഭാവത്തോടുംകൂടെ അവിടുന്ന് എല്ലാം സഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? നമ്മുടെ വിശ്വാസത്തിലെ വിസ്മയകരമായ ഈ രഹസ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾക്കുവേണ്ടി ഇത്രയധികം സഹിച്ച അവിടുത്തോടുള്ള സ്നേഹത്തിലും അനുകമ്പയിലും വളരാൻ നിങ്ങളെത്തന്നെ അനുവദിക്കുക. അവിടുത്തെ സഹനം പാപത്തിന്റെ ഫലങ്ങളെ നശിപ്പിക്കുകയും സഹനത്തെത്തന്നെ അവിടുത്തെ ദൈവിക കരുണയുടെ ഉപകരണമാക്കി മാറ്റുകയും ചെയ്തുവെന്ന് അറിയുക.
പ്രിയപ്പെട്ട കർത്താവേ, അങ്ങയുടെ സഹനത്തിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. എന്തെന്നാൽ, ഈ പ്രവൃത്തിയിലൂടെ അങ്ങ് മനുഷ്യസഹനത്തെ അങ്ങയുടെ മഹത്വപൂർണമായ ആത്മാവിൽ ഏറ്റെടുത്ത് വീണ്ടെടുത്തു. എന്റെ പാപത്തിന്റെ ഫലങ്ങൾ അങ്ങ് സഹിച്ചു; ഒരു വാക്കുപോലും ഉരിയാടിയില്ല. കർത്താവേ, എന്റെ പാപങ്ങൾക്കുള്ള വില അങ്ങ് നൽകി; പരിപൂർണമായ സ്നേഹത്തോടും ദൃഢനിശ്ചയത്തോടുംകൂടെയാണ് അങ്ങ് അത് ചെയ്തത്. പ്രിയ കർത്താവേ, ഞാൻ സഹിക്കുന്നതെല്ലാം സ്വീകരിക്കാനും അങ്ങയുടെ വിശുദ്ധ കുരിശിന്റെ വീണ്ടെടുപ്പിൻ ശക്തിയോട് അവയെ ഒന്നിപ്പിക്കാനും എനിക്ക് കൃപ നൽകണമേ. ആ ഐക്യത്തിൽ, എന്റെ പാപങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കുകയും അങ്ങയുടെ കരുണ സമൃദ്ധമായി ചൊരിയുകയും ചെയ്യണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂൺ 29 – അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




