മലയാളം

വിചിന്തനം 184: വൈദികശുശ്രൂഷയിലെ കരുണ

മാത്തായിലെ വിശുദ്ധ യോഹന്നാന്റെ തിരുപ്പട്ടസ്വീകരണവും ആദ്യ വിശുദ്ധ കുർബാനയും, രചന: വിസെന്റെ കാർദൂച്ചോ

വീഡിയോ

അല്ല, വൈദികർ പൂർണ്ണരല്ല. അവർ അനുദിനം പാപം ചെയ്യുന്നു. മറ്റെല്ലാ മനുഷ്യരെയുംപോലെ അവർക്കും ദൈനംദിനജീവിതത്തിൽ നിരന്തരം പശ്ചാത്താപവും മാനസാന്തരവും ആവശ്യമാണ്. എന്നാൽ അവർ വൈദികരാണ്. അവരുടെ പവിത്രമായ തിരുപ്പട്ടത്തിന്റെ ഫലമായി കർത്താവ് അവരിലൂടെ വ്യക്തവും എന്നാൽ നിഗൂഢവുമായ രീതിയിൽ സംസാരിക്കുന്നു. ചിലർ വിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യപ്രതിഷ്ഠാവചനങ്ങൾ ഉച്ചരിക്കുമ്പോഴോ അനുരഞ്ജന കൂദാശയിൽ പാപമോചനവചനങ്ങൾ ഉച്ചരിക്കുമ്പോഴോ മാത്രമാണ് ക്രിസ്തുവിന്റെ അധികാരത്തോടെ സംസാരിക്കുന്നത്. മറ്റുചിലർ തങ്ങളുടെ തിരുപ്പട്ടത്തിന്റെ സിദ്ധിവരം സ്വീകരിക്കുകയും തങ്ങളുടെ പ്രസംഗത്തിലൂടെയും വിശുദ്ധജീവിതത്തിലൂടെയും തങ്ങളുടെ അജഗണത്തിനു നൽകുന്ന ഉപദേശവാക്കുകളിലൂടെയും മറ്റു പലവിധങ്ങളിലും ദൈവത്തിന്റെ ഉപകരണങ്ങളാവുകയും ചെയ്യുന്നു. വിശുദ്ധരായ ഈ വൈദികരെ അന്വേഷിച്ചു കണ്ടെത്തുക. അവരെ ശ്രവിക്കുകയും അവരിലൂടെ നിങ്ങളെ നയിക്കാൻ കർത്താവിനെ അനുവദിക്കുകയും ചെയ്യുക. കാരണം, അവരിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുമ്പോൾ സമൃദ്ധമായ കരുണയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും (കാണുക ഡയറി #968).

ദൈവം നിങ്ങളുടെ ജീവിതത്തിലേക്ക് അയച്ചിരിക്കുന്ന വൈദികരെക്കുറിച്ച് ഇന്ന് തികഞ്ഞ ഉപവിയോടെ ചിന്തിക്കുക. അത് നിങ്ങളുടെ സ്വന്തം ഇടവകവൈദികനോ, എഴുത്തിലൂടെ സംസാരിക്കുന്ന ഒരു വൈദികനോ, ആധുനിക ആശയവിനിമയത്തിന്റെ മറ്റേതെങ്കിലും മാർഗത്തിലൂടെ സംസാരിക്കുന്ന ഒരു വൈദികനോ ആകാം. ദൈവം തന്റെ വിശുദ്ധരായ വൈദികരെ നിങ്ങൾക്കു കാണിച്ചുതരുകയും അവരിലൂടെ നിങ്ങളോടു നേരിട്ടു സംസാരിക്കുകയും ചെയ്യും. അവരെ ശ്രവിക്കുക; കാരണം, അവരുടെ വാക്കുകൾ കേൾക്കുമ്പോൾ നിങ്ങൾ ദൈവകരുണയുടെ വാക്കുകളായിരിക്കും കേൾക്കുന്നത്.

കർത്താവേ, ലോകത്തിൽ അങ്ങയുടെ തുടർച്ചയായ കൂദാശാസാന്നിധ്യത്തിന്റെ അടയാളമായി വിശുദ്ധ പൗരോഹിത്യം സ്ഥാപിച്ചതിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. എല്ലാ വൈദികർക്കുവേണ്ടിയും, പ്രത്യേകിച്ച് എന്റെ അജപാലനപരിചരണം അങ്ങ് ഏൽപ്പിച്ചിരിക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. അവരുടെ പവിത്രമായ ശുശ്രൂഷയിൽ അവരിലൂടെ സംസാരിക്കുന്ന അങ്ങയെ സ്വീകരിക്കാൻ ഞാൻ എപ്പോഴും ഹൃദയം തുറന്നിരിക്കട്ടെ. അവരുടെ അധരങ്ങളിൽനിന്ന് അങ്ങയുടെ സ്വരം കേൾക്കുമ്പോൾ പൂർണ്ണമായ ആത്മസമർപ്പണത്തോടും ഉദാരതയോടുംകൂടെ ഞാൻ പ്രത്യുത്തരിക്കട്ടെ. പ്രിയ കർത്താവേ, വൈദികരിലൂടെ സംസാരിക്കുന്ന അങ്ങയുടെ സ്വരം എപ്പോഴും കേൾക്കാൻ കഴിയേണ്ടതിന് എനിക്കു എളിമ നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 3 – വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ