മലയാളം

വിചിന്തനം 185: പരിധിയില്ലാത്ത വിഭവങ്ങളോടെയുള്ള ഔദാര്യം

വിശുദ്ധ അന്തോണീസിന്റെ അപ്പം, രചന: ലോറൻസ് OP, CC BY-NC-ND 2.0.

വീഡിയോ

ദൂരെയുള്ള ഒരു നാട്ടിൽ കൊടുംക്ഷാമം ഉണ്ടെന്ന് നിങ്ങൾ അറിയുകയും, ആ ക്ഷാമം പരിഹരിക്കാൻ പരിധിയില്ലാത്ത വിഭവങ്ങൾ നിങ്ങൾക്കു ലഭിക്കുകയും ചെയ്താൽ, ആവശ്യത്തിലായിരിക്കുന്നവർക്ക് ഈ ദാനം നൽകാതിരിക്കുന്നതെന്തിന്? നിങ്ങൾ അങ്ങനെ ചെയ്യില്ലെന്നു പ്രത്യാശിക്കുന്നു. നിങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ്, കടുത്ത ദുരിതത്തിലായിരിക്കുന്നവരുടെ ദാഹവും വിശപ്പും ശമിപ്പിക്കാൻ ആവശ്യമായതു ചെയ്യുമെന്നു പ്രത്യാശിക്കുന്നു. എന്നാൽ ഒരു കൊടുംക്ഷാമം നിലവിലുണ്ട്; ഈ ക്ഷാമം പരിഹരിക്കാൻ പരിധിയില്ലാത്ത ഒരു വിഭവം നിങ്ങൾക്കു ലഭിച്ചിട്ടുമുണ്ട്. ദൈവത്തിന്റെ കരുണയ്ക്കായുള്ള വിശപ്പും ദാഹവുമാണ് ആ ക്ഷാമം. എന്നാൽ ഈ കരുണയ്ക്കായി വിശന്നുവലയുന്നവരിൽ ഭൂരിഭാഗവും തങ്ങൾ അന്വേഷിക്കുന്നത് ഇതാണെന്ന് അറിയുന്നില്ല. നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന പരിധിയില്ലാത്ത വിഭവം ദൈവത്തിന്റെ കരുണയാണ്. തന്റെ കരുണ പകർന്നുനൽകാനുള്ള ദൗത്യം അവിടുന്ന് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നു; ഒന്നും നിങ്ങളിൽനിന്ന് തടഞ്ഞുവയ്ക്കുന്നുമില്ല. ഈ കൃപയോടു നിങ്ങൾ സഹകരിക്കേണ്ടതിന്റെ പ്രാധാന്യം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? തന്റെ അതിരുകളില്ലാത്ത കരുണ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ദൈവത്തിന്റെ വിളിയിൽനിന്ന് ഒഴിഞ്ഞുമാറരുത് (കാണുക ഡയറി #975).

തന്റെ സമ്പത്ത് വിതരണം ചെയ്യാൻ ദൈവം നിങ്ങളെ ഏതു വിധത്തിലാണ് വിളിക്കുന്നത്? ദൈവത്തിന്റെ കരുണയ്ക്ക് ആരും അർഹരല്ല; അതുകൊണ്ടാണ് അത് കരുണയായിരിക്കുന്നത്. എന്നാൽ ഈ കൃപയുടെ വിരുന്നിൽ പങ്കുചേരാൻ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. തന്റെ ദൈവകരുണ പകർന്നുനൽകുന്ന ഒരാളായി നിങ്ങളെ ഉപയോഗിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. അവിടുത്തെ ഇഷ്ടപ്രകാരം നിങ്ങളെ ഉപയോഗിക്കാൻ അവിടുത്തെ അനുവദിക്കുന്നതിന് തയ്യാറും സന്നദ്ധരുമായിരിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ സ്വന്തം ശക്തിയാൽ പ്രവർത്തിക്കുകയല്ല; മറിച്ച്, ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കും. എന്നാൽ നിങ്ങൾ അനുവദിച്ചാൽ മാത്രമേ അവിടുത്തേക്കു പ്രവർത്തിക്കാനാകൂ.

കർത്താവേ, അങ്ങയുടെ ദൈവകരുണയെന്ന അതിരുകളില്ലാത്ത ദാനത്തിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈ കൃപ പകർന്നുനൽകുന്ന ഒരാളാകാൻ ഞാൻ വിളിക്കപ്പെട്ടിരിക്കുന്നതിനും അങ്ങേക്കു നന്ദി പറയുന്നു. എല്ലാ കാര്യങ്ങളിലും അങ്ങയോട് “അതെ” എന്നു പറയാനും അങ്ങ് എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങയുടെ ഇഷ്ടപ്രകാരം എന്നെ ഉപയോഗിക്കണമേ. കടുത്ത ദുരിതത്തിലായിരിക്കുന്ന ലോകത്തിന് അങ്ങയുടെ ദൈവകരുണ ഉദാരമായി പകർന്നുനൽകാൻ എനിക്കാവശ്യമായ ജ്ഞാനവും ധൈര്യവും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 4 – സ്വാതന്ത്ര്യദിനം—യു.എസ്.എ.യിലെ ഐച്ഛിക അനുസ്മരണം

പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്—ഐച്ഛിക അനുസ്മരണം
(യു.എസ്.എ.യിൽ ജൂലൈ 5-ന് ആഘോഷിക്കുന്നു)

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ