മലയാളം

ധ്യാനചിന്ത 193: മടിക്കരുത്

ദൈവം — കായ് സ്റ്റാക്കോവിയാക് ഒരുക്കിയത്

വീഡിയോ

നിങ്ങൾക്ക് പത്തു ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചാൽ, “വേണ്ട, എനിക്ക് $100 മാത്രം തന്നാൽ മതി, അത്രയേ എനിക്കു വേണ്ടൂ” എന്നു നിങ്ങൾ ഒരുപക്ഷേ പറയില്ല. എന്നിട്ടും ദൈവകരുണയുടെ കാര്യത്തിൽ നാം പലപ്പോഴും ചെയ്യുന്നത് അതുതന്നെയാണ്. ദൈവം സമ്പത്തിന്റെ സമൃദ്ധി നമുക്കു വാഗ്ദാനം ചെയ്യുന്നു; നാമാകട്ടെ അതിൽ ഒരു ചെറിയ ഭാഗം മാത്രം സ്വീകരിക്കാൻ തീരുമാനിക്കുന്നു. എന്തുകൊണ്ടാണത്? അവിടുത്തെ കരുണയ്ക്ക് അതിരുകളില്ല. അത് അനന്തമാണ്. നമ്മുടെ ആത്മാക്കളിൽ ദൈവം ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം നാം മനസ്സിലാക്കുകയും തുടർന്ന് അവിടുത്തോടു സഹകരിച്ച് അതു ചെയ്യാൻ അവിടുത്തെ അനുവദിക്കുകയും ചെയ്താൽ, നാം തികഞ്ഞ വിസ്മയത്തിലാകും; ഈ അമൂല്യനിധി കണ്ടെത്തിയതിൽ നിത്യവും നന്ദിയുള്ളവരായിരിക്കുകയും ചെയ്യും. അവിടുത്തെ കരുണ കൂടുതൽ പൂർണമായി സ്വീകരിക്കുന്നതിൽ പലരും നേരിടുന്ന പ്രശ്നം, ഒരുപക്ഷേ, അതിൽ അപകടസാധ്യതയുണ്ടെന്നതാകാം. നാം മാറേണ്ടിവരും എന്ന അർഥത്തിലാണ് അതിൽ അപകടസാധ്യതയുള്ളത്. പത്തു ലക്ഷം ഡോളർ നിങ്ങളുടെ ജീവിതത്തെ മാറ്റുമോ? ഒരുപക്ഷേ മാറ്റിയേക്കാം. നിങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും അതു മിക്കവാറും മാറ്റും; ആ മാറ്റങ്ങൾ നന്മയ്ക്കായിരിക്കണമെന്നില്ല. എന്നാൽ ദൈവകരുണ അനന്തമടങ്ങ് കൂടുതൽ മൂല്യമുള്ള ഒരു നിധിയാണ്. മടിക്കരുത്! അതു സ്വീകരിക്കാനും നിങ്ങളെ നന്മയിലേക്കു മാറ്റാൻ അതിനെ അനുവദിക്കാനും ധൈര്യപ്പെടുക (കാണുക: ഡയറി #1017).

ദൈവകരുണ സ്വീകരിക്കാൻ നിങ്ങൾ മടിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, അത് തിരിച്ചറിയുകയും സമ്മതിക്കുകയും അതിന്റെ കാരണം നേരിടുകയും ചെയ്യേണ്ടത് പ്രധാനമാണ്. ദൈവം നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ പൂർണമായി തുറന്നിരിക്കുന്ന ആത്മാക്കൾ വിരളമാണ്. ദൈവകരുണയ്ക്ക് സ്വയം പൂർണമായി വിട്ടുകൊടുക്കുന്നതിലെ അപകടസാധ്യതയെ ഭയപ്പെടാത്ത ആത്മാക്കളും വിരളമാണ്. ആ വിരളമായ ആത്മാക്കളിൽ ഒരാളാകാൻ തീരുമാനിക്കുക. ദൈവം നിങ്ങളുടെമേൽ സമൃദ്ധമായി ചൊരിയാൻ ആഗ്രഹിക്കുന്നതെല്ലാം മടികൂടാതെ സ്വീകരിക്കുക. അവിടുത്തെ കൃപ നിങ്ങളുടെ ജീവിതത്തെ മാറ്റുന്നതു കണ്ട് ആനന്ദിക്കുക.

പ്രിയനാഥാ, അങ്ങയുടെ കരുണയുടെ സമൃദ്ധിക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ കൃപയുടെ സമ്പത്ത് എന്റെ ജീവിതത്തിൽ അനന്തമായി ചൊരിയാനുള്ള തീക്ഷ്ണമായ ആഗ്രഹത്താൽ ജ്വലിക്കുംവിധം അത്രയും പരിപൂർണമായ സ്നേഹത്തോടെ എന്നെ സ്നേഹിക്കുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. മഹിമയാർന്ന ഈ ദാനത്തിനു മുന്നിൽ എന്റെ എല്ലാ മടിയും അവസാനിപ്പിച്ച്, അങ്ങയെയും അങ്ങയുടെ കരുണ എന്റെ ആത്മാവിൽ ചെയ്യാനിരിക്കുന്നതെല്ലാമും ഞാൻ മനസ്സോടെ സ്വീകരിക്കട്ടെ. പ്രിയനാഥാ, ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ