മലയാളം

ധ്യാനം 14: കരുണയിലൂടെ മാത്രം യഥാർഥ സംതൃപ്തി

“വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ” — ചിത്രകാരൻ: ഗ്വെർചീനോ

വീഡിയോ

ജീവിതത്തിൽ പലപ്പോഴും നാം സംതൃപ്തി തേടുന്നത് ലോകത്തിലെ ക്ഷണികമായ കാര്യങ്ങളിലാണ്. സമ്പത്തോ ജഡികസുഖമോ മാനമഹിമയോ മറ്റെന്തുമോ ആകട്ടെ, ഒന്നുമാത്രമേ നമുക്കു സംതൃപ്തി നൽകുകയുള്ളൂ എന്നു നാം തിരിച്ചറിയണം. ദൈവകരുണയാണ് നാം തേടുന്നത്. മറ്റെല്ലാം സംതൃപ്തിയുടെ മിഥ്യാഭാസം മാത്രമാണ്. മറ്റു കാര്യങ്ങളാൽ നമ്മുടെ ആത്മാവിനെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ, നമ്മുടെ ഉള്ളിൽ ദുഃഖവും വ്യഥയും മോഹഭംഗവും ശേഷിക്കും. നാം പ്രതികരിക്കുന്നതുവരെ ദൈവകരുണ നമ്മെ വിളിച്ചുകൊണ്ടിരിക്കുകയും മധുരമായ ഒരു വേദന ഉളവാക്കുകയും ചെയ്യുന്നു (കാണുക ഡയറി #8).

ദൈവകരുണയിലല്ലാതെ മറ്റെന്തിലെങ്കിലും സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോഴെല്ലാം നിങ്ങളുടെ ആത്മാവിൽ ഉളവാകുന്ന “മധുരമായ വേദന”യെക്കുറിച്ച് ധ്യാനിക്കുക. അത് “മധുര”മാണ്; കാരണം, തന്റെ കരുണയിൽ മാത്രം ആശ്രയിക്കാൻ നമ്മെ വിളിച്ചുകൊണ്ട് ദൈവം സ്നേഹത്തോടെ നൽകുന്ന ഒരു ശാസനയാണത്. അത് “വേദനാജനക”വുമാണ്; കാരണം, ദൈവത്തിൽനിന്നല്ലാത്ത എന്തിനോടുമുള്ള ആസക്തി നമ്മുടെ ആത്മാവിനു ചേരുന്നതല്ലെന്ന് വ്യക്തമായി തിരിച്ചറിയാൻ നാം മനസ്സുവയ്ക്കണം. ദൈവകരുണയ്ക്കു പുറത്തുള്ള കാര്യങ്ങളോടുള്ള എല്ലാ ആസക്തിയും ഒടുവിൽ ഒരു ഭാരമായി അനുഭവപ്പെടും.

കർത്താവേ, അങ്ങയുടേതല്ലാത്ത എല്ലാറ്റിൽനിന്നും പിന്തിരിയാൻ എന്നെ വിളിക്കുന്ന അങ്ങയുടെ കരുണയെ അനുഭവിച്ചറിയാൻ ഞാൻ മനസ്സുവയ്ക്കട്ടെ. എല്ലാ കാര്യങ്ങളിലും അങ്ങയുടെ കരുണയിലേക്ക് ഓടിയണയാനും, ഒടുവിൽ എന്നെ തളർത്തുകയും വേദനയും ഭാരവും ഉളവാക്കുകയും ചെയ്യുന്ന കാര്യങ്ങളിൽനിന്ന് പിന്തിരിയാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒന്നാം നോട്ടുപുസ്തകത്തെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളുടെ ആമുഖം വായിക്കുക

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ