മലയാളം

ധ്യാനചിന്ത 222: താങ്ങാനാവാതെ തളരുമ്പോൾ

Unsplash-ൽ നിന്നുള്ള ചിത്രം, സ്റ്റെഫാൻ കുൻസെ പകർത്തിയത്

വീഡിയോ

ഒന്നല്ലെങ്കിൽ മറ്റൊന്നിന്റെ പേരിൽ എല്ലാം താങ്ങാനാവാത്തതായി നിങ്ങൾക്കു തോന്നുന്ന ദിവസങ്ങളുണ്ടാകാം. ഒരുപക്ഷേ, നിങ്ങൾക്കു ധാരാളം ഉത്തരവാദിത്വങ്ങളുണ്ടായിരിക്കാം; നിങ്ങളുടെ കടമകൾ വേണ്ടവിധം നന്നായി നിറവേറ്റാൻ കഴിയുമോ എന്ന ആശങ്കയും ഉണ്ടായിരിക്കാം. അല്ലെങ്കിൽ, നേരെ മറിച്ചുള്ള കാരണത്താലും നിങ്ങൾ തളർന്നുപോയേക്കാം: ജീവിതം മുന്നോട്ടു നീങ്ങാതെ നിൽക്കുന്നതായി തോന്നുകയും ഇനി എന്തു ചെയ്യണമെന്ന് അറിയാതിരിക്കുകയും ചെയ്യാം. എല്ലാം താങ്ങാനാവാത്തതായി തോന്നുന്ന ഈ നിമിഷങ്ങളിൽ നാം ദൈവത്തിൽ വിശ്വാസമർപ്പിക്കണം. ഏതു സാഹചര്യത്തിലേക്കും ഒരു നിമിഷംകൊണ്ട് കടന്നുവന്ന് അതിനെ രൂപാന്തരപ്പെടുത്താനും, നമ്മുടെ മുമ്പിലുള്ളതിനെ ഒരു കുഞ്ഞിന്റെ അനായാസതയോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കാനും ദൈവത്തിനു കഴിയും എന്നതാണ് സത്യം. എന്നാൽ അവിടുന്ന് എല്ലായ്പ്പോഴും അങ്ങനെ ചെയ്യുന്നില്ല. ചിലപ്പോൾ, നാം നേരിടുന്ന സാഹചര്യം നമ്മെ ശുദ്ധീകരിക്കാനും കൂടുതൽ ആഴമായ സമർപ്പണത്തിലേക്കും സ്നേഹത്തിലേക്കും നമ്മെ പ്രേരിപ്പിക്കാനും സഹായിക്കേണ്ടതിന്, അവിടുന്ന് നമ്മെ തനിക്കായി കാത്തിരിക്കാൻ അനുവദിക്കുന്നു. ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങളുടെ പോരാട്ടത്തിന്റെ കാഠിന്യം ഉടനടി കുറയ്ക്കാൻ അവിടുത്തേക്ക് എന്തും ചെയ്യാൻ കഴിയുമെന്നും അറിയുക. ഇതറിയുന്നത് മറ്റൊരു കാര്യംകൂടി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും: ചിലപ്പോൾ, മറഞ്ഞിരിക്കുന്ന കരുണയുടെ ഒരു പ്രവൃത്തിയായി അവിടുന്ന് അകലെ നിൽക്കുന്നതുപോലെ കാണപ്പെടുന്നു. അത് കരുണയാണ്; കാരണം, അവിടുത്തെ ജ്ഞാനം പരിപൂർണ്ണമാണ്, നിങ്ങളുടെ ആത്മാവിന് ഏറ്റവും ഫലപ്രദമായ വിധത്തിൽ അവിടുന്ന് എപ്പോഴും പ്രവർത്തിക്കുകയും ചെയ്യും (ഡയറി #1153 കാണുക).

ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്കു നോക്കി, നിങ്ങളുടെ ഏറ്റവും വലിയ പോരാട്ടമായി തോന്നുന്നത് എന്താണെന്നു തിരിച്ചറിയുക. അതു നിങ്ങളിൽ എന്തു വികാരമാണ് ഉണർത്തുന്നത്? എല്ലാം താങ്ങാനാവാത്തതായി തോന്നുന്നുവെങ്കിൽ, ഒന്നു നിർത്തി ദൈവത്തിന്റെ ജ്ഞാനം തിരിച്ചറിയാൻ ശ്രമിക്കുക. അവിടുന്ന് ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല. ഒരുപക്ഷേ, കരുണയുടെ മറഞ്ഞിരിക്കുന്ന ഒരു ദാനം അവിടുന്ന് നിങ്ങൾക്കു നൽകുകയായിരിക്കാം. നിങ്ങളുടെ ഭാരങ്ങൾ ഉടനടി ലഘുവും എളുപ്പവുമാക്കിയിരുന്നെങ്കിൽ നിങ്ങൾ എത്തിച്ചേരുമായിരുന്നതിനെക്കാൾ വലിയ വിശുദ്ധിയിലേക്ക് ആ ദാനത്തിലൂടെ അവിടുന്ന് നിങ്ങളെ വിളിക്കുകയായിരിക്കാം.

കർത്താവേ, ജീവിതത്തിലെ കഷ്ടപ്പാടുകൾ താങ്ങാനാവാതെ ഞാൻ തളരുമ്പോൾ വിശേഷിച്ചും അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. എല്ലാ കാര്യങ്ങളിലും അങ്ങയുടെ പരിപൂർണ്ണമായ സ്നേഹത്തെയും പരിപൂർണ്ണമായ ജ്ഞാനത്തെയും ഞാൻ ഒരിക്കലും സംശയിക്കാതിരിക്കട്ടെ. എന്റെ ആത്മാവിനെ ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും അങ്ങ് എനിക്കു നൽകുന്ന മറഞ്ഞിരിക്കുന്ന കരുണ കണ്ടെത്തേണ്ടതിന്, എന്നെ ഭാരപ്പെടുത്തുന്നവയ്ക്കപ്പുറം കാണാനുള്ള കൃപ എനിക്കു നൽകണമേ. പ്രിയ കർത്താവേ, എല്ലാറ്റിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഓഗസ്റ്റ് 10 – വിശുദ്ധ ലോറൻസ്, ഡീക്കനും രക്തസാക്ഷിയും

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ