മലയാളം

ധ്യാനചിന്ത 310: ദുഷ്ടന്റെ ഭോഷത്തം

വിശുദ്ധ അന്തോണീസിന്റെ പ്രലോഭനം, വരച്ചത്: ഡൊമെനിക്കോ ഗിർലൻദായോ

വീഡിയോ

പിശാച് യാഥാർഥ്യമാണ്; അവന്റെ പ്രലോഭനങ്ങളും യാഥാർഥ്യമാണ്. കലർപ്പില്ലാത്ത വെറുപ്പോടെ അവൻ നിങ്ങളെ വെറുക്കുകയും നിങ്ങളുടെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാൽ ദുഷ്ടൻ ഏറെ കൗശലക്കാരനും മറ്റുള്ളവരെ തന്ത്രപൂർവം നിയന്ത്രിക്കുന്നവനുമാണ്. അതിനാൽ അവൻ നിങ്ങളോട് പച്ചക്കള്ളം പറയുന്നത് വിരളമായിരിക്കും; കാരണം, ഈ പ്രലോഭനം മിക്കവാറും നിങ്ങളെ വിശ്വസിപ്പിക്കില്ലെന്ന് അവനറിയാം. പകരം, ഭാഗികമായി സത്യമായ കാര്യങ്ങൾ കണ്ടെത്തി അവയോട് സൂക്ഷ്മമായ അസത്യങ്ങൾ കലർത്തി നിങ്ങളെ വഴിതെറ്റിക്കാനായി, നിങ്ങളുടെ മനസ്സിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ പറയാനാണ് അവൻ ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾ അമിതമായി ചിന്തിച്ചുതുടങ്ങുന്നതായി കണ്ടേക്കാം. നിങ്ങളുടെ യുക്തിചിന്തയ്ക്ക് കുറച്ചൊക്കെ അർഥമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയേക്കാം; എന്നാൽ ചിന്തിക്കുന്തോറും ദുഃഖവും ആശയക്കുഴപ്പവും അനുഭവപ്പെടാൻ തുടങ്ങുന്നു. അത്തരം നിമിഷങ്ങളിൽ ആ ചിന്ത നിർത്തി ദൈവത്തിന്റെ കരുണയിലേക്ക് ഓടിയണയുക. നിങ്ങളുടെ ചിന്ത ദൈവത്തിൽ മുഴുകിയിരിക്കുമ്പോൾ നിങ്ങൾക്ക് നവോന്മേഷവും മനസ്സിന് ലാഘവവും ലഭിക്കുന്നു. പുതിയ സന്തോഷവും വ്യക്തതയും നിങ്ങൾക്ക് അനുഭവപ്പെട്ടു തുടങ്ങുന്നു. എന്നാൽ ദുഷ്ടൻ നിങ്ങളെ തന്റെ ഇഷ്ടത്തിന് അനുസരിച്ച് നയിക്കാൻ തുടങ്ങുമ്പോൾ, ഇതിനു വിപരീതമായ ഫലങ്ങളാണ് നിങ്ങളുടെ ആത്മാവിൽ അനുഭവപ്പെടുന്നത്. അവന്റെ ഒളിഞ്ഞുള്ള വഞ്ചനകളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുക; അവയ്ക്ക് യാതൊരു ശ്രദ്ധയും കൊടുക്കരുത് (കാണുക ഡയറി 1497-1499).

ഇന്ന് നിങ്ങളുടെ ചിന്താരീതിയെക്കുറിച്ച് ധ്യാനിക്കുക. പ്രലോഭകൻ തന്റെ ഏറ്റവും ദുഷ്ടമായ പ്രവർത്തനം നടത്തുന്നത് ഇവിടെയാണ്. ഏതെങ്കിലും ഒരു സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് അനുഭവപ്പെടുന്നതെന്നും ചിന്തിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ ചിന്തകളുടെ ഫലങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആത്മാക്കളുടെ വിവേചനത്തിന് നിങ്ങളെത്തന്നെ സമർപ്പിക്കുക. നിങ്ങൾ ആശയക്കുഴപ്പത്തിലാകുകയോ വഴിതെറ്റിക്കപ്പെടുകയോ ചെയ്യുന്ന ഓരോ വേളയിലും തന്റെ കരുണയിലേക്ക് ഓടിയണയാൻ കർത്താവ് നിങ്ങളെ ക്ഷണിക്കുന്നു. ഇത്തരം നിമിഷങ്ങളെ ശ്രദ്ധിക്കുക; അവ ദുഷ്ടന്റെ പ്രലോഭനങ്ങളായിരിക്കാമെന്ന് മനസ്സിലാക്കുക. എപ്പോഴും കർത്താവിൽ ആശ്രയിക്കുകയും നിങ്ങളുടെ ചിന്തകളെ നിരന്തരം അവിടുത്തെ വിശുദ്ധ കരുണയ്ക്ക് സമർപ്പിക്കുകയും ചെയ്യുക.

കർത്താവേ, ദുഷ്ടന്റെ അസത്യങ്ങളിൽനിന്നും കെണികളിൽനിന്നും എന്നെ എപ്പോഴും കാത്തുകൊള്ളണമേ. അങ്ങയുടെ അതിവിശുദ്ധ നാമത്തിൽ ഞാൻ അവനെയും അവന്റെ പ്രവൃത്തികളെയും ശാസിക്കുകയും എന്റെ എല്ലാ ചിന്തകളും അങ്ങയെ ഏൽപ്പിക്കുകയും ചെയ്യുന്നു. അങ്ങ് വന്ന് എന്റെ ജീവിതത്തിലേക്ക് അങ്ങയുടെ കരുണയും സത്യവും ചൊരിയുകയും എല്ലാ അന്ധകാരവും വിഷാദവും അകറ്റുകയും ചെയ്യണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ