ഫരിസേയരുടെ നടുവിൽ ക്രിസ്തു, യാക്കോബ് യോർദാൻസ് വരച്ച ചിത്രം
വീഡിയോ
ചിലപ്പോൾ, വളരെ “മതനിഷ്ഠയുള്ളവർ” അനേകം “മതപരമായ” കാര്യങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്. അവർ ഭക്തിനിർഭരമായ ഭാഷയിൽ സംസാരിക്കുകയും വിശുദ്ധമായ കാര്യങ്ങളെക്കുറിച്ചു പറയുകയും ചെയ്യുന്നു. എന്നാൽ ഒടുവിൽ, അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം യഥാർഥത്തിൽ മറ്റുള്ളവരുടെ മുമ്പിൽ സ്വയം മഹത്വപ്പെടുത്താനുള്ള ഒരു മാർഗമായിരിക്കാം. ഇതാണ് ഫരിസേയർ നേരിടുന്ന പോരാട്ടം. ദുഃഖകരമെന്നു പറയട്ടെ, ഇതുമായി മല്ലിടുന്നവർ ഫരിസേയരെപ്പോലെതന്നെ, തങ്ങൾ ദൈവത്തോട് അസാധാരണമാംവിധം അടുത്തിരിക്കുന്നുവെന്നു കരുതി സ്വയം വഞ്ചിക്കുകപോലും ചെയ്തേക്കാം. എന്നാൽ അവരുടെ അഹങ്കാരം അവരെ അന്ധരാക്കിയിരിക്കുന്നു. വിനയപൂർവം ദൈവത്തെ ചൂണ്ടിക്കാണിക്കുകയും എല്ലാ മഹത്വവും നമുക്കല്ല, അവിടുത്തേക്ക് അർപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. ഇത് വളരെ പ്രയാസകരമായിരിക്കാം. എന്നാൽ അങ്ങേയറ്റത്തെ വിനയത്തോടും സത്യസന്ധതയോടുംകൂടിയ ഒരു പ്രവൃത്തിയായി ഇതു നന്നായി ചെയ്യുമ്പോൾ, ദൈവം യഥാർഥത്തിൽ നമ്മെ തന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുകയും അവിടുത്തേക്കു നാം അർപ്പിക്കേണ്ട ബഹുമാനത്തിൽ പങ്കുചേരാൻ നമ്മെ അനുവദിക്കുകയും ചെയ്യുന്നുവെന്ന് നാം തിരിച്ചറിയുന്നു. ഈ വിധത്തിൽ മാത്രമേ അവിടുത്തെ പുത്രന്മാരും പുത്രിമാരും എന്ന നിലയിലുള്ള നമ്മുടെ യഥാർഥ മഹത്ത്വം നാം തിരിച്ചറിയുകയുള്ളൂ. എല്ലാ കാര്യങ്ങളിലും വിനയപൂർവം ദൈവത്തെ ചൂണ്ടിക്കാണിക്കുമ്പോൾ, ദൈവംതന്നെ നമ്മെയും ഉന്നതിയിലേക്ക് ഉയർത്തുന്നു (കാണുക ഡയറി #1149).
മറ്റുള്ളവർ കാണാൻവേണ്ടി സ്വയം ഉയർത്താൻ ശ്രമിക്കുന്നതിനുപകരം, എല്ലാ മഹത്വവും ദൈവത്തിന് അർപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? തികഞ്ഞ സത്യസന്ധതയോടും വിനയത്തോടുംകൂടെ ഇതിനെക്കുറിച്ചു ചിന്തിക്കുക. സ്വയം ഉയർത്താൻ ശ്രമിച്ചാൽ, നിങ്ങൾക്കു വളരെ ഉയരാൻ കഴിയില്ലെന്നു മാത്രമല്ല, സങ്കൽപ്പിച്ചതിലും കൂടുതൽ അപമാനിതമായ അവസ്ഥയിൽ നിങ്ങൾ എത്തിച്ചേരുകയും ചെയ്യും എന്നതാണ് പ്രശ്നം. കർത്താവിനെ മഹത്വപ്പെടുത്തുകയും എല്ലാ നന്മയുടെയും ഉറവിടമായി അവിടുത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക; നിങ്ങളുടെ ജീവിതത്തെ ഉയർത്തുന്ന കാര്യം അവിടുത്തേക്കു വിട്ടുകൊടുക്കുക. നിങ്ങൾക്കു സ്വയം ഉയരാൻ കഴിയുന്നതിലും ഉയരത്തിൽ അവിടുന്ന് നിങ്ങളെ ഉയർത്തും.
കർത്താവേ, വിനയമെന്ന ദാനത്തിനായി ഞാൻ പ്രാർഥിക്കുന്നു. എന്റെ വിനയത്തിൽ ഞാൻ സത്യം കാണുവാനും ആ സത്യം മാത്രം പ്രഘോഷിക്കുവാനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. എല്ലാ നന്മകളും അങ്ങയിൽനിന്നു വരുന്നതാണെന്നും അങ്ങയാൽ നിറവേറുന്നതാണെന്നുമുള്ള സത്യം കാണാൻ എനിക്കു കഴിയണമെന്നു ഞാൻ പ്രത്യേകം പ്രാർഥിക്കുന്നു. എന്റെ കർത്താവേ, എല്ലാ മഹത്വവും അങ്ങേക്കായിരിക്കട്ടെ! ഈശോയെ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
ഓഗസ്റ്റ് 9 – കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ (എഡിത്ത് സ്റ്റൈൻ), കന്യകയും രക്തസാക്ഷിയും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ അനുസ്മരണമായി ആചരിക്കുന്നില്ല
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




