മലയാളം

വിചിന്തനം 223: ഭയാനകമായ ഒരു ദിവസം

ജെഹാൻ കൂസാൻ ഇളയവൻ, CC BY-SA 3.0, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

ജീവിതത്തിലെ ഒന്നും ഭയാനകമായിരിക്കേണ്ടതില്ല.  നാം സഹിക്കുന്ന ഏറ്റവും വലിയ പോരാട്ടവും കഷ്ടപ്പാടുംപോലും തന്റെ കരുണയുടെയും നമ്മുടെ വിശുദ്ധീകരണത്തിന്റെയും ഉറവിടമായി ദൈവത്തിന് അനായാസം രൂപാന്തരപ്പെടുത്താൻ കഴിയും.  എന്നാൽ നമ്മുടെമേൽ വന്നുചേർന്നാൽ യഥാർഥത്തിൽ ഭയാനകമായിത്തീരുന്ന ഒരു കാര്യമുണ്ട്.  നമ്മുടെ പിടിവാശിമൂലവും എളിമയോടെ പശ്ചാത്തപിക്കാനും ജീവിതം മാറ്റാനും വിസമ്മതിക്കുന്നതുമൂലവും ദൈവകരുണയ്ക്കു നേരെ ഹൃദയം അടച്ചുതന്നെ കഴിയുകയാണെങ്കിൽ, ന്യായവിധിദിനമായിരിക്കും ആ കാര്യം.  ഇത് ഓർക്കുമ്പോൾ ഭയം തോന്നുന്ന ഒരു യാഥാർഥ്യമാണ്.  ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ, പാപത്തോടുള്ള നമ്മുടെ പിടിവാശിപൂർവമായ ആസക്തിയെ ന്യായീകരിക്കാൻ നമുക്ക് ഒരിക്കലും കഴിയില്ല.  എത്രതന്നെ ന്യായങ്ങൾ നിരത്തിയാലും സ്വയം നീതീകരിച്ചാലും ദൈവത്തിന്റെ നീതിയെ തൃപ്തിപ്പെടുത്താനാവില്ല.  ഈ അവസ്ഥയിൽ എത്തിച്ചേരാൻ നിങ്ങളെത്തന്നെ അനുവദിക്കരുത്.  ഇപ്പോൾത്തന്നെ പശ്ചാത്തപിക്കുക.  ആത്മാർഥമായി പശ്ചാത്തപിച്ച് നിങ്ങളുടെ പാപം ഏറ്റുപറയുക.  സ്വയം നീതിമാനെന്ന ഭാവത്തിൽ കടിച്ചുതൂങ്ങരുത്.  ഇപ്പോഴും നിങ്ങളുടെ ന്യായവിധിദിനം വരെയും നിങ്ങൾക്കു നൽകപ്പെടുന്ന ദൈവത്തിന്റെ അനന്തമായ കരുണ വ്യക്തമായി മനസ്സിലാക്കിയാൽ, ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും.  അതിനുശേഷം ഏറെ വൈകിപ്പോയിരിക്കും.  കാത്തിരിക്കരുത് (കാണുക: ഡയറി #1160).

നിങ്ങൾ എന്തിനെക്കുറിച്ചാണ് പശ്ചാത്തപിക്കേണ്ടത്?  ഗൗരവമായി ചോദിക്കട്ടെ, എന്താണ് അത്?  നിങ്ങൾക്ക് പാപമൊന്നുമില്ലെന്ന മട്ടിൽ പെരുമാറിക്കൊണ്ട്, സ്വയം നീതിമാനെന്ന ഭാവത്തിൽ കടിച്ചുതൂങ്ങരുത്.  നിങ്ങൾക്ക് മറ്റുള്ളവരെ കബളിപ്പിക്കാനായേക്കാം, നിങ്ങളെത്തന്നെയും കബളിപ്പിക്കാനായേക്കാം; എന്നാൽ ദൈവത്തെ ഒരിക്കലും കബളിപ്പിക്കാനാവില്ല.  നിങ്ങളോടുള്ള അവിടുത്തെ സ്നേഹം നിങ്ങൾക്ക് ഒരിക്കലും ഗ്രഹിക്കാനാവുന്നതിലും വലുതാണ്. ഈ അറിവ് നിങ്ങളുടെ പാപം ഏറ്റുപറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കേണ്ടതാണ്.  പാപം ഏറ്റുപറയുക; കരുണയുടെ പ്രളയകവാടങ്ങൾ നിങ്ങളുടെ മുമ്പിൽ തുറക്കുന്നത് കാണുക.

കർത്താവേ, എന്റെ പാപത്തെക്കുറിച്ച് എനിക്ക് ദുഃഖമുണ്ട്; ഞാൻ ആത്മാർഥമായി പശ്ചാത്തപിക്കുന്നു.  പ്രത്യേകിച്ച്, എന്റെ തെറ്റുകൾ സത്യസന്ധമായി സമ്മതിക്കുന്നതിൽ ഞാൻ വീഴ്ച വരുത്തിയതിനെക്കുറിച്ച് എനിക്ക് അതിയായ ദുഃഖമുണ്ട്.  അങ്ങ് കാണുന്നതുപോലെ എന്റെ ആത്മാവിനെ കാണാനും, എന്റെ പാപത്തിലും പ്രത്യേകിച്ച് എന്റെ അഹങ്കാരത്തിലും കടിച്ചുതൂങ്ങിക്കൊണ്ട് ഞാൻ അങ്ങയിൽനിന്ന് അകന്നുപോയ വഴികൾ സമ്മതിക്കാനും ഇന്ന് എനിക്ക് കൃപ നൽകണമേ.  പ്രിയ കർത്താവേ, എന്നോടു കരുണ തോന്നണമേ.  എന്നെത്തന്നെയും എന്റെ എല്ലാ പാപങ്ങളും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഓഗസ്റ്റ് 11 – കന്യകയായ വിശുദ്ധ ക്ലാരയുടെ ഓർമ്മ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ