പീലാത്തോസിന്റെ മുമ്പിൽ ഈശോ, ആദ്യ കൂടിക്കാഴ്ച. ചിത്രകാരൻ: ജെയിംസ് ടിസോ
വീഡിയോ
അമിതമായി സംസാരിക്കുകയും നമ്മുടെ നിലപാട് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നത് മനുഷ്യരുടെ ഒരു സാധാരണ പ്രവണതയാണ്; പ്രത്യേകിച്ച്, അവരുടെ മനസ്സിൽ നമ്മുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ വേണ്ടി. മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കുന്നുവെന്ന് തോന്നുമ്പോഴാണ് ഇത് വിശേഷിച്ചും സംഭവിക്കുന്നത്. എന്നാൽ ഹേറോദേസിന്റെയും പീലാത്തോസിന്റെയും മുമ്പിൽ നിന്നപ്പോൾ ഈശോ ഇത് അങ്ങേയറ്റം അനുഭവിച്ചു. ഈ സന്ദർഭങ്ങളിൽ അവിടുന്ന് മൗനം പാലിച്ചു. തെറ്റിദ്ധരിക്കപ്പെടുമ്പോൾ മൗനം പാലിക്കാൻ നമ്മുടെ കർത്താവ് നമ്മെ വിളിക്കുന്ന പല അവസരങ്ങളുമുണ്ടെന്ന പാഠമാണ് ഇത് നമുക്കു നൽകുന്നത്. തീർച്ചയായും, നമ്മുടെ ആത്മാവിനെക്കുറിച്ചും ഉള്ളിലെ ചിന്തകളെക്കുറിച്ചും മറ്റൊരാളോട് സ്വതന്ത്രമായും തുറന്നും സംസാരിക്കാൻ അവിടുന്ന് നമ്മെ വിളിക്കുന്ന മറ്റു സന്ദർഭങ്ങളുമുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും അവിടുത്തെ തിരുഹിതം വിവേചിച്ചറിയാൻ നാം പരിശ്രമിക്കുകയും, ചില സാഹചര്യങ്ങളിൽ മൗനം പാലിക്കാനാണ് അവിടുന്ന് നമ്മെ വിളിക്കുന്നതെന്ന് മനസ്സിലാക്കുകയും വേണം. ചിലപ്പോഴൊക്കെ, ധാരാളം വാക്കുകളെക്കാൾ കൂടുതൽ നല്ല ഫലങ്ങൾ മൗനം പാലിക്കുന്നതിലൂടെ ഉണ്ടാകും. അത്തരം നിമിഷങ്ങളിൽ നമ്മുടെ കർത്താവിന്റെ മൗനം അനുകരിക്കാൻ ശ്രമിക്കുക. നിങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളും തെറ്റിദ്ധാരണകളും നിങ്ങൾ സഹിക്കുമ്പോൾ, അവിടുന്ന് നിങ്ങളുടെ ആത്മാവിനെ കാണുന്നുവെന്നും നിങ്ങളിൽ പ്രസാദിക്കുന്നുവെന്നും വിശ്വസിക്കുക (കാണുക ഡയറി #1164).
മറ്റുള്ളവർ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്ന് തോന്നുന്ന അവസരങ്ങളുണ്ടോ? അത് പ്രയാസകരവും വേദനാജനകവുമാകാം. അത്തരം നിമിഷങ്ങളിൽ നിങ്ങളുടെ നിലപാട് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കാനും നിങ്ങളുടെ മാന്യത കാത്തുസൂക്ഷിക്കാനുമുള്ള വഴികൾ തേടാൻ നിങ്ങൾക്കു പ്രവണതയുണ്ടാകുമെന്നത് ശ്രദ്ധിക്കുക. എന്നാൽ ആ നിമിഷങ്ങളിൽ മൗനം സ്വീകരിക്കാനായിരിക്കാം യഥാർഥത്തിൽ നമ്മുടെ കർത്താവ് നിങ്ങളെ വിളിക്കുന്നത്. ഹേറോദേസിന്റെയും പീലാത്തോസിന്റെയും മുമ്പിൽ നിന്ന ഈശോയെക്കുറിച്ച് ധ്യാനിക്കുകയും വിധിക്കപ്പെടുമ്പോൾ അവിടുന്ന് പാലിച്ച മൗനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. ഇതുപോലുള്ള നിമിഷങ്ങൾ സഹിക്കാൻ നിങ്ങളും വിളിക്കപ്പെടുമെന്ന് അറിയുക. ദൈവത്തിന്റെ നിഗൂഢമായ തിരുഹിതമനുസരിച്ച്, മൗനം പാലിക്കുന്ന ഈ പ്രവൃത്തി, നിങ്ങൾക്കു പറയാൻ കഴിയുന്ന എല്ലാ വാക്കുകളെക്കാളും കൂടുതൽ കൃപ ആത്മാക്കളുടെ രക്ഷയ്ക്കായി നേടിത്തരും.
കർത്താവേ, എപ്പോൾ സംസാരിക്കണമെന്നും എപ്പോൾ മൗനം പാലിക്കണമെന്നും അറിയാൻ എനിക്കു ജ്ഞാനം നൽകണമേ. അങ്ങയുടെ പരിപൂർണ്ണമായ മൗനം അനുകരിക്കാനും അങ്ങ് സഹിച്ച തെറ്റിദ്ധാരണകൾ സഹിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ നിമിഷങ്ങളിൽ, അങ്ങയെ അനുകരിക്കുമ്പോൾ അങ്ങയുടെ എളിമയും അനുകരിക്കാൻ എനിക്കു കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഓഗസ്റ്റ് 12 – വിശുദ്ധ ജെയ്ൻ ഫ്രാൻസെസ് ദെ ഷന്താൽ, സന്ന്യാസിനി—ഐച്ഛിക അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




