മലയാളം

വിചിന്തനം 229: അനുദിന രക്തസാക്ഷിത്വം

കൊളോസിയത്തിലെ ക്രൈസ്തവ രക്തസാക്ഷികൾ, രചന: കോൺസ്റ്റാന്റിൻ ഫ്ലാവിറ്റ്സ്കി

വീഡിയോ

ആദിമസഭാപിതാക്കളിൽ ഒരാൾ (തെർത്തുല്യൻ) ഇങ്ങനെ പറഞ്ഞു: “രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്.”  വിശ്വാസത്തിനുവേണ്ടി സ്വന്തം രക്തം ചൊരിയുന്നത് ആത്യന്തികമായി ഒരു ദുരന്തമല്ല എന്നാണ് ഇതിനർത്ഥം; മറിച്ച്, മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിനായി ക്രിസ്തു അതിനെ രൂപാന്തരപ്പെടുത്തുന്നു.  യഥാർത്ഥത്തിൽ രക്തസാക്ഷിയാകാൻ (സ്വന്തം രക്തം ചൊരിയാൻ) നിങ്ങൾക്ക് സാധ്യത കുറവാണെങ്കിലും, സഭയുടെ നന്മയ്ക്കുവേണ്ടി ഓരോ ദിവസവും നിങ്ങളുടെ ജീവിതം മനസ്സോടെ ത്യജിച്ചുകൊണ്ട് ആത്മാവിൽ രക്തസാക്ഷിയാകാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു.  ഒരു “അനുദിന രക്തസാക്ഷി” ആയിരിക്കുക എന്നതിനർത്ഥം, നിങ്ങളുടെ ദിവസത്തിലെ ഓരോ പ്രവൃത്തിയും നമ്മുടെ കർത്താവിന്റെ മഹത്ത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി അവിടുത്തേക്ക് ഒരു ത്യാഗമായി അർപ്പിക്കുക എന്നതാണ്.  നിങ്ങളുടെ ദിവസത്തിലെ ചെറിയ പ്രവൃത്തികൾപോലും—വിരസവും അപ്രധാനമെന്നു തോന്നുന്നവയുമായ പ്രവൃത്തികൾ—കൃപയുടെ ഉപകരണമായി ദൈവത്തിന് ഉപയോഗിക്കാൻ കഴിയുമെന്നാണ് അതിനർത്ഥം.  ഓരോ ദിവസവും, ദിവസം മുഴുവൻ നിങ്ങൾ ചെയ്യുന്നതെല്ലാം സഭയ്ക്കുവേണ്ടിയുള്ള ഒരു ത്യാഗമായി അർപ്പിക്കുക. അപ്പോൾ തന്റെ ദൈവകരുണ പകർന്നുനൽകാൻ, നിങ്ങൾക്കു സങ്കൽപ്പിക്കാനാവാത്ത വിധങ്ങളിൽ കർത്താവ് നിങ്ങളെ ഒരു ഉപകരണമായി ഉപയോഗിക്കും (കാണുക ഡയറി #1184).

ഈ ദിവസം നമ്മുടെ കർത്താവിന് അർപ്പിക്കാവുന്ന വലുതും ചെറുതുമായ ത്യാഗങ്ങളെക്കുറിച്ച് ചിന്തിക്കുക.  നിങ്ങൾ വഹിക്കുന്ന ഭാരമേറിയ ഏതെങ്കിലും ചുമടുണ്ടെങ്കിൽ, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.  എന്നാൽ ജീവിതത്തിന്റെ വിശാലമായ പശ്ചാത്തലത്തിൽ അത്ര പ്രാധാന്യമില്ലെന്നു തോന്നുന്ന അനേകം ചെറിയ പ്രവൃത്തികളാൽ നിങ്ങളുടെ ദിവസം നിറഞ്ഞിരിക്കുന്നുവെങ്കിൽ, ആ ചെറിയ പ്രവൃത്തികൾ നമ്മുടെ കർത്താവിന് അർപ്പിക്കാനുള്ള അത്ഭുതകരമായ ഒരു അവസരമാണ് നിങ്ങൾക്കുള്ളതെന്ന് അറിയുക.  ഈ അനുദിന സമർപ്പണത്തിന്റെ ശക്തി നിങ്ങൾക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമാണ്. നിങ്ങൾക്ക് അർപ്പിക്കാവുന്ന ഏറ്റവും വലിയ ദാനവും നമ്മുടെ ലോകത്തിൽ സമൃദ്ധമായ കൃപയുടെ ഉറവിടവും ഒരുപക്ഷേ ഇതായിരിക്കാം.

കർത്താവേ, ഈ ദിവസത്തെ എന്റെ ജോലികളെല്ലാം ഞാൻ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു.  ഓരോ ചെറിയ പ്രവൃത്തിയും ഭാരമേറിയ ഓരോ ചുമടും ഞാൻ അങ്ങേക്കു നൽകുന്നു.  പ്രിയ കർത്താവേ, എല്ലാം ഞാൻ അങ്ങേക്കു വിട്ടുതരുകയും അങ്ങേക്കുള്ള എന്റെ വിശുദ്ധ ബലിയായി അവയെ സമർപ്പിക്കുകയും ചെയ്യുന്നു.  അങ്ങയുടെ മഹത്ത്വത്തിനും അങ്ങയുടെ സഭയുടെ വളർച്ചയ്ക്കും കൂടുതൽ മികച്ച ഒരു ഉപകരണമായി ഞാൻ മാറേണ്ടതിന്, ഇന്നും എല്ലാ ദിവസവും അങ്ങയുടെ സ്നേഹത്തിന്റെ രക്തസാക്ഷിയായി എന്നെ ഉപയോഗിക്കണമേ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(പ്രത്യേകിച്ച് വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നത്)
ഓഗസ്റ്റ് 18-26

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ