വിശുദ്ധ ലോറൻസിന്റെ രക്തസാക്ഷിത്വം — സൃഷ്ടിച്ചത്: Lawrence OP, അനുമതിപത്രം CC BY-NC-ND 2.0.
മനുഷ്യസഹനം ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ്. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയും നമ്മുടെ വിശ്വാസത്തിന്റെ മുഴുവൻ ആധ്യാത്മിക പാരമ്പര്യവും സഹനത്തിന്റെ ഈ അഗാധരഹസ്യത്തെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നു. ഒന്നാമതായി, തികച്ചും ലൗകികമായ കാഴ്ചപ്പാടിൽ സഹനം ഒട്ടും അഭിലഷണീയമല്ല. വാസ്തവത്തിൽ, എന്തു വിലകൊടുത്തും അതിനെ ഒഴിവാക്കാനാണ് സാധാരണയായി ശ്രമിക്കുന്നത്; ഏറ്റവും വലിയ ദുരന്തമായി അതിനെ കാണുകയും ചെയ്യുന്നു. എന്നാൽ, ക്രൈസ്തവ കാഴ്ചപ്പാടിൽ, സഹനത്തെത്തന്നെ ക്രിസ്തു രൂപാന്തരപ്പെടുത്തുകയും ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് കൃപയുടെ ഏറ്റവും മഹത്തായ ഉപകരണമാക്കുകയും ചെയ്തിരിക്കുന്നു. കുരിശിലെ അവിടുത്തെ അതിതീവ്രമായ സഹനത്തിലൂടെയാണ് ലോകത്തിന്റെ രക്ഷ സാധ്യമായത്. എല്ലാ സഹനങ്ങളും സ്വമനസ്സാലെ ഏറ്റെടുത്തുകൊണ്ട് അവിടുന്ന് അവയെ സകല കൃപയുടെയും മാർഗവും ഉറവിടവുമാക്കി. അങ്ങനെ ചെയ്തുകൊണ്ട്, നമ്മുടെ സഹനങ്ങളെയും കൃപയ്ക്കുള്ള അവസരമായി കാണാൻ യേശു നമ്മെ ക്ഷണിക്കുന്നു. സഹനത്തെ സ്വീകരിച്ച്, അവിടുത്തെ കുരിശിനോടു ചേർത്ത്, പിതാവിനു സമർപ്പിക്കുമ്പോൾ, നമ്മുടെ സഹനത്തിനും അനന്തമായ മൂല്യം കൈവരിക്കാനും ദൈവകരുണയുടെ ചാലകമാകാനും കഴിയും. ഒരു ക്രൈസ്തവൻ സ്വമനസ്സാലെ ഏറ്റെടുക്കുന്ന സഹനം, ക്രിസ്തുവിനോടുള്ള അയാളുടെ അടുപ്പത്തിന്റെ അടയാളവും വിശുദ്ധിയിലേക്കുള്ള വഴിയുമായിത്തീരണം (കാണുക ഡയറി #774).
സഹനം ഏറെ ദുഷ്കരമാകാം; എങ്കിലും ജീവിതത്തിൽ മിക്കപ്പോഴും അത് ഒഴിവാക്കാനാവാത്തതാണ്. അതിൽനിന്ന് ഓടിയകലുന്നതിനു പകരം, നിങ്ങളുടെ സഹനത്തെ നന്മയ്ക്കായി ഉപയോഗിക്കാൻ ദൈവത്തിനു കഴിയുമെന്ന സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇത് നിഗൂഢമായ ഒരു വിളിയാണ്; അതിന് അത്യധികമായ വിശ്വാസവും ആശ്രയബോധവും ആവശ്യമാണ്. എന്നാൽ ഈ വിളി സ്വീകരിച്ചു കഴിയുമ്പോൾ, ജീവിതത്തിൽ ഏറ്റവും വേദനാജനകമായതിനെപ്പോലും ദൈവശക്തി ആവരണം ചെയ്യുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിങ്ങൾ കണ്ടെത്തും.
കർത്താവേ, എല്ലാ സഹനങ്ങളും അങ്ങയെ ഏൽപ്പിക്കാൻ എന്നെ സഹായിക്കണമേ. ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ സമയങ്ങളിൽ അങ്ങയിൽ പ്രത്യാശവയ്ക്കാനും അങ്ങയുടെ കുരിശിൽ എന്റെ ദൃഷ്ടി ഉറപ്പിക്കാനും എന്നെ സഹായിക്കണമേ. കർത്താവേ, എന്നെ ഉപയോഗിക്കണമേ; എന്റെ സഹനത്തെ എന്റെ വിശുദ്ധിയുടെ ഉറവിടമായും അങ്ങയുടെ സഭയെ വിശുദ്ധിയിൽ പടുത്തുയർത്തുന്നതിനായും ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂൺ 1 –രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




