മലയാളം

ധ്യാനചിന്ത 205: സമാധാനത്തിന്റെ കോട്ട

ചിത്രം: യാൻ നൈമാൻ ഉറവിടം: Pixabay

വീഡിയോ

കർത്താവിന്റെ സമാധാനം ഒരു കോട്ടപോലെയാണ്; ദുഷ്ടനിൽനിന്നുള്ള എല്ലാ ബാഹ്യാക്രമണങ്ങളിൽനിന്നും നാം അതിൽ അഭയം തേടണം.  ഈ കോട്ടയ്ക്കു പുറത്തായിരിക്കുമ്പോൾ ഈ ദുഷ്ടമായ ആക്രമണങ്ങൾക്കെല്ലാം നാം ഇരയാകുന്നു.  ദൈവത്തിന്റെ സമാധാനം നൽകുന്ന പവിത്രമായ സംരക്ഷണമില്ലെങ്കിൽ, കോപം, പീഡനം, വഞ്ചന, അസൂയ എന്നിവയുടെ അസ്ത്രങ്ങൾ നമുക്കു വലിയ നാശം വരുത്താം.  എന്നാൽ ഈ കോട്ടയുടെ മതിലുകൾക്കുള്ളിൽ, നമ്മെ ദ്രോഹിക്കാൻ ശ്രമിക്കുന്ന എല്ലാറ്റിൽനിന്നും കർത്താവ് നമ്മെ സംരക്ഷിക്കുന്നു.  കർത്താവിന്റെ കരുണയിൽ അഭയം തേടുക; ലോകത്തിന്റെ തിന്മകളിൽനിന്ന് നിന്നെ സംരക്ഷിക്കുന്ന സമാധാനത്തിന്റെ ഒരു മതിൽ തീർക്കാൻ ആ കരുണയെ അനുവദിക്കുക.  ഈ ആക്രമണങ്ങൾ ആ മതിൽ തുളച്ചുകയറാൻ അനുവദിക്കരുത്; പകരം, കർത്താവിനോടൊപ്പമായിരിക്കുന്നതിൽ സംതൃപ്തനായിരിക്കുക; അവിടുത്തെ അഭയസ്ഥാനത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നിൽ പ്രവർത്തിക്കാൻ അവിടുത്തെ അനുവദിക്കുക (കാണുക ഡയറി #1067).

നിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നത് എന്താണ്?  ഉള്ളിൽനിന്ന് നിന്നെ ഉലയ്ക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നത് എന്താണ്?  നിന്നെ സംരക്ഷിക്കാനും നിനക്ക് അഭയം നൽകാനും കർത്താവ് ആഗ്രഹിക്കുന്നുവെന്ന് അറിയുക.  അവിടുത്തെ സമാധാനം തേടുക.  അവിടുത്തെ തേടുക; അവിടുന്ന് നിനക്ക് തന്റെ സമാധാനം നൽകും.  വർണനകൾക്കും മനുഷ്യന്റെ ഗ്രഹണശേഷിക്കും അതീതമായ ഒരു ദാനമാണ് സമാധാനം.  അനുദിന ദുഷ്പ്രവണതകളിൽനിന്നും ദുഷ്ടന്റെ ആക്രമണങ്ങളിൽനിന്നും നിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്ന സുരക്ഷിതമായ ഒരിടമാണത്.  കർത്താവിന്റെ സമാധാനം നിനക്ക് അറിയാമോ?  അവിടുത്തെ കരുണയുടെ ഈ ദാനത്തിൽ നിന്റെ ദൃഷ്ടി ഉറച്ചുനിൽക്കുന്നുണ്ടോ?  പൂർണഹൃദയത്തോടെ ഈശോയെ തേടുക; തീർച്ചയായും നീ അവിടുത്തെ സമാധാനം അറിയും.  ആ സമാധാനത്തിന്റെ അഭയത്തിൽ, നീ അനുവദിക്കുന്നെങ്കിൽ, കർത്താവ് നിനക്കായി വലിയ കാര്യങ്ങൾ ചെയ്യും.

കർത്താവേ, എന്റെ ആത്മാവിന്റെ സംരക്ഷണം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു.  എന്റെ ഉള്ളിലെ എല്ലാ അഭിലാഷങ്ങളും പ്രത്യാശകളും ആഗ്രഹങ്ങളും ബലഹീനതകളും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  എന്റെ ഉള്ളിലെ ഈ വിശുദ്ധ സങ്കേതത്തിൽ എനിക്ക് അങ്ങയെ കണ്ടുമുട്ടാൻ കഴിയേണ്ടതിന്, അങ്ങ് വന്ന് എനിക്കു ചുറ്റും സംരക്ഷണത്തിന്റെ ഒരു മതിൽ തീർക്കണമേ.  എന്നെ പൊതിയുകയും മാധുര്യവും ശക്തിയും ഉളവാക്കുകയും ചെയ്യുന്ന അങ്ങയുടെ കരുണയുടെ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു.  എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയുടെ പരിപൂർണമായ പരിപാലനത്തിന് എന്നെത്തന്നെ സമർപ്പിക്കുന്നു.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 24 – വിശുദ്ധ ഷർബെൽ മഖ്‌ലൂഫ്, പുരോഹിതൻ, ഏകാന്തവാസി—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ