മലയാളം

ധ്യാനം 187: കൊടുങ്കാറ്റിനു ശേഷമുള്ള മഴവില്ല്

ചിത്രത്തിന്റെ ഉറവിടം: pxhere,CC0

വീഡിയോ

സൃഷ്ടി തന്നെ ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുകയും വിശ്വാസകാര്യങ്ങൾ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നത് എത്ര വിസ്മയകരമാണ്! ഒരു മഴവില്ലിനെക്കുറിച്ച് ചിന്തിക്കുക. അത് തിളക്കമുള്ളതും മനോഹരവും വർണശബളവും വിസ്മയമുണർത്തുന്നതുമാണ്. മഴവില്ല് കാണുമ്പോൾ എല്ലാവരും സന്തോഷിക്കുന്നു. എന്നാൽ മഴയോ കൊടുങ്കാറ്റോ ഇല്ലെങ്കിൽ മഴവില്ലും ഉണ്ടാകുമായിരുന്നില്ല. ജീവിതവും അങ്ങനെതന്നെ. നല്ല ദിവസങ്ങൾക്കു പിന്നാലെ മോശം ദിവസങ്ങളും മോശം ദിവസങ്ങൾക്കു പിന്നാലെ നല്ല ദിവസങ്ങളും നമുക്കുണ്ടാകും. ഇവയിലൊന്നും നാം ആശ്ചര്യപ്പെടേണ്ടതില്ല. സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസത്തിൽ നാം ദൈവത്തിനു നന്ദി പറയുകയും ആ “മഴവില്ല്” ഒരു ദാനമാണെന്ന് തിരിച്ചറിയുകയും വേണം. മോശം ദിവസങ്ങളിൽ ഓർക്കാൻ കഴിയുന്നവിധം നാം അതിന്റെ ആനന്ദം നുകരണം. ഒരു മോശം ദിവസം വരുമ്പോഴും നാം ദൈവത്തിനു നന്ദി പറയണം. അവിടുന്നിൽ ക്ഷമയോടെ പ്രത്യാശയർപ്പിച്ച് കാത്തിരുന്നാൽ ഇതും കടന്നുപോകുമെന്ന അറിവിന് നാം അവിടുത്തേക്കു നന്ദി പറയണം. ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഏറെയുണ്ടെങ്കിലും ദൈവകരുണ ശാശ്വതമാണ്. എല്ലാ സാഹചര്യങ്ങളിലൂടെയും അത് നമ്മെ നയിക്കുകയും കൊടുങ്കാറ്റ് കടന്നുപോയശേഷം സന്തോഷിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും (കാണുക: ഡയറി #992).

ഒരു മഴവില്ലും കൊടുങ്കാറ്റും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. തിളങ്ങുന്ന നിറങ്ങളോടെ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ വിരിഞ്ഞുനിൽക്കുന്ന ഒരു മഴവില്ല് സങ്കൽപ്പിക്കുക. അത് മനോഹരവും പ്രചോദനദായകവുമാണ്; പുഞ്ചിരിക്കും ആനന്ദത്തിനും കാരണമാകുന്നു. ഇനി അതിനെ, അതിനു മുമ്പുണ്ടായ കൊടുങ്കാറ്റുമായി താരതമ്യം ചെയ്യുക. കൊടുങ്കാറ്റിന്റെ നടുവിൽ, പിന്നാലെ വരാനിരിക്കുന്ന മഴവില്ലിനെക്കുറിച്ച് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. പകരം, അഭയം തേടുന്നതിലായിരിക്കും പ്രധാന ശ്രദ്ധ. ഇത് നിങ്ങളുടെ സ്വന്തം ജീവിതവുമായി എങ്ങനെ സാമ്യമുള്ളതാകാമെന്ന് ചിന്തിക്കുക. വേദന അനുഭവപ്പെടുമ്പോഴോ വെല്ലുവിളികൾ ഒന്നിനുപുറകെ ഒന്നായി വന്നുചേരുമ്പോഴോ നിങ്ങൾ ഓടിയൊളിക്കാറുണ്ടോ? ഓരോ പോരാട്ടവും ഒരു മഴവില്ലിനു മുന്നോടിയാണെന്നും നിങ്ങൾ സ്വയം ഓർമിപ്പിക്കണം. ദൈവകരുണയുടെ അനുഗ്രഹങ്ങളെ നിങ്ങളുടെ മനസ്സിൽ സജീവമായി നിലനിർത്തുക; അങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ അവ അനുദിനം നിങ്ങളെ സഹായിക്കും.

കർത്താവേ, എന്റെ ദൃഷ്ടി എല്ലായ്‌പ്പോഴും അങ്ങയിൽ ഉറപ്പിച്ചുനിർത്തണമേ. ജീവിതത്തിലെ ഓരോ കൊടുങ്കാറ്റിനിടയിലും പ്രത്യാശയും സന്തോഷവും കാത്തുസൂക്ഷിക്കാൻ എനിക്കു കഴിയുമാറാകണമേ. ഞെരുക്കവും ഒന്നിനുപുറകെ ഒന്നായി വന്നുചേരുന്ന വെല്ലുവിളികളും എന്നെ തളർത്തുമ്പോൾ, ഇതും കടന്നുപോകുമെന്നും എന്റെ പോരാട്ടങ്ങളെയും എന്റെ ജീവിതത്തെയും അങ്ങ് പൂർണവും ആനന്ദകരവുമായ ഒരു പരിസമാപ്തിയിലേക്കു നയിക്കുമെന്നും എന്നെ ഓർമിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 6 – വിശുദ്ധ മരിയ ഗൊരേത്തി, കന്യകയും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ