മലയാളം

വിചിന്തനം 249: സഹനത്തിന്റെ ഫലം

ചിത്രം: Needpix.com

വീഡിയോ

ഒരാൾ ഏറെ സഹിച്ചതിനുശേഷം മാത്രമാണ് അത്തരം സഹനത്തിൽനിന്ന് ഉളവാകാവുന്ന നല്ല ഫലങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നത്.  സഹനം സ്വതവേ നമ്മുടെ പതിതമായ മാനുഷികാവസ്ഥയുടെ ഫലമാണ്.  എന്നാൽ യേശു നമ്മുടെ മാനുഷികാവസ്ഥയിലേക്കു പ്രവേശിച്ച് എല്ലാ സഹനങ്ങളും ഏറ്റെടുക്കുകയും അവയെ വീണ്ടെടുക്കുകയും ചെയ്തതിനാൽ, നാം സഹനത്തെ സ്വമനസ്സാലെ സ്വീകരിച്ച് ക്രിസ്തുവിന്റെ സഹനങ്ങളോടു ചേർക്കുമ്പോൾ അതിന് ഇപ്പോൾ വലിയ ശക്തിയുണ്ട്.  സഹനത്തിൽനിന്ന് ഉളവാകാവുന്ന ഒരു നല്ല ഫലമാണ് ആത്മീയജ്ഞാനം.  ക്രിസ്തുവിൽ സഹനത്തെ സ്വീകരിക്കുകയും അവിടുത്തെ സ്വന്തം ബലിയോടു ചേർത്ത് ഒരു ബലിയായി അവിടുത്തേക്കു സമർപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ സഹനം ജീവിതത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും ശരിയായ കാഴ്ചപ്പാടിൽ കാണാനും നമ്മെ സഹായിക്കുന്നതായി നാം കണ്ടെത്തും. നാം കണ്ടുമുട്ടുന്ന മറ്റുള്ളവരുടെ ആത്മാക്കളെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കാനുള്ള ആത്മീയവരംപോലും അത് നമുക്കു നൽകിയേക്കാം.  മറ്റുള്ളവരുടെ ആത്മാക്കളെക്കുറിച്ചുള്ള ഈ ജ്ഞാനവരം അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാനും, അവർക്ക് ആവശ്യമായ പ്രത്യേക രീതിയിൽ ദൈവത്തിന്റെ കരുണ അവർക്കു പകർന്നുനൽകാനും നമ്മെ പ്രാപ്തരാക്കും.  നിങ്ങളുടെ സഹനങ്ങൾ നിങ്ങളെ രൂപാന്തരപ്പെടുത്താനും, ദൈവം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന മറ്റു പല വരങ്ങളോടൊപ്പം ഈ ജ്ഞാനവരവും നിങ്ങൾക്കു നൽകാനും അനുവദിക്കുന്നതിൽ ഭയപ്പെടരുത് (കാണുക ഡയറി #1277).

നിങ്ങളുടെ സ്വന്തം സഹനങ്ങളെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്നു വിചിന്തനം ചെയ്യുക.  നിങ്ങൾക്കനുഭവപ്പെടുന്ന ചെറിയൊരു അസ്വസ്ഥതയായാലും തീവ്രമായ ആന്തരികവേദനയായാലും, ജീവിതത്തിൽ നാം അനുഭവിക്കുന്നതെല്ലാം നമ്മെ രൂപാന്തരപ്പെടുത്തുന്ന വിധത്തിൽ വീണ്ടെടുക്കപ്പെടാനും രൂപാന്തരപ്പെടാനും കഴിയും.  നിങ്ങൾ ഇതു വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ അനുഭവിക്കുന്ന ഓരോ അസ്വസ്ഥതയും ഓരോ സഹനവും ദൈവത്തിനുള്ള ഒരു ബലിയായി ബോധപൂർവം സ്വീകരിക്കാൻ ശ്രമിക്കുക.  അത് അവിടുത്തേക്കു സമർപ്പിക്കുക. തുടർന്ന്, ഇപ്രകാരം സ്വമനസ്സാലെ സ്വീകരിക്കുന്നതിന്റെ ശുദ്ധീകരണഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ധാരാളം നല്ല ഫലങ്ങൾ ഉളവാക്കാൻ അനുവദിക്കുക.

കർത്താവേ, പലപ്പോഴും ഞാൻ എന്റെ സഹനത്തിൽനിന്ന് ഓടിയകലുകയും, എന്റെ സഹനങ്ങളെ സ്വമനസ്സാലെ സ്വീകരിക്കുന്നതിലൂടെ എന്നിൽ ഉളവാകാവുന്ന വീണ്ടെടുപ്പിന്റെ ഫലങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു.  എനിക്കു നൽകപ്പെടുന്ന കുരിശുകളോട് “അതെ” എന്നു പറയാനും, അവയ്ക്ക് എന്റെ ജീവിതത്തിൽ ഉളവാക്കാൻ കഴിയുന്ന ആത്മീയഫലങ്ങൾ സ്വീകരിക്കാൻ മനസ്സു തുറക്കാനും എനിക്കു ധൈര്യം നൽകണമേ.  പ്രിയ കർത്താവേ, എല്ലാം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ