ഹിയറോണിമസ് ബോഷ്, പ്രാർഥനയിൽ മുഴുകിയ വിശുദ്ധ ജെറോം, ചിത്രം: ഫ്രാൻസ് വാൻഡെവാലെ, CC BY-NC 2.0
പ്രാർഥിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് നമ്മുടെ കർത്താവിനെ സമീപിക്കുന്നത്? സ്നേഹഭക്തിയോടെ നിങ്ങളുടെ ദിവസം മുഴുവൻ അവിടുത്തേക്ക് സമർപ്പിക്കുന്നതും, നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനോടെന്നപോലെ ദിവസം മുഴുവൻ അവിടുത്തോട് സംസാരിക്കുന്നതും തീർച്ചയായും നല്ലതാണ്. എന്നാൽ മറ്റു ചില അവസരങ്ങളിൽ നമ്മുടെ പ്രാർഥന തീക്ഷ്ണമായിരിക്കണം; അത് തീക്ഷ്ണതയോടെ പ്രകടിപ്പിക്കുകയും വേണം. ഇതിനുള്ള ഒരു മാർഗം അക്ഷരാർഥത്തിൽത്തന്നെ നമ്മുടെ കർത്താവിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുക എന്നതാണ്. നിങ്ങളുടെ മുറിയുടെ നിശ്ശബ്ദതയിലോ ആരുമില്ലാത്ത ദേവാലയത്തിലോ ഇങ്ങനെ പ്രാർഥിക്കാൻ അവസരം കണ്ടെത്തുക. ഈ “തീക്ഷ്ണത” നമ്മുടെ കർത്താവിനോടുള്ള പൂർണമായ വിധേയത്വത്തിന്റേതായിരിക്കണം. അത് ദീർഘനേരം നീണ്ടുനിൽക്കുന്നതും സ്വയം ശൂന്യവത്കരിക്കുന്നതുമായിരിക്കണം. ഇപ്രകാരം പ്രാർഥിക്കുന്നത് മനോഹരമായ ഒരു സ്നേഹപ്രവൃത്തിയും, ദൈവത്തിന് അർഹമായ ആരാധന അർപ്പിക്കാനുള്ള ഒരു മാർഗവുമാണ്. അവിടുത്തേക്ക് പൂർണമായ ആരാധന അർപ്പിക്കാൻ നമുക്ക് ഒരിക്കലും കഴിയില്ലെങ്കിലും, കഴിയുന്നത്ര പൂർണമായി അതിന് ശ്രമിക്കുന്നത് അവിടുത്തെ പ്രസാദിപ്പിക്കുകയും കരുണയുടെ സമൃദ്ധി നിറഞ്ഞ തന്റെ ഹൃദയത്തോട് നമ്മെ ചേർത്തണയ്ക്കാൻ അവിടുത്തേക്ക് അവസരമൊരുക്കുകയും ചെയ്യുന്നു (കാണുക ഡയറി #1279).
നമ്മുടെ കർത്താവിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് നിങ്ങൾ എപ്പോഴെങ്കിലും പ്രാർഥിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, അത് തുടരുക. ഓരോ ദിവസവും അതിനുള്ള അവസരം കണ്ടെത്തുക. ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, തുടങ്ങാൻ പറ്റിയ സമയമാണിത്. എന്തു പറയണമെന്നോർത്ത് വിഷമിക്കേണ്ട; ആദ്യമൊക്കെ അസ്വസ്ഥത തോന്നിയാലും വിഷമിക്കേണ്ട. മുട്ടുകുത്തി, നിലത്തോളം കുനിഞ്ഞ്, നമ്മുടെ കർത്താവിനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക. അങ്ങനെതന്നെ തുടർന്നുകൊണ്ട് സമ്പൂർണമായ ആത്മസമർപ്പണത്തിന് ശ്രമിക്കുക. കർത്താവ് നിങ്ങളുടെ ആരാധന സ്വീകരിക്കുകയും കരുണ നിറഞ്ഞ തന്റെ തിരുഹൃദയത്തിലേക്ക് നിങ്ങളെ കൂടുതൽ അടുപ്പിക്കുകയും ചെയ്യും.
കർത്താവേ, ഞാൻ അങ്ങയുടെ മുമ്പിൽ സാഷ്ടാംഗം വീണ്, അങ്ങയുടെ മഹത്ത്വത്തിനായി എന്റെ ജീവിതം മുഴുവൻ നിസ്വാർഥമായ ഒരു ദാനമായി അങ്ങേക്ക് സമർപ്പിക്കുന്നു. പ്രിയ കർത്താവേ, എല്ലാം ഞാൻ അങ്ങേക്ക് നൽകുന്നു; ഒന്നും എനിക്കായി മാറ്റിവയ്ക്കാതിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. അങ്ങാണ് എന്റെ ദൈവവും എന്റെ സർവസ്വവും. ഞാൻ അങ്ങയെ സ്നേഹിക്കുകയും എന്റെ ജീവിതം അങ്ങേക്ക് സമർപ്പിക്കുകയും ചെയ്യുന്നു. ഈശോയേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ പ്രാർഥിക്കുന്നു
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




