മലയാളം

ധ്യാനം 248: പരിധിയില്ലാത്ത വിഭവങ്ങൾ

ഫരിസേയനായ ശിമയോന്റെ ഭവനത്തിൽ ക്രിസ്തു, ഡിറിക് ബൗട്സിന്റെ രചന

വീഡിയോ

വളരെ ചെറിയ അളവിലുള്ള ഓക്സിജനെ പരിധിയില്ലാത്ത അളവിൽ ഊർജമാക്കി മാറ്റുന്ന ഒരു യന്ത്രം നിർമിച്ചുകൊണ്ട്, പരിധിയില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ഒരു ഉറവിടം നിങ്ങൾ കണ്ടെത്തിയെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ നിർമിച്ച യന്ത്രം പ്രവർത്തിപ്പിച്ചാൽ മാത്രം മതി, ഊർജം അനന്തമായി ഉൽപാദിപ്പിക്കപ്പെടുന്നു. അതൊരു അത്ഭുതകരമായ കണ്ടുപിടിത്തമായിരിക്കും. എന്നാൽ ആത്മീയതലത്തിൽ ഇതുപോലൊന്ന് യഥാർഥത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെ പ്രവർത്തിപ്പിക്കുന്ന “ഓക്സിജൻ” നമ്മുടെ ദൈന്യതയും പാപവുമാണ്. അതിന്റെ “ഉൽപാദകയന്ത്രം” ഈശോയുടെ ഹൃദയമാണ്. അത് ഉൽപാദിപ്പിക്കുന്ന “ഊർജം” ദൈവത്തിന്റെ അനന്തമായ കരുണയാണ്. ഇത് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഈ അതിസ്വാഭാവിക വിഭവംകൊണ്ട് നമ്മുടെ ലോകം അനന്തമായി നിറഞ്ഞുകവിയുമായിരുന്നു. നമ്മുടെ ജീവിതത്തിലെ ദൈന്യത ദൈവത്തിനു സമർപ്പിക്കുമ്പോൾ അവിടുന്ന് അതിനെ രൂപാന്തരപ്പെടുത്തുന്നുവെന്ന് നാം തിരിച്ചറിയണം. വാസ്തവത്തിൽ, ഇതാണ് അവിടുത്തെ തീക്ഷ്ണമായ അഭിലാഷം. നിങ്ങളുടെ ജീവിതം സമൃദ്ധമായി നിറയാനും, നിങ്ങളിലൂടെ ലോകവും സമൃദ്ധമായി നിറയാനും വേണ്ടി നിങ്ങളുടെ ദൈന്യതയെ തന്റെ കരുണയാക്കി മാറ്റാൻ അവിടുത്തെ ഹൃദയം അതിയായി ആഗ്രഹിക്കുന്നു. നിങ്ങളുടെ ദൈന്യതയും പാപവും ദൈവത്തിനു നൽകുക; അവിടുന്ന് അതിനെ അനന്തമായി രൂപാന്തരപ്പെടുത്തട്ടെ (കാണുക ഡയറി #1273).

നിങ്ങളുടെ സ്വന്തം ദൈന്യതയെയും പാപത്തെയും കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? നിങ്ങൾ അവ മറച്ചുവയ്ക്കുകയും മൂടിവയ്ക്കുകയും അവഗണിക്കുകയും അവ ഇല്ലെന്നു നടിക്കുകയും ചെയ്യുന്നുണ്ടോ? പാപവും ദൈന്യതയും ഇല്ലാത്ത ഒരു ജീവിതമാണ് നിങ്ങളുടേതെന്ന മിഥ്യാധാരണ മറ്റുള്ളവരിൽ സൃഷ്ടിച്ചുകൊണ്ടാണോ നിങ്ങൾ ജീവിക്കുന്നത്? ചിലർ ഇങ്ങനെ ചെയ്യുന്നു. മറ്റു ചിലരാകട്ടെ, നേരെ മറുവശത്തെ അതിരുകടന്ന നിലപാട് സ്വീകരിച്ച്, സ്വയം സഹതാപത്തിൽ മുഴുകുകയും തങ്ങളുടെ ദൈന്യത ഒരു ബഹുമതിയുടെ അടയാളമെന്നപോലെ എല്ലാവരെയും കാണിക്കുകയും ചെയ്യുന്നു. ഈ രണ്ടു സമീപനങ്ങളും സഹായകരമല്ല. നിങ്ങളുടെ പാപവും സകല ദൈന്യതയും ഈശോയുടെ ഹൃദയത്തിനു സമർപ്പിക്കുക എന്നതാണ് സഹായകരമായ ഏക സമീപനം. നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയേ വേണ്ടൂ. ഇന്നുതന്നെ അതു ചെയ്യുക. ഈ സമ്പൂർണ സമർപ്പണം നടത്തിത്തുടങ്ങുക; എല്ലാം കരുണയാക്കി മാറ്റാനുള്ള ഈശോയുടെ ഹൃദയത്തിലെ അത്ഭുതശക്തി നിങ്ങൾ കണ്ടെത്തും.

ഈശോയുടെ ഹൃദയമേ, എന്റെ ദൈന്യതയും വേദനയുമായി ഞാൻ അങ്ങയുടെ അടുത്തേക്ക് ഓടിവരുന്നു. പ്രിയനാഥാ, എന്റെ പാപം ഞാൻ അങ്ങയ്ക്കു സമർപ്പിക്കുന്നു. അതിനെ അങ്ങയുടെ കരുണയാക്കി മാറ്റണമേ; അങ്ങനെ ഈ ദാനം അനന്തമായ കൃപയുടെ ഉറവിടമായിത്തീരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

സെപ്റ്റംബർ 5 – കൽക്കത്തയിലെ വിശുദ്ധ മദർ തെരേസ, കന്യക

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ ധ്യാനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ