പ്ലിമത്തിലെ ആദ്യ കൃതജ്ഞതാഘോഷം, ജെന്നി എ. ബ്രൗൺസ്കോംബിന്റെ രചന
ദൈവത്തോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം? ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ പലപ്പോഴും നാം നമ്മിൽത്തന്നെ മുഴുകിപ്പോകുന്നു. നമ്മുടെ ബുദ്ധിമുട്ടുകളിലും ആവശ്യങ്ങളിലുമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവ ദൈവത്തിനു സമർപ്പിച്ച് വിട്ടുകൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ മഹത്ത്വവും നന്മയും നാം കണ്ടുതുടങ്ങുന്നതായി തിരിച്ചറിയും; ദൈവത്തോടുള്ള അങ്ങേയറ്റത്തെ കൃതജ്ഞതയാൽ നാം നിറയാനും തുടങ്ങും. കൃതജ്ഞത നമ്മെ മുഴുവനായി ആവേശിക്കുകയും നമ്മുടെ മനസ്സുകളിലും പ്രാർഥനകളിലും നിറയുകയും വേണം. നമ്മുടെ തീവ്രവികാരങ്ങളെയും അനുഭൂതികളെയും നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ അംശങ്ങളെയും കൃതജ്ഞത ഭരിക്കാൻ നാം അനുവദിക്കണം. നിത്യതയിലും നാം ചെയ്യുക ഇതുതന്നെയായിരിക്കും. ദൈവത്തിന്റെ നന്മയ്ക്കും കരുണയ്ക്കും അവിടുത്തേക്കു നന്ദിയർപ്പിക്കുന്ന ഒരൊറ്റ നിത്യപ്രവൃത്തിയായിരിക്കും സ്വർഗം. നമ്മിൽനിന്ന് കണ്ണുകൾ തിരിച്ച് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു കഴിയുമ്പോൾ, കൃതജ്ഞതയാകുന്ന ഈ ദാനം നമ്മുടെ ജീവിതത്തെ നയിക്കാൻ തുടങ്ങും (കാണുക ഡയറി #1285-1286).
നിങ്ങൾ കൃതജ്ഞതയുള്ളവരാണോ? ഓരോ ദിവസവും ദൈവം നിങ്ങളുടെമേൽ സമൃദ്ധമായി ചൊരിയുന്ന എണ്ണമറ്റ ദാനങ്ങൾ കാണാൻ നിങ്ങൾ മനസ്സുതുറക്കുമ്പോൾ മാത്രമേ നിങ്ങൾ കൃതജ്ഞതയുള്ളവരാകൂ. നമ്മിൽത്തന്നെ മുഴുകി കഴിയുന്നതുമൂലം ദൈവത്തിൽനിന്നുള്ള ഈ എണ്ണമറ്റ അനുഗ്രഹങ്ങൾ കാണാനുള്ള നമ്മുടെ കാഴ്ച മങ്ങിപ്പോകാൻ എളുപ്പമാണ്. എന്നാൽ സ്വർഗത്തിലേക്കു കണ്ണുകളുയർത്തി സത്യം കാണാൻ നിങ്ങൾക്കു കഴിഞ്ഞാൽ, ദൈവത്തിന്റെ അനന്തമായ നന്മയിൽ നിങ്ങൾ വിസ്മയഭരിതരാകും. രാവും പകലും ദൈവം നിങ്ങൾക്കുവേണ്ടി ചെയ്യുന്ന സകലതും തിരിച്ചറിയുന്ന ഈ മഹത്തായ അനുഭവം നഷ്ടപ്പെടുത്തരുത്. അവിടുത്തെ കരുണയുടെ സമൃദ്ധിക്കുനേരെ കണ്ണടയ്ക്കരുത്. നിങ്ങളുടെമേലും മറ്റുള്ളവരുടെമേലും അവിടുന്ന് സമൃദ്ധമായി ചൊരിയുന്ന കരുണാർദ്രമായ സ്നേഹം കാണാൻ നിങ്ങൾ മനസ്സുതുറക്കുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. ഈ കരുണയിൽ നിങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുക; ആ തിരിച്ചറിവ് നിങ്ങളിൽ ആഴമായ കൃതജ്ഞതയുള്ള ഒരു ഹൃദയം വളർത്താൻ അനുവദിക്കുക.
എന്റെ കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങ് ചെയ്തിട്ടുള്ള സകലതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു; എന്നിൽ അങ്ങ് തുടർന്നും ചെയ്യാനിരിക്കുന്ന സകലതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ കരുണാർദ്രമായ സ്നേഹത്തെയും എന്റെമേലും അങ്ങയുടെ എല്ലാ മക്കളുടെമേലും അങ്ങ് ചൊരിയുന്ന എണ്ണമറ്റ അനുഗ്രഹങ്ങളെയും കുറിച്ച് കൂടുതൽ കൂടുതൽ ബോധവാനാകാൻ എന്നെ സഹായിക്കണമേ. എനിക്കു ചുറ്റും അങ്ങയുടെ കരവേലകൾ കാണുമ്പോൾ, എന്റെ ഹൃദയത്തെ ആത്മാർഥമായ കൃതജ്ഞതയാൽ നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ പ്രാർഥിക്കുന്നു
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




