മലയാളം

വിചിന്തനം 254: ദൈവീകരണം

ചിത്രം: Pixabay വഴി

വീഡിയോ

നമ്മുടെ ജീവിതത്തിലെ വിളിയെ ദൈവീകരണത്തിലേക്കുള്ള വിളി എന്നു വിശേഷിപ്പിക്കാം.  എന്താണ് ഇതിന്റെ അർഥം?  നമ്മെ തന്റെ ജീവനിലേക്കുതന്നെ അടുപ്പിക്കാനായി ദൈവം ഭൂമിയിലേക്കു വന്ന് നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ചു എന്നാണ് ഇതിനർഥം.  ഒരർഥത്തിൽ, ദൈവമായിത്തീരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.  “ദൈവീകരണം” എന്ന ഈ ആശയം ഇരേണിയൂസ്, രക്തസാക്ഷിയായ ജസ്റ്റിൻ, അത്തനാസിയൂസ്, അലക്സാണ്ട്രിയായിലെ ക്ലെമന്റ്, വിശുദ്ധ അഗസ്റ്റിൻ തുടങ്ങിയ ആദിമ സഭാപിതാക്കന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു.  നമ്മുടെ സ്വഭാവം ദൈവികമായിത്തീരുന്നു എന്ന അർഥത്തിലല്ല നാം ദൈവമായിത്തീരേണ്ടത്; അങ്ങനെ പറയുന്നത് പാഷണ്ഡതയായിരിക്കും.  മറിച്ച്, അവിടുത്തെ ദൈവികജീവനിൽ പങ്കുചേർന്ന്, പരിപൂർണ്ണ ഐക്യത്തിൽ അവിടുത്തോടു ഒന്നായിത്തീരുന്നു എന്ന അർഥത്തിലാണ് ദൈവമായിത്തീരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നത്.  ദൈവം ഒരു സമുദ്രവും നാം ആ സമുദ്രത്തിൽ നിമജ്ജനം ചെയ്യപ്പെട്ട ഒരു ജലത്തുള്ളിയും ആയിരിക്കുന്നതുപോലെയാണത്.  നമ്മെ പ്രതിനിധാനം ചെയ്യുന്ന ആ ജലത്തുള്ളിയിലെ പ്രത്യേക കണികകൾ അതേ ഒരു തുള്ളിയായിത്തന്നെ നിലനിൽക്കുമ്പോഴും, ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന സമുദ്രത്തിലെ ജലം അതിനെ ഉൾക്കൊള്ളുന്നു.  നാം ദൈവത്തിൽ ജീവിക്കുന്നതുപോലെ ദൈവം നമ്മിലും ജീവിക്കത്തക്കവിധം അവിടുത്തോടുള്ള നമ്മുടെ ഐക്യം അത്രമേൽ പൂർണ്ണമായിത്തീരണം (കാണുക ഡയറി #1289).

ദൈവീകരിക്കപ്പെടാനുള്ള നിങ്ങളുടെ വിളിയെക്കുറിച്ച് ധ്യാനിക്കുക.  കരുണാമയനായ നമ്മുടെ ദൈവവുമായി നാം പുലർത്താൻ വിളിക്കപ്പെട്ടിരിക്കുന്ന ആഴമേറിയ ഐക്യത്തെ പ്രകടിപ്പിക്കുന്ന ഈ ആശയം നമ്മുടെ ക്രൈസ്തവ വിളിയുടെ അന്തഃസത്തയിലേക്കാണ് വിരൽചൂണ്ടുന്നത്.  നിങ്ങൾ അവിടുത്തെ ജീവനിൽ പങ്കുചേരണമെന്നും എല്ലാ വിധത്തിലും അവിടുത്തോടു ഒന്നാകണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.  ഇതു മനസ്സിലാക്കാൻ പ്രയാസമായിരിക്കാമെങ്കിലും, വിശ്വാസത്തോടെ ഇതു നിങ്ങളുടെ വിളിയായി സ്വീകരിക്കണം.  ഇന്ന് ഈ ആശയത്തെക്കുറിച്ച് ധ്യാനിക്കുക. അവിടുത്തോടു ഒന്നാകാനും അവിടുത്തെ ജീവനിൽത്തന്നെ പങ്കുചേരാനുമായി നിങ്ങൾ നിങ്ങളെത്തന്നെ അവിടുത്തേക്കു സമർപ്പിക്കുന്നുവെന്ന് നമ്മുടെ കർത്താവിനോടു പറയുക.

കർത്താവേ, അങ്ങയുടെ പരിപൂർണ്ണ തിരുഹിതത്തിനും സമൃദ്ധമായ കരുണയ്ക്കും അനുസൃതമായി എന്റെ അടുക്കൽ വന്ന് എന്നെ ദൈവീകരിക്കണമേ.  ജീവിതത്തിൽ ഇത്ര മഹത്വപൂർണ്ണവും ഉന്നതവുമായ ഒരു വിളിയിലേക്ക് എന്നെ ക്ഷണിച്ചതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു; അങ്ങയുടെ ഈ ക്ഷണം ഞാൻ സ്വീകരിക്കുന്നു.  പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്. എന്നെ രൂപാന്തരപ്പെടുത്തണമേ, എന്നെ ദഹിപ്പിക്കണമേ, അങ്ങയുടെ തിരുഹിതംപോലെ എന്നിൽ പ്രവർത്തിക്കണമേ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ പ്രാർഥിക്കുന്നു

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ