കാരുണ്യത്തിന്റെ ഏഴ് പ്രവൃത്തികൾ, റൈക്സ്മ്യൂസിയം
ചിലർ ജീവിതത്തിൽ കടുത്ത അസ്വസ്ഥതകൾ അനുഭവിക്കുന്നു; തങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അവർക്ക് കഴിയുന്നില്ലെന്നു തോന്നുന്നു. ആശ്വാസം പകരുന്ന എന്തെങ്കിലും അവർ നിരന്തരം തേടിക്കൊണ്ടിരിക്കുന്നു എന്ന അർത്ഥത്തിൽ അവർ “ആവശ്യങ്ങളാൽ വലയുന്നവരാണ്”. സമ്പത്തോ മറ്റു തരത്തിലുള്ള ഭൗമിക ആശ്വാസങ്ങളോ ആണ് തങ്ങൾക്കു വേണ്ടതെന്ന് അവർ വിശ്വസിച്ചേക്കാം. എന്നാൽ തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഉത്തരം കർത്താവാണെന്ന് അവർ തിരിച്ചറിയുന്നില്ല. അലഞ്ഞുതിരിയുന്ന ഈ ആത്മാക്കളിലേക്കാണ് നമ്മുടെ കരുണ പ്രത്യേകമായി തിരിയേണ്ടത്. സൗമ്യമായ സാന്നിധ്യത്തിലൂടെ, അവരെ സ്വീകരിക്കുന്ന ഒരു ഹൃദയവും അവരുടെ വാക്കുകൾ കേൾക്കാനുള്ള സന്നദ്ധതയും നൽകുന്നത് അവർക്ക് ദൈവകരുണ പകർന്നുനൽകാനുള്ള ഒരു മാർഗമാണ്. ജീവിതത്തിൽ കനത്ത ഭാരങ്ങൾ വഹിക്കുന്നവർ, നാം അവരെ കരുതുന്നുവെന്നും അവരുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും തിരിച്ചറിയുമ്പോൾ, തങ്ങളുടെ മുറിവുകളും ക്ലേശങ്ങളും വെളിപ്പെടുത്തിക്കൊണ്ട് നമ്മുടെ മുമ്പിൽ ഹൃദയം തുറക്കാനുള്ള അവസരം പലപ്പോഴും പ്രയോജനപ്പെടുത്തും. അവരെ സുഖപ്പെടുത്തുകയോ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്യുക എന്നതല്ല പ്രധാനമായും നമ്മുടെ ഉത്തരവാദിത്വം. നാം അവരെ കരുതുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും അവരെ അറിയിക്കുക എന്നതു മാത്രമാണ് മിക്കപ്പോഴും നമ്മുടെ ഉത്തരവാദിത്വം. സ്നേഹത്തിന്റെയും സ്വീകരണത്തിന്റെയും ഈ പ്രവൃത്തി ഈശോയുടെ ഹൃദയത്തിൽനിന്ന് നമ്മിലൂടെ ഒഴുകുന്ന അസാധാരണമായ കാരുണ്യത്തിന്റെ പ്രവൃത്തിയാണ് (കാണുക ഡയറി #1282).
ജീവിതത്തിൽ അസ്വസ്ഥരും ഭാരങ്ങളാൽ വലയുന്നവരുമായ മറ്റുള്ളവരെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ അവരോട് എങ്ങനെ പെരുമാറുന്നു? അവരെ വിധിക്കുകയും വെറുക്കുകയും ചെയ്യുന്നുവോ? അതോ അവരുടെ വാക്കുകൾ കേൾക്കുകയും അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയും അവരെ സ്വീകരിക്കുന്ന കരുണയുള്ള ഒരു ഹൃദയം അവർക്ക് നൽകുകയും ചെയ്യുന്നുവോ? ഈ ചോദ്യത്തെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളിലൂടെ ദൈവത്തിന്റെ സ്നേഹവും സ്വീകരണവും അനുഭവിച്ചറിയേണ്ടവരായി ദൈവം നിങ്ങളുടെ ജീവിതത്തിൽ നൽകിയിരിക്കുന്നവരെക്കുറിച്ച് ചിന്തിക്കുക. ഈ പ്രവൃത്തി അവഗണിക്കരുത്; കാരണം, ദൈവകരുണയുടെ ഒരു അപ്പസ്തോലനാകാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.
കർത്താവേ, അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിന്റെ ഒരു അപ്പസ്തോലനായി ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ ദൈവകരുണ ഏറ്റവുമധികം ആവശ്യമുള്ള ആത്മാക്കളോട് യഥാർത്ഥ അനുകമ്പയും അവരെ സ്വീകരിക്കാനുള്ള മനസ്സും എനിക്കു നൽകണമേ. അവരുടെ വാക്കുകൾ കേൾക്കാനും അവരെ മനസ്സിലാക്കാൻ ശ്രമിക്കാനും അങ്ങയുടെ തിരുഹൃദയത്തിന്റെ പ്രതിനിധിയായി അവർക്ക് തുണയായിരിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്കു നൽകുന്നു. അങ്ങയുടെ ഇഷ്ടംപോലെ എന്നെ ഉപയോഗിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ പ്രാർഥിക്കുന്നു
സെപ്റ്റംബർ 9 – പുരോഹിതനായ വിശുദ്ധ പീറ്റർ ക്ലാവറിന്റെ ഓർമ്മ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




