മലയാളം

ധ്യാനം 278: ദൈവകരുണയുടെ രഹസ്യങ്ങളിലേക്കുള്ള ജാലകങ്ങൾ

ചിത്രം

വീഡിയോ

ഈശോയുടെ ഹൃദയത്തിൽനിന്ന് കരുണയുടെ കിരണങ്ങൾ ഒഴുകുന്ന ഒരു ചിത്രം വരപ്പിക്കാൻ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. അവൾ അങ്ങനെ ചെയ്തു. ഈ ചിത്രത്തിലൂടെ അനേകം ആത്മാക്കൾ തന്നിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഈശോ അവൾക്ക് ഉറപ്പുനൽകി. ഈശോയും വിശുദ്ധ ഫൗസ്റ്റീനയും ഈ ചിത്രത്തിനു നൽകിയ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുന്നത് കൗതുകകരമാണ്. തീർച്ചയായും, അവിടുത്തെ മുറിവേറ്റ ഹൃദയത്തിൽനിന്ന് പ്രഭയോടെ ഒഴുകുന്ന കരുണയെക്കുറിച്ച് ഈ ചിത്രം ഒട്ടേറെ കാര്യങ്ങൾ പറയുന്നു. ഇതിനെ കൂടുതൽ പൊതുവായ രീതിയിൽ ചിന്തിക്കുന്നതും ഉൾക്കാഴ്ച നൽകുന്നതാണ്; അതായത്, ഏതുതരത്തിലുള്ള വിശുദ്ധ ചിത്രവും കരുണയുടെ ഒരു ഉറവിടമായി മാറാം. വിശുദ്ധ കലയ്ക്ക് ഒരു ഭാഷയുണ്ട് എന്നതാണ് ഇതിനു കാരണം. അത് സുവിശേഷസന്ദേശം പകർന്നുനൽകുന്നു. ഒരു വിശുദ്ധ ചിത്രം ധ്യാനിക്കുന്നത്, ദൈവം പുതിയൊരു വിധത്തിൽ സംസാരിക്കുന്നതു കേൾക്കാൻ നിങ്ങളുടെ ഹൃദയം തുറക്കുന്നു (കാണുക: ഡയറി #1379).

നിങ്ങളുടെ വീട്ടിലുള്ള സുവിശേഷചിത്രങ്ങളെക്കുറിച്ച് ചിന്തിക്കുക. അവ ധാരാളമുണ്ടോ, അതോ വളരെ കുറച്ചേയുള്ളോ? സുവിശേഷസന്ദേശം പ്രതിഫലിപ്പിക്കുന്ന വിശുദ്ധ ചിത്രങ്ങൾകൊണ്ട് നിങ്ങളുടെ വീട് നിറയ്ക്കാൻ മടിക്കരുത്. ഈ ചിത്രങ്ങളുടെ മുമ്പിൽ പ്രാർഥനയിൽ സമയം ചെലവഴിക്കുന്നതും പ്രധാനമാണ്. നമ്മുടെ കർത്താവ് വിശുദ്ധ ഫൗസ്റ്റീനയോട് വരപ്പിക്കാൻ ആവശ്യപ്പെട്ട ദൈവകരുണയുടെ ചിത്രം കണ്ടെത്താൻ ഇന്ന് അല്പസമയം മാറ്റിവയ്ക്കുക. അതിലേക്കു നോക്കിയും അതിനെ “ശ്രവിച്ചും” നിശ്ശബ്ദമായി സമയം ചെലവഴിക്കുക. ഈ ചിത്രത്തിലൂടെ ദൈവം നിങ്ങളോട് എന്താണ് പറയുന്നത്? അവിടുത്തെ മുറിവേറ്റ ഹൃദയത്തിൽനിന്ന് രക്തത്തിന്റെയും ജലത്തിന്റെയും കിരണങ്ങൾ പ്രഭയോടെ പുറപ്പെടുന്നതിലൂടെ, തന്റെ കരുണയുടെ അടിസ്ഥാനസന്ദേശം അവിടുന്ന് തീർച്ചയായും അറിയിക്കും. ഈ കിരണങ്ങൾ ഭൂമിയെ പൊതിയുകയും രാവും പകലും നിങ്ങളുടെമേൽ പ്രകാശിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ചിത്രത്തിലൂടെ ദൈവം നിങ്ങളോട് മറ്റെന്താണ് പറയുന്നത്? ഈ ചിത്രത്തിലേക്കും മറ്റു വിശുദ്ധ ചിത്രങ്ങളിലേക്കും പ്രാർഥനാപൂർവം നോക്കി സമയം ചെലവഴിക്കുന്നത്, ദൈവം തന്റെ സ്നേഹത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതു കേൾക്കാൻ നിങ്ങളെ പ്രാപ്തരാക്കും.

കർത്താവേ, അങ്ങയെ ചിത്രീകരിക്കുന്ന ഏതൊരു രൂപവും യാഥാർഥ്യത്തോടു താരതമ്യപ്പെടുത്തുമ്പോൾ ഒരു തുള്ളി വെള്ളം മാത്രമാണെന്ന് ഞാൻ അറിയുന്നു. വിശുദ്ധ ചിത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന പവിത്രതയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, അങ്ങയുടെ പരിപൂർണ സ്നേഹത്തിന്റെയും കരുണയുടെയും യാഥാർഥ്യത്തിലേക്ക് ആകർഷിക്കപ്പെടാൻ എന്റെ പ്രാർഥനയിൽ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, കലയുടെയും കൃപയുടെയും ഈ നിധികളിലൂടെ ഞാൻ അങ്ങയെ കണ്ടുമുട്ടുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധർ – വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക, കന്യക

വാഴ്ത്തപ്പെട്ട ഫ്രാൻസിസ് സേവ്യർ സീലോസ്, വൈദികൻ

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.

ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ