മലയാളം

ധ്യാനചിന്ത 280: ദൈവത്തെ അവഗണിക്കുന്നത്

മാലാഖമാരുടെ കൈകളിൽനിന്ന് വിശുദ്ധ കുർബാന സ്വീകരിക്കുന്ന വിശുദ്ധ സ്റ്റാനിസ്ലാസ് കോസ്ത്ക, രചന: ജാൻ വാൻ ക്ലീവ്

വീഡിയോ

നിങ്ങൾ ദൈവത്തെ അവഗണിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് വളരെ എളുപ്പമാണ്; അതുകൊണ്ടുതന്നെ അത് വളരെ സാധാരണവുമാണ്. ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പലപ്പോഴും ദൈവം അവഗണിക്കപ്പെടുന്നു. അവിടുത്തെ സ്വീകരിക്കാനായി മുന്നോട്ടു വരുന്നത് പലർക്കും ഒരു പതിവായി മാറുന്നു; പലവിധ ശ്രദ്ധാവ്യതിചലനങ്ങളോടെയും ഈ കൂടിക്കാഴ്ചയുടെ പവിത്രതയ്ക്ക് വളരെ കുറച്ചു ശ്രദ്ധ മാത്രം നൽകിക്കൊണ്ടുമാണ് അവർ അങ്ങനെ ചെയ്യുന്നത്. ഈ ശീലത്തിലേക്കു വീഴാൻ നിങ്ങളെത്തന്നെ അനുവദിക്കരുത്. ദിവ്യകാരുണ്യത്തിൽ നമ്മുടെ കർത്താവിനെ സ്വീകരിക്കുന്നത് അത്യന്തം ഉറ്റതായ ഒരു കൂടിക്കാഴ്ചയായി മാറണം. ഈ നിമിഷത്തിൽ നമ്മുടെ ആത്മാക്കൾ ഒന്നായി ലയിക്കുന്നു; ഈ യാഥാർഥ്യത്തെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. നമ്മുടെ കർത്താവുമായി നമുക്കുണ്ടാകാവുന്ന ഏറ്റവും ആഴമേറിയ കൂടിക്കാഴ്ചയാണ് ദിവ്യകാരുണ്യസ്വീകരണമെങ്കിലും, എല്ലായ്‌പോഴും അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് നമുക്ക് ആഴമായ ബോധ്യമുണ്ടായിരിക്കണം. അവിടുത്തോടു പ്രാർഥിക്കുമ്പോൾ, പ്രാർഥനകൾ ചൊല്ലുക മാത്രമല്ല, അവിടുത്തെ മഹിമയേറിയ സാന്നിധ്യത്തിലേക്ക് ആകർഷിക്കപ്പെടാനും അവിടുത്തെ കരുണയിൽ പൂർണമായി ആഴ്ന്നിറങ്ങാനും നാം നമ്മെത്തന്നെ അനുവദിക്കണം. ദിവസത്തിലെ ഓരോ കാര്യവും ചെയ്യുമ്പോൾ, അവിടുന്ന് നമ്മോടൊപ്പം നടക്കുകയും നമ്മെ നയിക്കുകയും നമ്മോടു സംസാരിക്കുകയും ചെയ്യുന്നുവെന്ന ബോധ്യം നമുക്ക് നിരന്തരം ഉണ്ടായിരിക്കണം. നമ്മുടെ കർത്താവിനെ അവഗണിക്കരുത്. ചിലപ്പോഴൊക്കെ നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടെന്നു കണ്ടെത്തിയാൽ, അല്ലെങ്കിൽ അത് ഒരു പതിവായി മാറിയിട്ടുണ്ടെങ്കിൽ, അതിനു വിപരീതമായ ശീലം വളർത്തിയെടുക്കാൻ കഴിയുമെന്ന് അറിയുക. നിങ്ങളുടെ ഉള്ളിലും ചുറ്റുമെങ്ങും അവിടുത്തെ സാന്നിധ്യം തിരിച്ചറിയാൻ പതിവായി മനഃപൂർവം തീരുമാനിക്കുന്നത്, ഓരോ ദിവസവും അവിടുത്തെ കരുണയിൽ നടക്കാനുള്ള വഴി നിങ്ങൾക്കു തുറന്നുതരും (കാണുക ഡയറി #1385).

നമ്മുടെ കർത്താവിന് നിങ്ങൾ എത്രമാത്രം ശ്രദ്ധ നൽകുന്നുവെന്ന് കഴിയുന്നത്ര സത്യസന്ധമായി ചിന്തിക്കുക. പ്രത്യേകിച്ച്, ദിവ്യകാരുണ്യസ്വീകരണത്തിൽ അവിടുന്ന് നിങ്ങളുടെ അടുക്കലേക്കു വരുമ്പോൾ നിങ്ങൾ അവിടുത്തെ എത്രമാത്രം ശ്രദ്ധിക്കുന്നുവെന്ന് ചിന്തിക്കുക. അവിടുത്തെ അന്വേഷിക്കുക, അവിടുത്തെ ശ്രവിക്കുക, അവിടുത്തെ സ്വീകരിക്കുക; അപ്പോൾ നിങ്ങളുടെ ജീവിതം ഒരു പുതിയ ദിശയിലേക്കു നീങ്ങും.

കർത്താവേ, ചിലപ്പോഴൊക്കെ ഞാൻ അങ്ങയെ അവഗണിക്കുന്നുവെന്നും എന്റെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ സംസാരിക്കുന്ന അങ്ങയുടെ സൗമ്യവും പരിശുദ്ധവുമായ സ്വരത്തിനു ശ്രദ്ധ നൽകുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും എനിക്കറിയാം. എണ്ണമറ്റ വഴികളിലൂടെ അങ്ങ് എന്റെ അടുക്കലേക്കു വരുമ്പോൾ അങ്ങയെ ഉചിതമായി വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നില്ലെന്ന് എനിക്കറിയാം. അങ്ങ് സമീപത്തുണ്ടെന്ന് എപ്പോഴും തിരിച്ചറിയുന്ന ഒരു വിശുദ്ധ ശീലം വളർത്തിയെടുക്കാൻ എനിക്കു കൃപ നൽകണമേ. ഈ ശീലം വളർത്തിയെടുക്കുമ്പോൾ, പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ എനിക്കു കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒക്ടോബർ 7 – ജപമാല രാജ്ഞിയായ പരിശുദ്ധ കന്യകാമറിയം—അനുസ്മരണം

ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ